റഷ്യയുമായി ബന്ധപ്പെട്ടവര്‍ ഫെയ്‌സ്ബുക്കിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ സെനറ്റിന് മുന്നില്‍ സക്കര്‍ബര്‍ഗ്

Wed,Apr 11,2018


വാഷിങ്ടണ്‍/ കാപ്പിറ്റല്‍ ഹില്‍: റഷ്യയുമായി ബന്ധപ്പെട്ടവര്‍ ഫെയ്‌സ്ബുക്കിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ കമ്പനി നിരന്തര പോരാട്ടത്തിലാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ്. ചൊവ്വാഴ്ച വിവര ചോര്‍ച്ച വിഷയവുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന് മുന്നില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന സക്കര്‍ബര്‍ഗിന്റെ വിശദീകരണ കുറിപ്പിലെ വാചകങ്ങള്‍ അദ്ദേഹം സെനറ്റിന് മുന്നിലും ആവര്‍ത്തിച്ചു. ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും. അത് വലിയ തെറ്റാണെന്നും. ഫെയ്‌സ്ബുക്കില്‍ നടക്കുന്നതിന്റേയെല്ലാം ഉത്തരവാദിത്വം തനിക്കാണെന്നും സക്കര്‍ബര്‍ഗ് സെനറ്റിന് മുന്നില്‍ പറഞ്ഞു.

വ്യാജ വാര്‍ത്ത, തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകള്‍, വിദ്വേഷ പ്രസംഗം, വിവരങ്ങളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചപറ്റിയെന്നും സക്കര്‍ബര്‍ഗ് സമ്മതിച്ചു. കേംബ്രിജ് അനലറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട സെനറ്റ് അംഗങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ചൊവ്വാഴ്ച നടന്നത്. സക്കര്‍ബര്‍ഗിനൊപ്പം സഹപ്രവര്‍ത്തകരും സെനറ്റിന് മുന്നിലെത്തിയിരുന്നു. ബുധനാഴ്ച വീണ്ടും സെനറ്റിന് മുന്നില്‍ ഫെയ്‌സ്ബുക്ക് സംഘം ഹാജരാവും.

സാമൂഹ്യമാധ്യമം എങ്ങനെ നിയന്ത്രിക്കാം എന്നതുമായി ബന്ധപ്പെട്ടും ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തന രീതികള്‍, സുരക്ഷ എന്നിവയെ കുറിച്ചുമുള്ള നൂറുകണക്കിന് ചോദ്യങ്ങള്‍ സക്കര്‍ബര്‍ഗിന് നേരിടേണ്ടിവന്നു. പലചോദ്യങ്ങള്‍ക്കും സക്കര്‍ബര്‍ഗിന് ഉത്തരം മുട്ടി. നിങ്ങള്‍ കഴിഞ്ഞ രാത്രി ഉറങ്ങിയ ഹോട്ടല്‍ ഏതാണെന്ന് ഞങ്ങളോട് പറയുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? എന്ന സെനറ്റ് അംഗം ഡിക്ക് ഡര്‍ബിന്റെ ചോദ്യത്തിന് നിമിഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം 'ഇല്ല' എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ മറുപടി. ഈ ആഴ്ച നിങ്ങള്‍ ആര്‍ക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍, അവരുടെയെല്ലാം പേരുകള്‍ നിങ്ങള്‍ ഞങ്ങളോട് പങ്കുവെക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. അതിന് കൃത്യമായി മറുപടി പറയാതെ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

നിയന്ത്രണങ്ങള്‍ തനിക്കും ബാധകമാണെന്ന് പറഞ്ഞ സക്കര്‍ബര്‍ഗ്, സോഷ്യല്‍ മീഡിയയ്ക്ക് മേലുള്ള സങ്കീര്‍ണമായ നിയമങ്ങള്‍ വളര്‍ന്നുവരുന്ന സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. 'ഇന്റര്‍നെറ്റിന് ജനങ്ങളുടെ ജീവിതത്തില്‍ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ശരിയായ നിയന്ത്രണം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണ്.' അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന പ്രത്യേക ഉപദേഷ്ടാവുമായി സഹകരിക്കുന്നുണ്ടെന്നും. അദ്ദേഹം ഫെയ്‌സ്ബുക്ക് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയതായും സക്കര്‍ബര്‍ഗ് പറഞ്ഞു.

വ്യാജ വാര്‍ത്താ പ്രചരണം, തിരഞ്ഞെടുപ്പുകളിലെ ഇടപെടല്‍ എന്നിവയ്ക്കായി ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. സുരക്ഷ, ഉള്ളടക്ക വിശകലനം എന്നിവയ്ക്കായി 20,000 ജീവനക്കാരെ നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് സെനറ്റിനെ അറിയിച്ചു.

Other News

 • ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ഫോര്‍ട്ടിസിനെ മലേഷ്യന്‍ കമ്പനിയായ ഐഎച്ച്എച്ച് ഏറ്റെടുക്കുന്നു
 • തങ്ങളുടെ 200 ബില്ല്യണ്‍ ഉത്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കി
 • പൗഡര്‍ കാൻസറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ
 • നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍നിന്ന് ആഭരണം വാങ്ങിയ അതിസമ്പന്നര്‍ നിരീക്ഷണത്തില്‍
 • ചൈന ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുന്നു
 • യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കുന്നപക്ഷം ബ്രിട്ടനുമായുള്ള വ്യാപാരബന്ധം റദ്ദാക്കുമെന്ന് ട്രമ്പ്
 • മൊബൈല്‍ സേവന ദാതാക്കളെ സ്വാധീനിച്ച് വില്‍പ്പന വര്‍ധിപ്പിച്ചെന്ന് ആപ്പിളിനെതിരെ ആരോപണം
 • വ്യാപാരയുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന മുന്നറിയിപ്പുമായി യു.എസ്; 200 ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി
 • വ്യാജപ്രചാരണം: കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ നോട്ടീസ്
 • സാംസങ്ങിന്റെ ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണയൂണിറ്റ് നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു
 • ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയതിനെതിരെ സൈറസ്​ മിസ്​ട്രി നല്‍കിയ ഹര്‍ജികോടതി തള്ളി
 • Write A Comment

   
  Reload Image
  Add code here