ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു
Thu,Aug 09,2018

ഹൈദരാബാദ്: സ്വീഡിഷ് ഹോം ഫര്‍ണിഷിങ് കമ്പനിയായ ഐക്കിയയ്ക്കു പിന്നാലെ യുഎഇയിലെ ഡാന്യൂബ് ഹോമും ഇന്ത്യയില്‍ ഷോറുമുകള്‍ തുറക്കുന്നു.
രാജ്യത്തെ ആദ്യത്തെ സ്റ്റോര്‍ ഹൈദരാബാദില്‍ ഔദ്യോഗികമായി തുറന്നതായി ഐക്കിയ അറിയിച്ചു. ടെക്നോളജി ഹബ്ബായ ഹൈടെക് സിറ്റിയിലാണ് ഷോറും തുറന്നത്.
13 ഏക്കര്‍ വിസ്തൃതിയിലുള്ള ഷോറൂമില്‍ 7,500ലേറെ ഉത്പന്നങ്ങളാണുള്ളത്. 200 രൂപയില്‍ താഴെ വിലയുള്ള 1000ത്തോളം ഉത്പന്നങ്ങളുണ്ട്. അടുക്കള ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ഉള്പ്പടെയുള്ളവയാണത്. 2025ഓടെ 25ലേറെ ഷോറൂമുകള്‍ രാജ്യത്ത് തുറക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹോം ഫര്‍ണിഷിങ് കമ്പനിയായ ഡാന്യൂബ് ഹൈടെക് സിറ്റിക്കു സമീപമുള്ള കൊതഗുഡയിലാണ് ആദ്യത്തെ ഷോറൂം തുറക്കുക. വരുന്ന സെപ്റ്റംബറിലാകും ഡാന്യൂബ് ഹോം ഷോപ്പ് തുറക്കുകയെന്ന് തെലുങ്കാന സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡാന്യൂബിന്റെ 30 ഷോറൂമുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുമെന്ന് ഡയറക്ടര്‍ അദല്‍ സജന് വ്യക്തമാക്കി. ഇതിനായി 300 മില്യണ്‍ ദിര്‍ഹമാണ് നിക്ഷേപംനടത്തുക.
വടക്കന്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായി ഡാന്യൂബിന് നിലവില്‍ 25 ലധികം ഷോറൂമുകളുണ്ട്. അബുദാബിയില്‍ കഴിഞ്ഞ മെയില്‍ 75,0000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂം തുറന്നിരുന്നു. 30,000ലധികം ഹോം ഫര്‍ണിഷിങ് ഉത്പന്നങ്ങളാണ് ഡാന്യൂബിന്റെ ഷോറുമുകളിലുള്ളത്.