സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍

Wed,Feb 06,2019


വെല്‍ഡിങ് ജോലികള്‍ ചെയ്യുന്ന അലബാമയിലെ ഒരു കമ്പനി പുതിയ ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങുന്നത് വൈകിപ്പിക്കുകയാണ്. ലൂസിയാനയില്‍ പുരുഷന്മാരുടെ ഒരു വസ്ത്രനിര്‍മ്മാണ ശാലയ്ക്ക് സ്യൂട്ടുകള്‍ക്കും വിലകൂടിയ സ്പോര്‍ട്സ് വസ്ത്രങ്ങള്‍ക്കും ലഭിക്കുന്ന ഓര്‍ഡറുകള്‍ കുറഞ്ഞു. കാലിഫോര്‍ണിയയിലെ ഒരു ഐ ടി കണ്‍സള്‍ട്ടിങ് സ്ഥാപനം പുതിയ ആള്‍ക്കാരെ ജോലിക്കു നിയമിക്കുന്നതിനുള്ള പദ്ധതി നീട്ടിക്കൊണ്ടുപോകുകയാണ്.
നല്ല വിജയമുണ്ടായ ഒരു വര്‍ഷത്തിന് ശേഷം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനും പുതിയ നിയമനങ്ങള്‍ നടത്തുന്നതിനുമുള്ള അവരുടെ പദ്ധതികള്‍ വളരെ ജാഗ്രതയോടെയാണ് നടപ്പാക്കുന്നത്. വില്‍പ്പന കുറയുന്നതിന്റെ ആദ്യ സൂചനകളോടുതന്നെ പലരും പ്രതികരിച്ചു തുടങ്ങി. മറ്റുപലരും തീരുവകള്‍, ധനവിപണിയിലെ അസ്ഥിരത, ഭരണ സ്തംഭനത്തിന്റെ അനന്തര ഫലങ്ങള്‍,2019ല്‍ സാമ്പത്തിക വളര്‍ച്ചയെ തടയാവുന്ന മറ്റുകാര്യങ്ങള്‍ എന്നിവയെ ഭയക്കുകയാണ്.
ചെറുകിട ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തികമായ ആത്മവിശ്വാസം വളരെയേറെ ചോര്‍ന്നുപോയ വര്‍ഷമായിരുന്നു 2018. ഈവര്‍ഷം ജനുവരി ആയപ്പോഴേക്കും അത് പ്രസിഡന്റ് ട്രംപ് തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതായാണ് വോള്‍ സ്ട്രീറ്റ് ജേണലിനായി 756 ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ (ഒരു മില്യണ്‍ ഡോളറിനും 20 മില്യണ്‍ ഡോളറിനും മദ്ധ്യേ വരുമാനമുള്ള) പങ്കെടുപ്പിച്ചുകൊണ്ട് വിസ്റ്റേജ് വേള്‍ഡ് വൈഡ് നടത്തിയ പ്രതിമാസ സര്‍വേയില്‍ തെളിഞ്ഞത്. 2019 ല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ 14 % മേയുള്ളു. സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് 36 % കരുതുന്നത്. 35 ദിവസങ്ങള്‍ നീണ്ടുനിന്ന ഭരണ സ്തംഭനം അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സര്‍വേ പൂര്‍ത്തിയായത്.
ഒരുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സാമ്പത്തിക സ്ഥിതി മോശമാകുമെന്നു ചെറുകിട സ്ഥാപനങ്ങള്‍ ആശങ്കപ്പെടുന്നത് 2016 ലെ തെരെഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ്. വളര്‍ച്ചക്ക് പ്രതിബന്ധങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സമ്പദ്ഘടന പൊതുവിലെടുത്താല്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 304000 പേരാണ് പുതുതായി തൊഴിലാളികളായത്.
ട്രംപ് ഭരണത്തില്‍ തങ്ങളുടെ ബിസിനസ് സാധ്യതകള്‍ മെച്ചപ്പെട്ടതായാണ് 42 % പേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ 2018 ജനുവരിയില്‍ അങ്ങനെ പറഞ്ഞവര്‍ 52 % മുണ്ടായിരുന്നു. ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്നു 34 % അഭിപ്രായപ്പെട്ടപ്പോള്‍ തങ്ങളുടെ ബിസിനസ് വീക്ഷണത്തെത്തന്നെ ട്രംപ് ഭരണം ഹനിച്ചുവെന്നാണ് സര്‍വേക്ക് വിധേയമാക്കിയ നാലിലൊരു ഭാഗം ചെറുകിട ബിസിനസ് സ്ഥാപനങ്ങളും പറഞ്ഞത്.
അലബാമയിലെ ടസ്‌കലൂസായിലുള്ള അറ്റ്ലസ് വെല്‍ഡിങ് സപ്ലൈ കമ്പനിയില്‍ 2018 ല്‍ വില്‍പ്പന 30 % നിരക്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു വര്‍ദ്ധനയുമുണ്ടായില്ല. വ്യവസായങ്ങള്‍ക്കാവശ്യമായ വാതകവും വെല്‍ഡിങ് സാമഗ്രികളും വിതരണം ചെയ്യുന്ന 28 പേര്‍ പണിയെടുക്കുന്ന ഒരു സ്ഥാപനമാണത്. ഇപ്പോള്‍ അന്വേഷണങ്ങളൊക്കെയുണ്ടെങ്കിലും ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ അടുത്തെങ്ങുമുള്ള നിരക്കില്‍ വില്‍പ്പന നടക്കുന്നില്ല. കഴിഞ്ഞ മൂന്നു മാസങ്ങളായി കസ്റ്റമേഴ്സ് അവരുടെ ബില്‍ തുകകള്‍ നല്‍കുന്നതിലും കാലതാമസം വരുത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ പണം ബിസിനസിനായി മുടക്കുന്ന കാര്യത്തില്‍ വളരെ കരുതലോടെയുള്ള ഒരു സമീപനമാണ് ചീഫ് എക്സിക്യൂട്ടീവ് ബില്‍ വിസിന്റൈനെര്‍ സ്വീകരിച്ചിട്ടുള്ളത്.കസ്റ്റമേഴ്സ് ഓര്‍ഡര്‍ നല്‍കിയതിന് ശേഷം മാത്രമേ പുതിയ ഹൈ പ്രഷര്‍ സിലിണ്ടറുകള്‍ വാങ്ങുന്നുള്ളു. മുമ്പ് നല്ല ഡിമാന്‍ഡ് പ്രതീക്ഷിച്ചു അവ വാങ്ങി സംഭരിക്കുമായിരുന്നു. ബിസിനസില്‍ അദ്ദേഹത്തിനുള്ള പ്രതീക്ഷകള്‍ മങ്ങുകയാണ്. രാഷ്ട്രീയ കുഴപ്പങ്ങളും പലിശനിരക്കുകളില്‍ സംഭവിച്ചേക്കാവുന്ന വര്‍ദ്ധനവും സമ്പദ്ഘടന ഒരു മാന്ദ്യത്തിലേക്കു പോകുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നതും തന്റെ കസ്റ്റമേഴ്സിനെ പരിഭ്രാന്തരാക്കുമെന്നാണ് അദ്ദേഹം ഭയക്കുന്നത്.
പല ചെറുകിട ബിസിനസ് സ്ഥാപനങ്ങളും വളരെ ശുഭാപ്തി വിശ്വാസമുള്ളവരായി കാണപ്പെടുന്നുണ്ട്. ലാസ് വേഗാസിലെ ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സൗത്ത് വെസ്റ്റ് ജിയോ ടെക്നിക്കല്‍ 35 പേര്‍ പണിയെടുക്കുന്ന സ്ഥാപനമാണ്. ഈ വര്‍ഷം ഒരു ഡസന്‍ ജീവനക്കാരെക്കൂടി തൊഴിലിനായി നിയമിക്കും. 2018ല്‍ ഒരു ഡസനിലധികം പേരെ നിയമിച്ചിരുന്നു. പാര്‍പ്പിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണത്. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്കുള്ള ലാബ് ടെസ്റ്റിംഗ് ഉപകരണം വാങ്ങുന്നതിനു 150000 ഡോളര്‍ മുടക്കുന്നതിനും സ്ഥാപനം ഉദ്ദേശിക്കുന്നു. നല്ല വിജയമുണ്ടാകുന്ന ഒരു വര്‍ഷമായിരിക്കും ഇതെന്നാണ് ബില്‍ഡര്‍മാര്‍മാരുടെ പ്രതീക്ഷയെന്നാണ് കമ്പനിയുടമയായ ജസ്റ്റിന്‍ സ്ട്രാട്ടന്‍ പറഞ്ഞത്.
പൊതുവില്‍ ഈ വര്‍ഷം നല്ല ബിസിനസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ 66 % മെന്നാണ് വിസ്റ്റേജ് സര്‍വേയില്‍ തെളിഞ്ഞത്. എന്നാല്‍ 2018 ജനുവരിയില്‍ ഇങ്ങനെയുള്ള പ്രതീക്ഷ പുലര്‍ത്തിയ സ്ഥാപനങ്ങള്‍ 83 % മുണ്ടായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പഴയ കരുത്തൊന്നുമില്ല. സാന്‍ ഫ്രാന്‍സിസ്‌കോ പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതികവിദ്യ തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും താമസിക്കുന്നതിനുള്ള വീടുകള്‍ നല്‍കിയിരുന്ന ഒരു സ്ഥാപനമിപ്പോള്‍ മില്യണ്‍ കണക്കിന് ഡോളറിന്റെ കടത്തിലായി. കടം വീട്ടുന്നതിനായി ഒരു കെട്ടിടം വില്‍ക്കുന്നതിനുള്ള ശ്രമത്തിലാണ്. പുതിയ കെട്ടിടങ്ങള്‍ വാങ്ങുന്നതിനോ പഴയവ നവീകരിക്കുന്നതിനോ പണം മുടക്കാന്‍ കമ്പനി തയ്യാറല്ല. 18 പേര്‍ പണിയെടുക്കുന്ന സ്ഥാപനത്തിന്റെ മേധാവി പറഞ്ഞത് ബിസിനസ് അതിന്റെ പരമാവധിയില്‍ എത്തിയെന്നാണ്.
പുരുഷന്മാരുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന 95 വര്‍ഷം പഴക്കമുള്ള ഒരു സ്ഥാപനമാണ് ന്യൂ ഓര്‍ലീന്‍സിലെ റുബിന്‍സ്റ്റെയ്ന്‍സ്.കഴിഞ്ഞവര്‍ഷം സ്യൂട്ടുകള്‍ക്കും സ്പോര്‍ട്സ് വെയറുകള്‍ക്കും നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു. 2019 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 % ഓര്‍ഡറുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. 20 തൊഴിലാളികള്‍ പണിയെടുക്കുന്ന ആ സ്ഥാപനത്തിന്റെ മൂന്നാം തലമുറയില്‍പ്പെട്ട ഉടമയായ കെന്നി റുബിന്‍സ്റ്റെയ്ന്‍സ് പറയുന്നത് താനിപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. പകുതി ഭാഗത്തിന് ശുഭ പ്രതീക്ഷയുണ്ട്. മറുപകുതി ഭയചകിതനുമാണ്. കാലിഫോര്‍ണിയയിലെ സലീനസിലുള്ള ഒരു ഐ ടി കണ്‍സല്‍ട്ടന്റ് സ്ഥാപനമാണ് അല്‍വാരസ് ടെക്നോളജി ഗ്രൂപ്പ്. തീരുവകളുടെയും മറ്റു സാമ്പത്തിക അനിശിചിതത്വങ്ങളുടെയും ഫലമായി കാര്‍ഷിക ബിസിനസുകാരായ കമ്പനിയുടെ കസ്റ്റമേഴ്സ് ഇപ്പോള്‍ സോഫ്റ്റ്വെയറുകള്‍ക്കും ഹാര്‍ഡ്വെയറുകള്‍ക്കും നല്‍കുന്ന ഓര്‍ഡറുകള്‍ കുറിച്ചിരിക്കുകയാണ്. ഒരു വര്‍ഷം 15 -20 % വളര്‍ച്ച നേടിയിരുന്ന കമ്പനിയാണത്. അതിന് കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ശുഭ പ്രതീക്ഷകള്‍ കൈവിട്ട കമ്പനി ഇപ്പോള്‍ കരുതലോടെയാണ് നീങ്ങുന്നത്. 38 പേര്‍ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍ ഈ വര്‍ഷം 5 പേരെക്കൂടി നിയമിക്കുന്നതിനുള്ള തീരുമാനം തല്‍ക്കാലം നീട്ടിവെക്കുകയാണ്.
ഗോള്‍ഡ് സിസ്റ്റംസ് സാള്‍ട് ലേക് സിറ്റിയിലെ ഒരു ഗവണ്മെന്റ് കരാര്‍ സ്ഥാപനമാണ്. അതിന്റെ വരുമാനത്തിന്റെ പകുതിയും പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെയും മറ്റു ഫെഡറല്‍ ഏജന്‍സികളുടെയും ജോലികള്‍ ചെയ്യുന്നതിലൂടെയാണ് ലഭിക്കുന്നത്. ഭരണ സ്തംഭനത്തിന്റെ പരിണിത ഫലങ്ങള്‍ 2019 ലുടനീളം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഇപ്പോഴുണ്ടായ ഭരണ സ്തംഭനത്തിന്റെ നാളുകളില്‍ ലഭിക്കേണ്ടതായ കുടിശിക തുകകള്‍ അല്‍പ്പാപ്പമായി ലഭിച്ചുതുടങ്ങി.വീണ്ടുമൊരു ഭരണസ്തംഭനം കോണ്‍ഗ്രസ് ഒഴിവാക്കിയാല്‍പ്പോലും കഴിഞ്ഞ ഭരണസ്തംഭനത്തിന്റെ ആഘാതം വര്‍ഷം മുഴുവനും അനുഭവപ്പെടും.
വില്‍പ്പനയില്‍ സംഭവിക്കുന്ന കുറവുകളൊന്നും കണക്കിലെടുക്കാതെ ചില സ്ഥാപനങ്ങള്‍ ശുഭ പ്രതീക്ഷയോടെ ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമുണ്ട്. അതിലൊന്നാണ് ഒറിഗോണിലെ ബെന്‍ഡിലുള്ള വെബ് ഫുട് പെയിന്റിംഗ് കമ്പനി. മരപ്പണിയും പെയിന്റിംഗ് ജോലികളും നിര്‍വഹിക്കുന്ന 55 തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനമാണത്.കൂലിച്ചിലവില്‍ വര്‍ദ്ധനവുണ്ടാകുകയും ജനുവരിയില്‍ വില്‍പ്പനയില്‍ 5% കുറവുണ്ടാകുകയും ചെയ്തിട്ടും പോര്‍ട്ട് ലണ്ടിലേക്കു ബിസിനസ് വ്യാപിപ്പിച്ചു. കമ്പനിയുടെ സഹ സ്ഥാപകരായ രണ്ടു പേരും അവരുടെ വാര്‍ഷിക ബോണസോ ത്രൈമാസ ലാഭ വിഹിതമോ സ്വീകരിക്കുന്നില്ല. മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ വിലകുറഞ്ഞ സോഫ്റ്റ് വെയറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുന്നു. മാസത്തിലൊരിക്കല്‍ 2000 ഡോളര്‍ മുടക്കി നല്‍കുന്ന ഓഫിസ് ലഞ്ചും ഉപേക്ഷിച്ചു.

Other News

 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ
 • ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക്
 • Write A Comment

   
  Reload Image
  Add code here