ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!

Wed,Feb 06,2019


കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കേട്ടുകൊണ്ടിരുന്ന സൗദി ആരാംകോയുടെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. എണ്ണവില തകര്‍ന്നതിനാല്‍ സമ്പദ് വ്യവസ്ഥയുടെ എണ്ണ ആശ്രയത്വം കുറച്ചുകൊണ്ടുവന്ന് ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള നിക്ഷേപസാധ്യതകളായിരുന്നു ഇതുവരെ ആരാംകോയുടെ ഓഹരിവില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഖിയുടെ വധം, വ്യവസായികളുടെ തടവ്,യമനുമായുള്ള യുദ്ധം,ഖത്തറുമായുള്ള നയതന്ത്ര യുദ്ധം എന്നിവമൂലം വിദേശ നിക്ഷേപകര്‍ രാജ്യത്തെ കൈയ്യൊഴിയുകയും രാജ്യത്തിന്റെ കടബാധ്യതകള്‍ ഏറിവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2 ട്രില്ല്യണ്‍ ഡോളര്‍ മൂല്ല്യമുള്ള ആരാംകോയുടെ ഓഹരികള്‍ വില്‍ക്കാന്‍ സൗദി വീണ്ടും തയ്യാറാകുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറായി മാറും ഈ ഓഹരിവില്‍പ്പന.

ആരാംകോയുടെ ഏറ്റവും വലിയ പ്രത്യേകത, അത് ലോകത്തെ മൊത്തം എണ്ണ സമ്പത്തിന്റെ 16 ശതമാനം കൈകാര്യം ചെയ്യുന്ന സൗദി അറേബ്യ എന്ന പ്രബല എണ്ണ ഉത്പാദന രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സാണ് എന്നുള്ളതാണ്. 65,000 പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനമാണ് രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയും സംഭാവന ചെയ്യുന്നത്. ലോകത്തിന്റെ സ്ഥിതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ എണ്ണ ഒരു പ്രധാന ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോഴാണ് ഈ പതിനാറ് ശതമാനത്തിന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത്. ലോകത്തെ സംബന്ധിച്ചിടത്തോളം എണ്ണവില ഒരു ചെറിയ മീനല്ല! എണ്ണയില്‍ വഴുതി യെമന്‍,വെനിസ്വേല എന്നീ രണ്ട് രാഷ്ട്രങ്ങളാണ് ഈയടുത്ത് തകര്‍ന്നുവീണത്. ലോകത്ത് നടക്കുന്ന യുദ്ധങ്ങളുടെ കാരണങ്ങളില്‍ ഏറിയും കുറഞ്ഞും എണ്ണയുടെ അടിയൊഴുക്കുമുണ്ട്. അതുകൊണ്ടുതന്നെ ആരാംകോ വില്‍പ്പനയ്ക്ക് വക്കുന്ന പക്ഷം അതിന് ആവശ്യക്കാരേറുമെന്ന കാര്യം ഉറപ്പാണ്.

ആരാംകോ ആകര്‍ഷണമാകുന്നതിന് മറ്റൊരു കാരണം ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന അതിന്റെ ആസ്തികളാണ്. യു.എസിലെ ഏറ്റവും വലിയ മോട്ടിവ റിഫൈനറി, ലോകമെമ്പാടുമുള്ള മറ്റ് നൂറുകണക്കിന് ആസ്തികള്‍,യൂണിവേഴ്‌സിറ്റികള്‍, ലോബിയിംഗ് കമ്പനികള്‍, അവരുടെ കീഴിലുള്ള വിദഗ്ദ്ധരുടെ സംഘം, ലോകത്തെ ഒട്ടുമിക്ക മാധ്യമസ്ഥാപനങ്ങളേയും പണി ഒഴുക്കി സ്വാധീനിക്കല്‍ എന്നിവയെല്ലാം മറ്റ് രാജ്യങ്ങള്‍ക്ക് ആരാംകോയില്‍ താല്‍പര്യമുണ്ടാക്കുന്ന ഘടകങ്ങളാണ്.

എന്നാല്‍ ആരാംകോ വിട്ടുകൊടുക്കാതിരിക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിക്കുന്ന കാര്യം ഇതൊന്നുമല്ല എന്നതാണ് രസകരമായ കാര്യം. അത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും രാഷ്ട്രീയ അന്തര്‍നാടകങ്ങളും ലോകമറിയും എന്ന ഭീതിയാണ്. ആരാംകോ ലിസ്റ്റ് ചെയ്യുന്ന പക്ഷം എല്ലാ കണക്കുകളും നിക്ഷേപകരുടെ മുന്‍പില്‍ തുറന്നുവക്കേണ്ടിവരും. ഈ രീതിയാണെങ്കില്‍ ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജാക്കന്മാരുടെ ഭരണകൂടത്തിന് അന്യവുമാണ്. യെമനുമായുള്ള യുദ്ധം,പത്രപ്രവര്‍ത്തകന്റെ വധം തുടങ്ങി പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക് വഴുതി വീഴുന്ന പുതിയ ഭരണാധികാരി സല്‍മാന്‍ രാജകുമാരന്റെ അനുഭവസമ്പത്തില്ലായ്മ എന്ന അപകടമാണ് യഥാര്‍ത്ഥത്തില്‍ ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗ് വൈകിപ്പിക്കുന്നത്.

മുത്തച്ഛന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ മാതൃകയാക്കി പരിഷ്‌ക്കാരങ്ങളിലൂടെയും വെട്ടിപിടുത്തങ്ങളിലൂടെയും രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള രാജകുമാരന്റെ ശ്രമം പ്രതീക്ഷയ്ക്ക് വിപരീതമായ ഫലമാണുണ്ടാക്കിയത്. അന്തര്‍ദ്ദേശീയ രംഗത്ത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ന്നതോടൊപ്പം വിഷന്‍ 2030 എന്ന തന്റെ സ്വപ്‌ന പദ്ധതിയുടെ ഫണ്ടിംഗിനായി വിഭാവന ചെയ്ത ആരാംകോയുടെ ഓഹരിവില്‍പ്പന വൈകുകയും ചെയ്തു. വീണ്ടും ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി സൗദി ഭരണകൂടം ഒരുങ്ങുകയാണ്. അത് നടക്കുമോ എന്ന് ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നു.

Other News

 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ
 • ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക്
 • Write A Comment

   
  Reload Image
  Add code here