പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍

Wed,Feb 06,2019


ടെസ്ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇനി ആര്‍ക്കുവേണമെങ്കിലും ഇലക്ട്രിക്ക് കാറുകള്‍ നിര്‍മ്മിക്കാം. തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതിക വിദ്യ സദുദ്ദേശത്തോടുകൂടി ഉപയോഗിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ലെന്ന് ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക്ക് അറിയിക്കുകയായിരുന്നു. ലാഭമല്ല, പെട്രോള്‍ ഡീസല്‍ കാറുകളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം തടയുകയാണ് ടെസ്ലയുടെ ലക്ഷ്യമെന്നും മറ്റു കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് കാറുകളല്ല, മറിച്ച് പെട്രോള്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക മലിനീകരണമാണ് തങ്ങളുടെ യഥാര്‍ത്ഥ എതിരാളികളെന്നും മസ്‌ക്ക് ട്വീറ്റില്‍ വിശദീകരിച്ചു.ബാറ്ററി ഡിസൈന്‍,കാറിന്റെ ആകൃതി, ചാര്‍ജിംഗ് ആന്റ് കൂളിംഗ് സംവിധാനം എന്നിവയുള്‍പ്പടെയുള്ള 300 ഓളം പേറ്റന്റുകളാണ് ടെസ്ല മറ്റ് കമ്പനികള്‍ക്ക് ലഭ്യമാക്കുക.

കാലാവസ്ഥാവ്യതിയാനം തടയുന്നതിനായി ഇലക്ട്രിക്ക് കാറുകള്‍ പ്രചരിപ്പിക്കുന്നതിനാണ് മസ്‌ക്ക് ഇങ്ങിനെയൊരു തീരുമാനമെടുത്തത്. ചെറിയൊരു നയവ്യതിയാനം പോലും മഹാഅപരാധമായി കൊണ്ടാടപ്പെടുന്ന മത്സരാധിഷ്ടിത കാര്‍ വ്യവസായമേഖലയില്‍ മസ്്ക്കിന്റെ തീരുമാനം അദ്ദേഹത്തിന്റെ മഹാമനസ്‌ക്കതയെയാണ് കാണിക്കുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ലോകനന്മയ്ക്കായി മഹത്തായ തീരുമാനമെടുത്ത മസ്‌ക്കിനെ പ്രശംസിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ലോകം. ആപ്പിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് വെഹിക്കിള്‍ പ്രൊജക്ടിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത അന്നുതന്നെയാണ് എലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

യഥാര്‍ത്ഥത്തില്‍ ടെസ്ലയുടെ തീരുമാനം ആരെയും അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം. സാധാരണക്കാരനായ സംരംഭകനല്ല ഇലോണ്‍ മസ്‌ക്ക്. അതുകൊണ്ടുതന്നെ പൊതുവില്‍ സംരംഭകരെ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ വെച്ച് അദ്ദേഹത്തെ അളക്കാനും സാധിക്കില്ല. ഭാവിയിലെ പ്രകൃതി സൗഹൃദ വ്യവസായ മേഖലകള്‍ എന്തെല്ലാമാണെന്ന്, കാലത്തിന് മുമ്പേ നടന്ന് ബിസിനസ് ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിയാണ് അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കുന്നത് കണക്കിലെടുത്ത് ലോകം മുഴുവനും ഇലക്ട്രിക് കാറുകളിലേക്ക് തിരിയുന്ന ട്രെന്‍ഡിന് കാരണമായത് ഇലക്ട്രിക് കാറുകള്‍ക്ക് ഒരു ബിസിനസ് എന്ന നിലയിലും അല്ലാതെയും നിലനില്‍ക്കാനാകുമെന്നും അതാണ് പിന്തുടരേണ്ടതെന്നും ലോകത്തിനെ ബോധ്യപ്പെടുത്തിയ മസ്‌ക്കിന്റെ ടെസ്ല കമ്പനിയാണ്.

നേരത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി ടെസ്ലയെ പ്രൈവറ്റ് കമ്പനിയാക്കിമാറ്റുമെന്നും മസ്‌ക്ക് വ്യക്തമാക്കിയിരുന്നു. ലിസ്റ്റ്ഡ് കമ്പനിയായി തുടരുന്നത് ടെസ്ലയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഒരു ലിസ്റ്റഡ് കമ്പനിക്ക് വിപണിയുടെ സമ്മര്‍ദ്ദങ്ങളുണ്ട്, എപ്പോഴും. പാദഫലങ്ങളുടെ പേരില്‍ ലിസ്റ്റഡ് കമ്പനി എപ്പോഴും ചര്‍ച്ചയാകും, വാര്‍ത്തകളില്‍ നിറയും. ഓഹരിവിലയിലെ ഉയര്‍ച്ചയും താഴ്ച്ചയുമെല്ലാം സംരംഭകന് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യും. മസ്‌ക്കിനെ പോലെ ഭാവിയെ തിരുത്താന്‍ ഇറങ്ങി തിരിച്ച ഒരു സംരംഭകന് ഈ ഉയര്‍ച്ച, താഴ്ച്ചകളില്‍ ഊര്‍ജ്ജം കളയേണ്ടതുണ്ടോയെന്ന് ഇതിനോടകം പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ഉല്‍പ്പാദനത്തിന്റെ പേരിലും ലാഭക്ഷമതയുടെ പേരിലും വാള്‍സ്ട്രീറ്റില്‍ പഴികേട്ടുകൊണ്ടിരിക്കുന്ന ടെസ്ലയെ പ്രൈവറ്റ് ആക്കുകയാണെന്ന് അതോടെ മസ്‌ക്ക് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിഓഹരിക്ക് 420 ഡോളര്‍ നിരക്കില്‍ 82 ബില്ല്യണ്‍ ഡോളറിന്റെ വിപണി വിലയില്‍ ടെസ്ലയെ പ്രൈവറ്റ് ആക്കി മാറ്റാനാണ് മസ്‌ക്ക് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള ഓഹരി തിരിച്ചെടുക്കലിന് താന്‍ പണം സമാഹരിച്ചിട്ടുണ്ടെന്നും മസ്‌ക്ക് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിലൂടെ ഇതെല്ലാം തുറന്നുപറഞ്ഞതിന്റെ പേരില്‍ മസ്‌ക്കിന് കടുത്ത വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്.

മസ്‌ക്കിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ടെസ്ലയുടെ ഓഹരിവിലയില്‍ മികച്ച വര്‍ധനയുണ്ടായി. പ്രഥമ ഓഹരി വില്‍പ്പന നടത്തിയ 2010 കാലത്ത് ടെസ്ലയുടെ പ്രതിഓഹരി വില 17 ഡോളറായിരുന്നു. അതിപ്പോള്‍ 370.34 ഡോളറില്‍ എത്തി നില്‍ക്കുന്നു. ലോകത്ത് ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് മസ്‌ക്കായിരുന്നു. സ്‌പേസ് എക്‌സിലൂടെ ബഹിരാകാശത്തിന്റെ സാധ്യതകളിലേക്ക് ഊളിയിട്ട് അദ്ദേഹം ലോകത്തിന് പുതിയ ദിശ നല്‍കാനും ശ്രമിക്കുന്നു. ലോകത്തിന്റെ ഊര്‍ജ്ജാവശ്യകതകള്‍ അഭിമുഖീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സൂര്യനെ ആശ്രയിക്കുകയാണെന്നും മസ്‌ക്ക് നേരത്തെ മനസിലാക്കി. അതിന്റെ ഫലമായി സോളാര്‍ സിറ്റി സ്ഥാപിക്കാനും അദ്ദേഹം മുന്നോട്ടിറങ്ങി.

സ്വകാര്യ കമ്പനിയാക്കുന്നതിനായുള്ള നിക്ഷേപം താന്‍ ഉറപ്പിച്ചിട്ടുണ്ടെന്ന്് മസ്‌ക്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആരാണ് പിന്തുണയ്ക്കാന്‍ എത്തുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരാത്തത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. വിപണിക്ക് അയാളില്‍ വിശ്വാസമില്ലെന്ന തരത്തില്‍ മസ്‌ക്കിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മസ്‌ക്കിന്റെ ദൗത്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ടെസ്ലയെ സ്വകാര്യ കമ്പനിയാക്കുന്നത് തന്നെയായിരിക്കും ഇപ്പോള്‍ നല്ലത്.

Other News

 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ
 • ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക്
 • Write A Comment

   
  Reload Image
  Add code here