സ്വിസ് ബാങ്കുകള്‍ കള്ളപ്പണ കണക്കുകള്‍ പുറത്തുവിടുന്നു, ഇന്ത്യന്‍ സര്‍ക്കാറിന്റെ ആദ്യ നടപടി ചന്ദമാമ ചിത്രകഥാ സ്ഥാപനത്തിനെതിരെ..

Tue,Mar 12,2019


ഒടുവില്‍ സ്വിറ്റ്‌സര്‍ലന്റ് അയയുന്നു. വിദേശീയര്‍ തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ കണക്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ നിക്ഷേപകന്‍ നടത്തിയ അനധികൃത-സാമ്പത്തിക ഇടപാടുകള്‍ എന്താണെന്ന് ഈ രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലന്റിനെ ബോധ്യപ്പെടുത്തണ്ടതുണ്ട്. വിദേശീയരുടെ കള്ളപ്പണം ഗൂഢമായി സൂക്ഷിച്ച് ലോകസമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുക എന്ന വര്‍ഷങ്ങളായി സ്വിസ് ബാങ്കുകള്‍ തുടരുന്ന മൂല്യബോധമില്ലാത്ത ഏര്‍പ്പാടിനാണ് ഇതോടെ അന്ത്യമാകുന്നത്. ആഗോളസമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും സ്വിറ്റ്‌സര്‍ലന്റ് കൈകൊണ്ടിട്ടുള്ള ചരിത്രപരമായ ഈ തീരുമാനം പല പകല്‍മാന്യന്മാരുടേയും പുറം പൂച്ച് പുറത്തുചാടിക്കും എന്നാണ് കരുതപ്പെടുന്നതും.

തീരുമാനം പുറത്തുവന്നതോടെ ഇന്ത്യന്‍ സര്‍ക്കാറും പണി തുടങ്ങിയിട്ടുണ്ട്.

വിദേശങ്ങളിലുള്ള കള്ളപ്പണം രാജ്യത്തിലേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്തുകേറി ന്യൂഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തിലെത്തിയ മോഡി സര്‍ക്കാറിന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കിട്ടിയ പിടിവള്ളിയാണ് സ്വിസ് ബാങ്കിന്റെ തീരുമാനം എന്ന് പറയേണ്ടി വരും. അഞ്ച് വര്‍ഷം ഭരിച്ചിട്ടും കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലങ്ങളായി കള്ളപ്പണം ചിത്രകഥയിലെ നിഗൂഢഖനിയായിരുന്നു. എത്തിപ്പിടിക്കാനാകാത്ത എന്നാല്‍ വിവരിക്കും തോറും ത്രില്ലടിപ്പിക്കുന്ന ഒന്ന്. കള്ളപ്പണത്തിന്റെ എണ്ണിയാലൊതുങ്ങാത്ത കഥകള്‍ ചുറ്റിക്കറങ്ങുന്ന ഗലികളിലൂടെ സഞ്ചരിച്ചാണ് സര്‍ക്കാറുകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സീറ്റുറപ്പിക്കുക. പിന്നീട് പറഞ്ഞതെല്ലാം മറന്ന് അവര്‍ കള്ളപ്പണത്തിന് കാവല്‍ക്കാരാകും. വീണ്ടും അടുത്ത തെരഞ്ഞെടുപ്പ്. കഥങ്ങള്‍.. അങ്ങിനെപോയി സ്വതന്ത്ര്യാനന്തര ഇന്ത്യ.. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് കാലത്ത്, സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ കള്ളപ്പണകണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാവുകയും സര്‍ക്കാര്‍ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരിക്കയാണ്. അതും ആദ്യ നടപടി ഒരു ചിത്രകഥാസ്ഥാപനത്തിനുനേരെയായത് വിരോധാഭാസമല്ലെങ്കില്‍ മറ്റെന്താണ്.

അതെ, കള്ളപ്പണകണക്കുകള്‍ സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാറുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായി നടപടിയെടുക്കുന്നത് ഒരു ചിത്രകഥാസ്ഥാപനത്തിന്റെ ഉടമസ്ഥര്‍ക്കെതിരായാണ്. മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ചന്ദമാമ ചിത്രകഥാ പ്രസിദ്ധീകരണത്തിന്റെ ഉടമകളായ ജിയോഡെസിക്ക് ലിമിറ്റഡ്. പ്രശാന്ത് ശരദ് മുലേക്കര്‍,പങ്കജ് കുമാര്‍ ഓങ്കാര്‍ ശ്രീവാസ്തവ,കിരണ്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഡയറക്ടറായ സ്ഥാപനത്തിനെതിരെ നടപടി എടുക്കുന്നതിനുള്ള തെളിവുകള്‍ മാര്‍ച്ച് 5 ന് സ്വിറ്റ്‌സര്‍ലന്റ് ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ടിഎ) ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ജിയോഡെസിക്കിനെതിരെ എഫ്ടിഎ തെളിവുകള്‍ നല്‍കിയിരുന്നെങ്കിലും അപ്പീലിനെ തുടര്‍ന്ന് അവര്‍ അത് തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ തള്ളിയ അവര്‍ വീണ്ടും തെളിവുകള്‍ ഹാജരാക്കി. എഫ്ടിഎ നിയമപ്രകാരം കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറായാല്‍ 30 ദിവസത്തിനുള്ളില്‍ അതിനെതിരെ കക്ഷികള്‍ക്ക് അപ്പീല്‍ നല്‍കാം. നിലവില്‍ ജിയോഡെസിക്ക് നല്‍കിയ അപ്പീല്‍ എഫ്ടിഎ തള്ളിയിരിക്കയാണ്. അതിനാല്‍ സര്‍ക്കാറിന് നടപടികള്‍ ദ്രൂതഗതിയിലാക്കാന്‍ സാധിക്കും.

സമാനമായ മറ്റൊരു കേസില്‍ ചെന്നൈയിലെ ആദി എന്‍ര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും എഫ്ടിഎ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് അപ്പീല്‍ പെന്റിംഗുണ്ട്.റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ആദി 2014 ലാണ് മുഖ്യധാരയിലേയ്ക്ക് ഉയരുന്നത്. ശക്തമായ രാഷ്ട്രീയസ്വാധീനമുള്ള ഗ്രൂപ്പാണ് ഇവര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം പൊതുമേഖല സ്ഥാപനമായ ജിയോഡെസിക്ക് ലിസ്റ്റുചെയ്തതിനുശേഷം നടത്തിയ കള്ളത്തരങ്ങള്‍ സെബി കയ്യോടെ പിടികൂടുകയും അവരുടെ ഷെയറുകളില്‍ ട്രേഡിംഗ് തടയുകയും ചെയ്തിരുന്നു. നിലവില്‍ 1.50 എന്ന നിസ്സാരമുഖവിലയ്ക്കാണ് ഇവരുടെ ഓഹരികളുള്ളത്. ഇരുകമ്പനികളും ഇപ്പോഴും പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ ആദി എന്റര്‍പ്രൈസിന്റെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

രഹസ്യങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്കുകള്‍ തയ്യാറാവുകയും അതിനായി ഒരു ഓട്ടോമെറ്റിക് സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയും ചെയ്യുന്ന വേളയില്‍ വന്‍ സ്രാവുകള്‍ കുടുങ്ങുമോ എന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
 • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here