സിഖ് വിഘടനവാദം വീണ്ടും കാനഡയുടെ ശ്രദ്ധയില്‍

Mon,Mar 05,2018


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ 8 ദിവസങ്ങള്‍ നീണ്ടു നിന്ന ഇന്ത്യ സന്ദര്‍ശനം ഒരു വലിയ പരാജയമായിരുന്നുവെന്ന പൊതു ധാരണയാണ് ഇരു രാജ്യങ്ങളിലുമുള്ളത്. ട്രൂഡോയ്‌ക്കെതിരെ കാനഡയില്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ചിലര്‍ ഇന്ത്യയെയും പരിഹസിച്ചു. പക്ഷേ, അതുകൊണ്ട് ചില നേട്ടങ്ങളുണ്ടായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു: വളരെക്കാലമായി കാനഡ, പ്രത്യേകിച്ച് ലിബറല്‍ ഗവണ്മെന്റ്, അവഗണിച്ചുപോന്ന ഖാലിസ്ഥാന്‍ പ്രശ്‌നം കാനഡയില്‍ വീണ്ടും സജീവ ചര്‍ച്ചയായി. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനം ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ രാഷ്ട്രം സൃഷ്ടിക്കാനുള്ള, ഒരിക്കല്‍ പരാജയപ്പെട്ട നീക്കത്തിന് വിദേശങ്ങളിലെ ചില സിഖ് വംശജര്‍ നല്‍കുന്ന പിന്തുണയെ ഇന്ത്യ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് കനേഡിയന്‍ ഗവണ്മെന്റ് വൃത്തങ്ങള്‍ക്ക് ബോദ്ധ്യമായി.

സ്വന്തം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടികളെ കണ്ടില്ലെന്നു നടിക്കാന്‍ ഇനി ഗവണ്മെന്റിനു കഴിയില്ലെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഘടനവാദത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളതും അനുഭവിക്കുന്നതുമായ രാജ്യമാണ് കാനഡ.

സന്ദര്‍ശനം എന്തുകൊണ്ട് പരാജയപ്പെട്ടു?
ലോകത്തിനു ഏറ്റവും പ്രിയങ്കരനായ ലിബറല്‍ ഭാഗ്യമുദ്രയാണ് ട്രൂഡോ. സിനിമാ താരങ്ങളെപ്പോലെ കാണപ്പെടുന്നു. സ്വന്തം കാബിനറ്റില്‍ 50% വനിതകളെ ഉള്‍പ്പെടുത്തിയും രാഷ്ട്രീയ നിഘണ്ടുവില്‍നിന്നും 'മാന്‍കൈന്‍ഡ്' എന്ന വാക്കിനു പകരം 'പീപ്പിള്‍കൈന്‍ഡ്' എന്ന വാക്ക് ഉള്‍പ്പെടുത്തിയും സ്ത്രീപക്ഷപാതിത്വം വെളിപ്പെടുത്തിയ നേതാവ്. പക്ഷേ, ഇന്ത്യയില്‍ എന്ത് സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ആരെയാണതിനു കുറ്റപ്പെടുത്തേണ്ടത്?

രണ്ടു പക്ഷവും അതിനുത്തരവാദികളാണ്. ഇന്ത്യയുടെ വികാരങ്ങളെ ഒട്ടാവ കണ്ടില്ലെന്നു നടിച്ചു. തങ്ങളുടെ ആശങ്കകള്‍ വേണ്ട രീതിയില്‍ അറിയിക്കുന്നതിനോ ഭിന്നതകള്‍ പരിഹരിക്കുന്നതുവരെ സന്ദര്‍ശനം നീട്ടിവെപ്പിക്കുന്നതിനോ ന്യൂഡല്‍ഹിയും ശ്രമിച്ചില്ല. പല വിദേശ അതിഥികളെയും പ്രോട്ടോക്കോള്‍ ലംഘിച്ചുപോലും സ്വീകരിക്കാറുള്ള മോദി, ട്രൂഡോയുടെ കാര്യത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുമാത്രം നീങ്ങുന്നതിനു തീരുമാനിച്ചതുതന്നെ ദുഃസൂചനയായിരുന്നു.

കുറെ നാളുകളായി, പ്രത്യേകിച്ചും ഒന്റാറിയോ പ്രവിശ്യ നിയമ നിര്‍മ്മാണ സഭയില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി 1984ലെ സിഖ് വിരുദ്ധ കലാപങ്ങളെ 'വംശഹത്യയായി' അപലപിച്ച് പ്രമേയം പാസാക്കുകയും ഖലിസ്ഥാനി ഗ്രൂപ്പുകള്‍ ടോറോന്റോയില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ ട്രൂഡോ പങ്കെടുക്കുകയും ചെയ്തതിനുശേഷം ന്യൂഡല്‍ഹി ഒട്ടാവയിലേക്കു പ്രതിഷേധ സന്ദേശങ്ങള്‍ അയക്കുന്നുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ സന്ദര്‍ശനത്തിന്റെ വിശദമായ കാര്യങ്ങളിലും ട്രൂഡോയുടെ ഓഫിസും ഇന്ത്യന്‍ വിദേശമന്ത്രാലയവും തമ്മില്‍ ഭിന്നതകളുണ്ടായി. ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടികളോടെ തുടങ്ങുന്നതും ബിസിനസ് പ്രധാനവുമായ ഹൃസ്വ സന്ദര്‍ശനമായിരുന്നു ഇന്ത്യന്‍ വിദേശമന്ത്രാലയം നിര്‍ദ്ദേശിച്ചത്. എന്നാല്‍ 5 നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതും സന്ദര്‍ശനം തീരുന്നതിന്റെ തലേദിവസം മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതുമായ പരിപാടിയാണ് ട്രൂഡോയുടെ ഓഫിസ് നിര്‍ദ്ദേശിച്ചത്.

കാനഡയിലെ സിഖ് തീവ്രവാദി ഗ്രൂപ്പുകളോട് അനുഭാവം പ്രകടിപ്പിക്കുന്ന മന്ത്രിമാരെ, പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിവാദപരമായ ഇന്ത്യന്‍ സന്ദര്‍ശനങ്ങള്‍ നടത്തിയവരെ, സംഘത്തില്‍നിന്നും ഒഴിവാക്കണമെന്നും ഇന്ത്യ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവരെല്ലാം ഉള്‍പ്പെടണമെന്നു ഒട്ടാവ ശഠിച്ചു. സന്ദര്‍ശനത്തിന് മുമ്പുതന്നെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി രമ്യതയിലെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 2016ല്‍ കാനഡ സന്ദര്‍ശിക്കുന്നതിന് അമരീന്ദര്‍ സിങിന് അനുമതി നല്‍കുകയുണ്ടായില്ല. ഇന്ത്യയിലെത്തുംവരെ പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിക്കാണുമെന്ന് ട്രൂഡോയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല.

സന്ദര്‍ശനത്തിന് കളങ്കമുണ്ടാക്കിയ ഏറ്റവുമൊടുവിലത്തെ സംഭവമായിരുന്നു ഔദ്യോഗിക വിരുന്നിലേക്ക് ജസ്പാല്‍ അത്വാല്‍ എന്ന സിഖ് തീവ്രവാദിയെ ക്ഷണിച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സിഖ് വിഘടനവാദികളോട് തന്റെ ഗവണ്മെന്റിനു ഒരു അനുഭാവവും ഇല്ലെന്നു ട്രൂഡോ വിശദീകരിക്കുന്ന സമയത്തുതന്നെയായിരുന്നു ഡല്‍ഹിയില്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നിലേക്കു ജസ്പാലിനെ കനേഡിയന്‍ ഹൈക്കമീഷണര്‍ ക്ഷണിച്ചതായുള്ള വിവരം പുറത്തുവന്നത്. ഒരു വധോദ്യമ കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് ജസ്പാല്‍. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ ഒരു എംപിയാണ് അയാളെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്. ഈ സംഭവം തികച്ചും അരോചകമായ അവസ്ഥ സൃഷ്ടിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ ഉണ്ടായ ഈ സംഭവം ട്രൂഡോയെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. 1986ല്‍ വാന്‍കൂവറില്‍വച്ച് പഞ്ചാബിലെ മന്ത്രിയായിരുന്ന എം എസ് സിദ്ദുവിനെ വധിക്കാന്‍ ശ്രമിച്ച ഒരാള്‍ തന്റെ സംഘത്തില്‍ എങ്ങനെ കടന്നുകൂടിയെന്നു അദ്ദേഹത്തിന് വിശദീകരിക്കേണ്ടിവന്നു. 'നിര്‍ഭാഗ്യകരം' എന്നാണു ട്രൂഡോ അതിനെ വിശേഷിപ്പിച്ചത്. അത്വലിനു നല്‍കിയ ക്ഷണം ഉടന്‍ റദ്ദാക്കി. എന്നാല്‍ അതിനകംതന്നെ മുംബൈയില്‍ ട്രൂഡോയുടെ ഭാര്യ സോഫിക്കും മറ്റു സംഘാംഗങ്ങള്‍ക്കുമൊപ്പം അയാള്‍ ഫോട്ടോകള്‍ക്കായി പോസ് ചെയ്തിരുന്നു. ട്രൂഡോ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കനേഡിയന്‍ വ്യവസ്ഥിതിയില്‍ ഖലിസ്ഥാന്‍ വാദികള്‍ എത്രത്തോളം നുഴഞ്ഞുകയറിയിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. അതേസമയം, അത്വാല്‍ എങ്ങനെ രാജ്യത്തിനുള്ളിലേക്കു കടന്നുവന്നുവെന്നത് വിശദീകരിക്കാന്‍ ഇന്ത്യ ഗവണ്മെന്റും വിഷമിച്ചു. എന്നാല്‍ ഏകീകൃത ഇന്ത്യയോട് ട്രൂഡോക്കു പ്രതിബദ്ധത ഇല്ലെന്നു വരുത്തിത്തീര്‍ത്ത് ഒട്ടാവയെയും ന്യൂഡല്‍ഹിയേയും തമ്മില്‍ അകറ്റുന്നതിന് ഇന്ത്യ ഗവണ്മെന്റിനുള്ളില്‍ത്തന്നെയുള്ള ചിലരാണ് അത്വലിനെ വിരുന്നിലേക്കു ക്ഷണിച്ചതെന്ന ഒരു ഗൂഡാലോചന തിയറി കാനഡയിലുണ്ട്. കനേഡിയന്‍ ഗവണ്മെന്റിന്റെ ഒരു വക്താവ് നടത്തിയ ഈ ആരോപണത്തെ ട്രൂഡോ ശരിവയ്ക്കുന്നതായി പിന്നീട് വാര്‍ത്ത വന്നു.

കനേഡിയന്‍ മാധ്യമങ്ങള്‍ പ്രശ്‌നം ഏറ്റെടുക്കുന്നു
ട്രൂഡോയുടെ സന്ദര്‍ശനംകൊണ്ടു നല്ലൊരു ഫലമുണ്ടായി. കനേഡിയന്‍ മണ്ണില്‍ വേരുറപ്പിച്ചിട്ടുള്ള സിഖ് വിഘടനവാദം അവിടുത്തെ മുഖ്യധാരയിലേക്കും കടന്നുകയറിയിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ചുള്ള അബോധം സൃഷ്ടിക്കാന്‍ അതിനു കഴിഞ്ഞു. അക്രമാസക്തമായ ചരിത്രമുണ്ടെങ്കിലും കാനഡയില്‍ വീണ്ടും തലപൊക്കിയിട്ടുള്ള സിഖ് വിഘടനവാദത്തെക്കുറിച്ച് കനേഡിയന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഭൂരിപക്ഷം പേര്‍ക്കും ഖലിസ്ഥാന്‍ പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വിസ്മൃതിയിലാണ്ട കാര്യങ്ങളാണ്. എന്നാല്‍ അക്കാര്യങ്ങളൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനം അവസരമൊരുക്കി.

ജസ്പാല്‍ അത്വലിനെ ഔദ്യോഗിക വിരുന്നിനു ക്ഷണിച്ച സംഭവംതന്നെയാണ് അതിന് പ്രധാനമായും കാരണമായത്. ടോറോന്റോ സണ്‍ പത്രത്തിലെ കാണ്ടസ് മാല്‍ക്കമാണ് ഒരു ട്വീറ്റിലൂടെ സംഭവം പുറത്തുവിട്ടത്: 'ഇന്ത്യയിലുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ ജസ്പാല്‍ അത്വലിനു ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നു. സിഖ് തീവ്രവാദികളോട് അനുഭാവമുണ്ടെന്ന കാര്യം ട്രൂഡോ നിഷേധിക്കുമ്പോള്‍ത്തന്നെയാണ് അവര്‍ക്കൊപ്പം വൈന്‍ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്.'

സിബിസി ഉള്‍പ്പടെയുള്ള കനേഡിയന്‍ മാധ്യമങ്ങളെല്ലാം പ്രശ്‌നം ഏറ്റെടുത്തു. ജസ്പാല്‍ അത്വല്‍ നടത്തിയ വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ട ബ്രിട്ടീഷ് കൊളംബിയയിലെ മുന്‍ പ്രധാനമന്ത്രി ഉജ്വല്‍ ഡോസാന്‍ജ് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. വധോദ്യമത്തിനു കേസെടുത്തെങ്കിലും ശിക്ഷിക്കപ്പെട്ടില്ലെന്നാണ് ഡോസാന്‍ജ് പറഞ്ഞത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം പുറത്തുവന്നത് നന്നായെന്നും ഇനി കാനഡക്കാര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഖ് വിഘടനവാദം തങ്ങളുടെ ജീവിതത്തെയൊന്നും ബാധിക്കാത്ത കാര്യമായതിനാലാണ് ജനങ്ങളും മാധ്യമങ്ങളും അതൊന്നും ശ്രദ്ധിക്കാതെ പോയതെന്നും ട്രൂഡോയുടെ സന്ദര്‍ശനത്തിനു ലക്ഷിച്ച തണുപ്പന്‍ സ്വീകരണവും അത്വലിനു നല്‍കിയ ക്ഷണവുമെല്ലാം ആത്മപരിശോധനകളിലേക്കും തിരുത്തല്‍ നടപടികളിലേക്കും നയിച്ചേക്കുമെന്നുമാണ് കാനഡയിലെ മുന്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ വിഷ്ണു പ്രകാശ് പറഞ്ഞത്. സിഖ് വിഘടനവാദത്തിന്റെ പ്രശ്‌നം കാനഡ വളരെ വിലമതിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായും, ന്യൂഡല്‍ഹി പെരുപ്പിച്ചുകാട്ടുന്ന പ്രശ്‌നമായും കനേഡിയന്‍ മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ഖല്‍സ ദിനത്തില്‍ സിഖ് തീവ്രവാദിയായ ഒരു നേതാവിന്റെ ഛായാചിത്രങ്ങളും സിഖ് വിഘടനവാദികളുടെ പതാകകളുംകൊണ്ട് അലംകൃതമായിരുന്ന ടോറോന്റോയിലെ നഗര്‍ കീര്‍ത്തനില്‍ പ്രധാനമന്ത്രി ട്രൂഡോ സന്നിഹിതനായ കാര്യം ടോറോന്റോ സ്റ്റാര്‍ അതിന്റെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെത്തിയ ട്രൂഡോക്കു ലഭിച്ച തണുപ്പന്‍ സ്വീകരണവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയും ഖലിസ്ഥാന്‍ പ്രശ്‌നവുമെല്ലാം കാനഡയിലെ എല്ലാ ദൃശ്യ, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിറഞ്ഞു.

ചരിത്രം മറക്കുന്നവര്‍
2015 ല്‍ ട്രൂഡോയുടെ വിജയത്തോടെ ഇന്ത്യ-കാനഡ ബന്ധങ്ങളെ 1980കള്‍ വേട്ടയാടാന്‍ തുടങ്ങി. പ്രത്യേക ഖലിസ്ഥാന്‍ രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട് സിഖ് വിഘടനവാദികള്‍ നടത്തിയ കലാപം പഞ്ചാബില്‍ 1980കളില്‍ ചോരപ്പുഴയൊഴുക്കി. സിഖുകാരുടെ പുണ്യക്ഷേത്രമായ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ പുറത്താക്കാന്‍ അന്ന് പ്രധനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി സൈന്യത്തെ അയച്ചു. അതിന്റെ പേരില്‍ ഇന്ദിര ഗാന്ധിയെ സിഖുകാരായിരുന്ന അംഗരക്ഷകര്‍ വധിച്ചു. തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 3000 ത്തിലധികം സിഖ് വംശജര്‍ കൊല്ലപ്പെട്ടു. 1985 ല്‍ മോണ്‍ട്രിയേലില്‍നിന്നും ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ 'കനിഷ്‌ക്ക' ജെറ്റ് വിമാനം സിഖ് തീവ്രവാദികള്‍ തകര്‍ത്തു. കാനഡക്കാരടക്കം 329 യാത്രക്കാര്‍ അതില്‍ കൊല്ലപ്പെട്ടു. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ മെയില്‍ ട്രൂഡോ ഖല്‍സ പരേഡില്‍ പങ്കെടുത്തത്. തീവ്രവാദികളായ പലരും അവിടെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

അത്വലിനെ ക്ഷണിച്ചതു സംബന്ധിച്ച വിവാദം പൊട്ടിപുറപ്പെട്ടപ്പോള്‍ കാനഡയില്‍ ട്രൂഡോയും അത്വാലും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കാനഡയില്‍ 5 ലക്ഷത്തോളം സിഖുകാരുണ്ട്. ജനസംഖ്യയുടെ 1.4% വരുമവര്‍. സിഖ് സമൂഹത്തിനിടയില്‍ ട്രൂഡോ വളരെ പ്രിയങ്കരനാണ്. ജസ്റ്റിന്‍ സിങ് എന്നാണവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രൂഡോക്കു ഒരു എതിരാളി ഉണ്ടായിരിക്കുന്നു - എന്‍ഡിപിയുടെ ജഗ്മീത് സിങ്. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി അടുത്തിടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ട്രൂഡോയേക്കാള്‍ വലിയ ഇടതുപക്ഷമാണ് എന്‍ഡിപി. എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ത്ത ഭീകരതയെ അപലപിക്കാന്‍ കൂട്ടാക്കാത്ത നേതാവാണ് ജഗ്മീത്.

ഇന്ത്യ-കാനഡ ബന്ധങ്ങള്‍ ചരിത്രപരമായിത്തന്നെ മോശമായിരുന്നു. ഇന്ത്യയുടെ ആണവ പരിപാടിയെ ശക്തമായി എതിര്‍ത്ത രാജ്യമാണ് കാനഡ. ഒരു ദശകം മുമ്പ് ആണവ ഉടമ്പടിയെത്തുടര്‍ന്ന് യുഎസ് ഇന്ത്യക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് കാനഡയും നിലപാട് മാറ്റിയത്. കാനഡയിലെ വലിയൊരു ന്യുനപക്ഷ വിഭാഗമാണ് ഇന്ത്യന്‍ വംശജര്‍. എന്നാല്‍ അതിനു അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.

കാനഡയിലെ സിഖ് സമൂഹത്തിനു അവരുടെ യഥാര്‍ത്ഥ രാജ്യത്തെക്കുറിച്ചു തെറ്റായ ധാരണകളാണുള്ളതെന്നു പഠനങ്ങള്‍ വെളിവാക്കുന്നു. സിഖ് വംശജരും തീവ്രവാദികളും നല്ല രാഷ്ട്രീയ സ്വാധീനം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ സൃഷ്ടിയാണ് ഖലിസ്ഥാന്‍ തീവ്രവാദമെന്നാണ് കാനഡയിലെ ലിബറല്‍ രാഷ്ട്രീയക്കാര്‍ കരുതുന്നത്. അതിനു പിന്നില്‍ തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഔദ്യോഗിക ബന്ധങ്ങളെ ബാധിക്കാത്തവിധം മാറ്റിനിര്‍ത്താന്‍ കഴിയുമായിരുന്ന പ്രശ്‌നങ്ങളാണിവ. എന്നാല്‍ സന്ദര്‍ശന വേളയില്‍ അത് ചെയ്യാന്‍ ട്രൂഡോ പരാജയപ്പെട്ടു.

ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടും
ഈ വിവാദങ്ങളെല്ലാം ഉഭയകക്ഷി ബന്ധങ്ങളെയാകും ബാധിക്കുക. കഴിഞ്ഞ ഒരു ദശകക്കാലത്ത് നല്ല പുരോഗതിയാണ് ഉഭയകക്ഷിബന്ധങ്ങളില്‍ ഉണ്ടായത്. ഊര്‍ജ്ജം, വ്യാപാരം എന്നീ മേഖലകളില്‍ അടുത്ത സഹകരണം വളര്‍ത്തി. ആണവ മേഖലയിലും സഹകരണത്തിനുള്ള കരാറുണ്ടാക്കി. ഇന്ത്യയുടെ ഏറ്റവും വലിയ ആണവ പങ്കാളിയായി കാനഡ മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താമെന്നു കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ ഉറപ്പു നല്‍കി. ഇന്ത്യയില്‍ എല്ലാ രൂപങ്ങളിലുമുള്ള കനേഡിയന്‍ നിക്ഷേപങ്ങള്‍ 20 ബില്യണ്‍ ഡോളറോളം വരും.

ബഹുസ്വരതയുള്ള രണ്ടു ജനാധിപത്യ രാജ്യങ്ങളിലെ ജനതകള്‍ തമ്മിലും ബന്ധങ്ങള്‍ വളരുകയാണ്. കാനഡയില്‍ 1.3 മില്യണ്‍ ഇന്ത്യന്‍ വംശജരുണ്ട്. ഇതിനു പുറമെയാണ് 100,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ദക്ഷിണേഷ്യന്‍ വംശജര്‍ ഏറ്റവും വലിയ ന്യുനപക്ഷമായ ആദ്യ പാശ്ചാത്യ രാഷ്ട്രമാണ് കാനഡ. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തോട് ഓട്ടവയും ന്യൂഡല്‍ഹിയും നീതി പുലര്‍ത്തിയില്ല. ബന്ധങ്ങളിലെ ശൈഥില്യങ്ങള്‍ ശരിയാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണം.

ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും നേരിടുന്നതിനു ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണത്തിന്റെ ചട്ടക്കൂടിനെ സംബന്ധിച്ചു ട്രൂഡോയുടെ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച കരാര്‍ ഇന്ത്യക്ക് വളരെ പ്രധാനമായ ഒന്നാണ്. ഏകീകൃത ഇന്ത്യക്കുള്ള ട്രൂഡോയുടെ പിന്തുണയാണത് പ്രഖ്യാപിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തികടന്നുള്ള ഭീകരത അവസാനിപ്പിക്കല്‍, മാലദ്വീപില്‍ ജനാധിപത്യം പുനഃസ്ഥാപിക്കല്‍, മ്യാന്മറില്‍ റോഹിന്‍ഗ്യ അഭയാര്‍ഥികളുടെ പ്രശ്‌നം എന്നിവയിലെല്ലാം പൊതുനിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചു.

ഇന്‍ഡോപസിഫിക് മേഖലയിലെ നാവിക സ്വാതന്ത്ര്യം, യുഎന്‍ സമുദ്ര നിയമങ്ങള്‍ പ്രവര്‍ത്തികമാക്കല്‍, കൊറിയന്‍ സ്ഥിതിഗതികള്‍ എന്നിവയിലെല്ലാം ഒരേ നിലപാട് സ്വീകരിക്കുന്നു. ചൈനയുടെ ബെല്‍റ്റ്, റോഡ് പദ്ധതിയോടു ഇന്ത്യയെപ്പോലെ കാനഡക്കും ചില എതിര്‍പ്പുകളുണ്ട്. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന് കാനഡ ശക്തമായ പിന്തുണ നല്‍കുന്നു. വിവിധ മേഖലകളില്‍ ശക്തമായി തുടരുന്ന ബന്ധം ഈ സന്ദര്‍ശനത്തിന്റെ ഫലമായി കൂടുതല്‍ ശക്തമാകും. പ്രധാനമായും അഞ്ചു മേഖലകളിലായിരിക്കും ഇന്ത്യ-കാനഡ ബന്ധങ്ങള്‍ ശക്തമാകുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് സമ്പദ്ഘടന, ഊര്‍ജ്ജം, വിദ്യാഭ്യാസം, വിനോദ വ്യവസായങ്ങള്‍ തമ്മിലുള്ള ബന്ധം, വനിതാ ശാക്തീകരണം എന്നിവയായിരിക്കും ആ മേഖലകള്‍.

Other News

Write A Comment

 
Reload Image
Add code here