എംകെഎ കാരുണ്യസംരംഭങ്ങള്‍ക്ക് രക്തദാനത്തോടെ തുടക്കമായി

Wed,Apr 11,2018


ടൊറന്റോ: സാമൂഹിക സേവനത്തിന്റെ മൂന്നാം പതിറ്റാണ്ടിലേക്കു കടക്കുന്ന മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) കാരുണ്യ സംരംഭങ്ങള്‍ക്കു രക്തദാനത്തോടെ തിരിതെളിഞ്ഞു. സ്ത്രീകളും യുവാക്കളുമടങ്ങിയ ഇരുപതിലേറെ പേരാണ് കനേഡിയന്‍ ബ്‌ളഡ് സര്‍വീസസില്‍ എത്തി രക്തം ദാനം ചെയ്തത്. രക്തദാതാക്കള്‍ക്ക് ആശംസ നേരാന്‍ മിസ്സിസാഗ സെന്റര്‍ പാര്‍ലമെന്റംഗവും വിദേശകാര്യമന്ത്രിയുടെ പാര്‍ലമെന്ററികാര്യ സെക്രട്ടറിയുമായ ഒമര്‍ അല്‍ഗാബ്രയും എത്തി. പ്രസിഡന്റ് പ്രസാദ് നായര്‍, വൈസ് പ്രസിഡന്റ് നിഷ ഭക്തന്‍, കമ്മിറ്റിയംഗം റജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഒമറിനെ വരവേറ്റു.

അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പുറമെ, ഹൃദയ, അര്‍ബുദ രോഗികള്‍ക്കും ശസ്ത്രക്രിയയ്ക്കും മറ്റുമായി ഏറെ രക്തം വേണമെന്നിരിക്കെ, രക്തദാനയജ്ഞം എംകെഎയുടെ തുടര്‍ പരിപാടിയായിരിക്കുമെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ അറിയിച്ചു. മികച്ച പ്രതികരണം കണക്കിലെടുത്ത് അടുത്ത രക്തദാന യജ്ഞം ജൂണില്‍ നടത്തുമെന്ന് മുഖ്യസംഘാടക ദിവ്യ രഞ്ജിത് അറിയിച്ചു. ആദ്യ സംരംഭത്തില്‍ പങ്കാളികളാകാന്‍ പലരും സ്ഥലത്ത് എത്തിയെങ്കിലും ഒരു വര്‍ഷത്തിനിടെ നാട്ടിലേക്കും മറ്റും യാത്ര ചെയ്തവര്‍ക്കും കാനഡയിലേക്ക് കുടിയേറിയിട്ട് മൂന്നു വര്‍ഷം തികയാത്തവര്‍ക്കും മറ്റും പങ്കെടുക്കാനായില്ല. രക്തദാനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് കനേഡിയന്‍ ബ്‌ളഡ് സര്‍വീസ് രക്തദാതാക്കള്‍ക്ക് അനുമതി നല്‍കുന്നത്.

ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബര്‍ട്ട്, കമ്മിറ്റിയംഗം പ്രശാന്ത് പൈ എന്നിവരും രക്ക്തദാതാക്കളില്‍ ഉള്‍പ്പെടുന്നു. ദിവ്യ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സന്ധ്യാദേവി ചിയ്യാരത്ത്, ജയ് കൃഷ്ണ റജി, റിതിന്‍ സി. ജേക്കബ്, റിയാസ് സിറാജ്, അനുഷ ഭക്തന്‍ തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു.

മുപ്പതാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് മീനിങ് ഫുള്‍ കൈന്‍ഡ്‌നെസ് ആക്ട് (എംകെഎ) എന്നു പേരിട്ടിരിക്കുന്ന കാരുണ്യസംരംഭങ്ങളുടെ ഭാഗമായി 'അഡോപ്റ്റിങ് എ സിറ്റി പാര്‍ക്ക്', 'ഫുഡ് ബാങ്ക്' സംരംഭങ്ങളുമായി സഹകരിക്കുന്നതിനു പുറമെ യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ശില്‍പശാലകള്‍, ചിത്രരചനാ ക്യാംപുകള്‍, ചാരിറ്റി ഫണ്ട്, കാര്‍ഷിക പ്രോല്‍സാഹന യജ്ഞങ്ങള്‍ തുടങ്ങിയവ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കനേഡിയന്‍ സമൂഹത്തില്‍ മലയാളികളിലെ പുതുതലമുറയെ കൂടുതല്‍ സജീവമാക്കുന്നതിനുള്ള യജ്ഞങ്ങളിലും പങ്കാളികളാകും.

കാരുണ്യസംരഭങ്ങളില്‍ എംകെഎയുടെ പങ്കാളിത്തം സജീവമാക്കുന്നതിന്റെ ഭാഗമായാണ് സാന്ത്വനചികില്‍സാ രംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതം പത്മശ്രീ നല്‍കി ആദരിച്ച പാലിയം ഇന്ത്യ സ്ഥാപകന്‍ ഡോ. എം. ആര്‍. രാജഗോപാലുമായുള്ള ബ്രാംപ്ടണിലെ കാസ്സി കാംപെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഒരുക്കിയത്. സാന്ത്വനചികില്‍സാ രംഗം നേരിടുന്ന പ്രതിസന്ധിയിലേക്കു വെളിച്ചംവീശുന്നതിനു മാത്രമല്ല, കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്നതിലെ അര്‍ഥശൂന്യത ചര്‍ച്ച ചെയ്യുന്നതിനും കൂട്ടായ്മ അവസരമൊരുക്കി.

ചികില്‍സാരംഗത്ത് മനുഷ്യത്വം കുറെയെങ്കിലും തിരികെകൊണ്ടുവരുന്നതിനു സാന്ത്വനചികില്‍സ വഴിയൊരുക്കുന്നതായി ഡോ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. 'മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്നവരെ യന്ത്രസഹായത്തോടെ ജീവന്‍നിലനിര്‍ത്തി വേദനനിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് അയക്കുന്നതിനെക്കുറിച്ച് കേരളീയസമൂഹം ചിന്തിച്ചേ മതിയാകൂ. സ്വന്തം കുടുംബാംഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്‌പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്ന വൈകാരികമായ അഭിപ്രായങ്ങള്‍ കേട്ടാവരുത് തീരുമാനമെടുക്കേണ്ടത്. ഇതുസംബന്ധിച്ച നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കാന്‍ ഭരണാധികാരികള്‍ മുന്‍കയ്യെടുക്കണം. സാന്ത്വനപരിചരണവും ചികില്‍സയും ആതുരശുശ്രൂഷയുടെ ഭാഗമാകണം. 'സമാധാനപൂര്‍ണമായ മരണം' എന്നത് പൌരന്റെ ഒരവകാശമായി മാറ്റണം. പൊതുജനങ്ങളില്‍ ഇതുസംബന്ധിച്ച അവബോധമുണ്ടാക്കണം'.

മരണത്തെക്കുറിച്ച് നാം ഓരോരുത്തരും മുന്‍കൂട്ടി ചിന്തിക്കണമെന്നും കുടുംബങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നും അഭിപ്രായപ്പെട്ട ഡോ. രാജഗോപാല്‍, തനിക്ക് ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ഐസിയുവിലെയും വെന്റിലേറ്ററിലെയും കേബിളുകളുമായി മല്ലിടാന്‍ അവസരമൊരുക്കരുതെന്ന് അനസ്‌തെറ്റിസ്റ്റ്കൂടിയായ ഭാര്യ ചന്ദ്രികയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ചന്ദ്രികയും ചടങ്ങിന് എത്തിയിരുന്നു. പ്രസിഡന്റ് പ്രസാദ് നായര്‍ ഡോ. രാജഗോപാലിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സെക്രട്ടറി ചെറിഷ്, ട്രഷറര്‍ ജോണ്‍ തച്ചില്‍, വൈസ് പ്രസിഡന്റ് മിഷേല്‍ നോര്‍ബര്‍ട്ട്, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് പൈ, ഷാനുജിത് പറന്പത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഏപ്രില്‍ പതിനാലിന്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ എസ്. എല്‍. ആനന്ദ് നയിക്കുന്ന ഫോട്ടോഗ്രഫി ശില്പശാലയ്‌ക്കൊപ്പം, എം കെ എ ക്യമറാ ക്ലബ്ബിന്റെ ആരംഭവും; അന്നേ ദിവസം ഉച്ചതിരിഞ്ഞു മിഡില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സീത സാഗരന്‍ (ദുബായ്) നടത്തുന്ന നേതൃശില്‍പശാലയും നടത്ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബ്രാംപ്ടണിലുള്ള മാരിയറ്റ് കോര്‍ട് യാര്‍ഡ് ഹോട്ടലില്‍ രാവിലെ പത്തു മണിക്കും ഉച്ചതിരിഞ്ഞു രണ്ടു മണിയ്ക്കുമായിട്ടാണ് ശില്‍പശാല നടക്കുക. വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നന്പര്‍ 647588 1824. മിസ്സിസാഗ കേരള അസോസിയേഷന്‍ സൈറ്റിലും ഫേസ്ബുക്ക് പേജിലും വിശദാംശങ്ങള്‍ ലഭ്യമാണ്.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here