ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്തിമൂന്നാം വയസ്സിലേക്ക്

Wed,Sep 12,2018


ടൊറോന്‍റോ:ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്തിമൂന്നാം വയസ്സിലേക്ക്. 80 ചിത്രങ്ങള്‍ അഞ്ചു തിരശ്ശീലകളിലായി പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976ലാണ് ചലച്ചിത്രമേള ആരംഭിച്ചത്. 83 ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഫിലിം ഫെസ്റ്റിവല്‍ സെപ്‌തംബര്‍ 6 ന്‌ ആരംഭിച്ചു. മേള അവസാനിക്കുന്നത് 16 ന്‌ ആണ്‌. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതയോടും പുതുമകളോടെയുമാണ്‌ ഇത്തവണയും നഗരം അതിനായി തയ്യാറെടുത്തത്.

28 പ്രദര്‍ശനശാലകളിലായി 343 ചിത്രങ്ങളാണ്‌ ഇത്തവണയുള്ളത്. അതില്‍ 88 ഹ്രസ്വചിത്രങ്ങളുമുണ്ട്. ഇതിനായി പ്രദര്‍ശനാനുമതി തേടിയെത്തിയത് 7926 ചലച്ചിത്രങ്ങളാണ്‌. തെരഞ്ഞെടുക്കപ്പെട്ടവയില്‍ 138 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ മേളയിലാണ്‌. 1300 ലധികം മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ ഉത്സവവാര്‍ത്തകള്‍ ലോകത്തിന്‍റെ വിവിധകോണുകളിലേയ്ക്കെത്തിക്കാന്‍ ഇപ്പോള്‍ ടൊറന്റോയില്‍ തങ്ങുന്നു.

ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരുമടക്കം അയ്യായിരത്തോളം പേര്‍ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട അതിഥികളായി ടൊറന്റോയില്‍ എത്തിയിരിക്കുന്നു. ആതിഥേയരാജ്യമായ കാനഡയുടെ നാല്പതോളം ഫീച്ചറുകള്‍ ഇതിനോടകം അണിഞ്ഞൊരുങ്ങി.

ആനാ കാറ്റ്‌സിന്‍റെ ഫ്ലോറിയാനോപോളിസ് ഡ്രീം (Florianopolis Dream) ആയിരുന്നു ഉദ്‌ഘാടനചിത്രം. മേളയിലെ 34% ചിത്രങ്ങള്‍ സ്ത്രീസം‌വിധായകരുടേതാണെന്നുള്ളത് എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. 11 ചിത്രങ്ങള്‍ സംഗീതജ്ഞരെക്കുറിച്ചുള്ളവയാണ്‌. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലാ ഫ്ലൊര്‍ (The Flower) ആണ്‌ ഈ ചലച്ചിത്രോത്സവത്തിലെ ഏറ്റവും നീളമുള്ള സിനിമ. ഈ അര്‍ജന്‍റീനിയന്‍ ചിത്രത്തിന്‍റെ സം‌വിധായകന്‍ മാറിയാനോ ലീനിയാസ് (Mariano Linas) ആണ്‌. വേവ്ലെംഗ്‌ത് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിശ്ശബ്ദചിത്രമായ ദ ഇന്‍‌വിസിബിള്‍ സിനിമ - 3 ആണ്‌ ഏറ്റവും ചെറുത്. നീളം വെറും 43 സെക്കന്‍റുകള്‍ മാത്രം.

അനുരാഗ് കാശ്യപിന്‍റെ 'മന്‍‌മര്‍സിയാം' (Husband Material), നന്ദിതാ ദാസിന്‍റെ മാന്‍റോ (Manto), റീമ ദാസിന്‍റെ ബുള്‍‌ബുള്‍ കാന്‍ സിംഗ് (Bulbul Can Sing) വാസന്‍ ബാലയുടെ മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ, വീണാ സൂദിന്‍റെ ദ്‌ ലൈ (The Lie), സന്ധ്യാ സൂരിയുടെ ദ് ഫീല്‍ഡ് (The Field), ജയീഷ പട്ടേലിന്‍റെ സര്‍ക്കിള്‍ (Circle), റീതു സരിനും ടെന്‍സിംഗ് സോനവും കൂടി സം‌വിധാനം ചെയ്ത (The Sweet Requiem) എന്നിവയാണ്‌ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍.

ടിഫിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയാണ്‌ ഷെയര്‍ ഹേര്‍ ജേര്‍ണി (Share Her Journey) സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കാണ്‌ അതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ഇത്തവണ അതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ സം‌വിധായിക നന്ദിതാ ദാസുമുണ്ട്.

ഇക്കുറി പ്ലാറ്റ്ഫോം വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന പാനലില്‍ പ്രസിദ്ധ ഇന്‍ഡോ- കനേഡിയന്‍ സം‌വിധായിക മീരാ നയ്യാറുമുണ്ട്. ചലച്ചിത്രനിരൂപകര്‍ മാത്രമുള്‍പ്പെടുന്ന ഫിപ്രെസി (FIPRESCI) ജൂറിയില്‍ പ്രസിദ്ധ നിരൂപകനും ബാംഗളൂര്‍ ചലച്ചിത്രോത്സവത്തിന്‍റെ പ്രധാനശില്പികളിലൊരാളുമായ സുബ്രഹ്മണ്യന്‍ വിശ്വനാഥുമുണ്ട്. ആസ്ട്രേലിയയില്‍ നിന്നുള്ള ലെസ്‌ലി ചൗ (Lesley Chow) ആണ്‌ പാനലിന്‍റെ അദ്ധ്യക്ഷന്‍. ഏഷ്യന്‍ ചിത്രങ്ങളുടെ നെറ്റ്‌പാക് (NETPAC) ജൂറി നയിക്കുന്നത് ഫിജിയന്‍ ചലച്ചിത്രകാരനും എഴുത്തുകാരനും അദ്ധ്യാപകനുമായ വില്‍സോണി ഹെറെനിക്കോ (Vilsoni Hereniko) ആണ്‌.

ഇന്ത്യയിലെ മികച്ച മുന്‍‌നിര സം‌വിധായകരില്‍ പലരും തന്നെ ഇത്തവണ മേളയില്‍ ഇല്ലാതെ വരുന്നത് ശ്രദ്ധേയമാകുന്നു. മൂവായിരം വോളന്‍റിയര്‍മാര്‍ മൂന്നാഴ്ചകളോളം ചലച്ചിത്രമേളയില്‍ വേതനമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ടിഫി (TIFF) ന്‌ പതിന്നാലായിരത്തോളം അംഗങ്ങളും നാലു തീയേറ്ററുകളും, ലൈബ്രറിയും, ആര്‍ക്കൈവ്‌സുമെല്ലാം സ്വന്തമായുണ്ട്.

Other News

  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി
  • Write A Comment

     
    Reload Image
    Add code here