നാഫ്ത പോയി; യുഎസ്എംസിഎ വന്നു; നേട്ടം ആര്‍ക്ക്?

Sat,Oct 06,2018


നാഫ്തയുടെ രണ്ടാം രൂപത്തിന് യുഎസും മെക്‌സിക്കോയും കാനഡയും രൂപം നല്‍കി. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ കരാറിനെ രക്ഷിക്കാന്‍ യുഎസ് നല്‍കിയിരുന്ന സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് പുതിയ കരാറുണ്ടായത്. 1994ല്‍ രൂപം നല്‍കിയ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) എന്നറിയപ്പെട്ട വ്യാപാര കരാറിന്റെ പരിഷ്‌ക്കരിച്ച രൂപം യുഎസ്-മെക്‌സിക്കോ-കാനഡ എഗ്രിമെന്റ് (യുഎസ്എംസിഎ) എന്നായിരിക്കും അറിയപ്പെടുക. മൂന്നു രാജ്യങ്ങളുള്‍പ്പെട്ട സ്വതന്ത്ര വ്യാപാര മേഖലയില്‍ 'സ്വതന്ത്രവും ന്യായവുമായ വിപണികളും ശക്തമായ സാമ്പത്തിക വളര്‍ച്ചയും' വാഗ്ദാനം ചെയ്യുന്നതാണ് പുതിയ കരാര്‍.

'മദ്ധ്യവര്‍ഗത്തെ ശക്തിപ്പെടുത്തുകയും മികച്ചതും നല്ല വേതനം ലഭിക്കുന്നതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും' ചെയ്യുന്ന ഒന്നായി 'നവീകരിച്ച' കരാറായ യുഎസ്എംസിഎയെ യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ് റോബര്‍ട്ട് ലൈറ്റൈസറും കനേഡിയന്‍ വിദേശമന്ത്രി ക്ര്യസ്ത്യ ഫ്രീലാന്‍ഡും സംയുക്ത പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. മെക്‌സിക്കോക്കും കാനഡക്കും യുഎസിനും വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്ന 'അത്യാധുനികമായ ഉപകരണ'മെന്നാണ് മെക്‌സിക്കന്‍ ഇക്കോണമി സെക്രട്ടറി ഇന്‍ഡിഫോന്‍സോ ഗുരുജര്‍ഡോ കരാറിനെ വിശേഷിപ്പിച്ചത്.

യുഎസ് പ്രസിഡന്റുമായുമുള്ള സംഭാഷണത്തിന് ശേഷം യുഎസ്എംസിഎ 'പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ത്തന്നെ മത്സരക്ഷമതയും പുരോഗതിയും വര്‍ദ്ധിപ്പിക്കു'മെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. 'എല്ലാവരും വിജയിച്ച' ഒരു കരാറായിട്ടാണ് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിയറ്റോ വിശേഷിപ്പിച്ചത്. 'ചരിത്രപ്രധാനമായ തീരുമാനം' എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തത്.

'പഴയ നാഫ്തക്കും പുതിയ ടി പി പിക്കും ഇടയിലുള്ള ഒരു സൃഷ്ടി' എന്നാണ് കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സിലെ ഗവേഷകനായ ഹാഡ്രിന്‍ മെര്‍ട്ടിന്‍സ് കിര്‍ഗവുഡ് കരാറിനെ വിലയിരുത്തിയത്. 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ സ്വതന്ത്ര വ്യാപാര കരാറായിരുന്ന ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്നും യുഎസിനെ ട്രമ്പ് പിന്‍വലിച്ചിരുന്നു. തര്‍ക്ക പരിഹാര സംവിധാനം, ക്ഷീര വിപണി തുറന്നുകൊടുക്കല്‍, വാഹന നിര്‍മ്മാണ വ്യവസായ ചട്ടങ്ങള്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കിലും വിശദവിവരങ്ങള്‍ വരുംദിവസങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയുള്ളു. യുഎസ്എംസിഎയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

അസ്തമയ വകുപ്പ്
നാഫ്ത അനിശ്ചിത കാലത്തേക്കുള്ള കരാര്‍ ആയിരുന്നുവെങ്കില്‍ യുഎസ്എംസിഎ 16 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇല്ലാതെയാകും. കരാര്‍ പ്രാബല്യത്തില്‍വന്ന് ആറു വര്‍ഷങ്ങള്‍ക്കു ശേഷം മെക്‌സിക്കോ സിറ്റിയും ഓട്ടവയും വാഷിംഗ്ടണും ചേര്‍ന്ന് ഒരു പുനരവലോകനം നടത്തും. ആവശ്യമെങ്കില്‍ 16 വര്‍ഷ കാലാവധിക്കപ്പുറത്തേക്ക് കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനു കഴിയും. കരാറിന് ആയുസ്സ് നിര്‍ണ്ണയിക്കുന്ന 'സണ്‍ സെറ്റ് വ്യവസ്ഥ'ക്ക് ട്രമ്പ് വളരെ മുന്‍ഗണന നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കരാര്‍ പുനരവലോകനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്.

ക്ഷീരവിപണിയില്‍ കാനഡയുടെ വിട്ടുവീഴ്ചകള്‍ പാലിന്റെ വിലയിലുള്ള മാറ്റങ്ങളിലൂടെ കാനഡ അതിന്റെ ക്ഷീര വിപണി തുറന്നുകൊടുക്കുന്നു എന്നതാണ് കരാറിലെ പ്രധാന ഇനം. യുഎസിന്റെ ഡയാഫില്‍റ്റെര്‍ ചെയ്ത പാല്‍ കാനഡയുടെ വിപണിയില്‍ കടന്നുവരാതിരിക്കുന്നതിനായി ആഭ്യന്തരമായി മിച്ചമുള്ള പാലിന്റെ വിലഘടന നിര്‍ണ്ണയിക്കുന്ന 'ക്ലാസ് 7' എന്നറിയപ്പെട്ട കനേഡിയന്‍ പാലുല്‍പ്പന്നങ്ങളുടെ വിഭാഗം പുതിയ കരാറോടെ ഇല്ലാതെയായി.

ഇനിയിപ്പോള്‍ കാനഡയിലെ ക്ഷീരോല്‍പ്പന്ന വ്യവസായികള്‍ക്ക് യുഎസില്‍നിന്നുമുള്ള ഡയാഫില്‍റ്റെര്‍ ചെയ്ത പാല്‍ വാങ്ങാന്‍ കഴിയുമെന്നിരിക്കെ അത് കാനഡയിലെ ക്ഷീര കര്‍ഷകരെ ദോഷകരമായി ബാധിക്കും.

എന്നാല്‍, കാനഡക്കാര്‍ക്ക് കൂടുതല്‍ വൈവിധ്യമുള്ള പാലുല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന മെച്ചവുമുണ്ട്. അത് കാനഡയിലെ ക്ഷീരോല്‍പ്പന്ന മേഖലയില്‍ കൂടുതല്‍ മത്സരമുണ്ടാക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ ക്ഷീരകര്‍ഷകര്‍ കഷ്ടപ്പെടുകയും ഡയറിഫാമുകള്‍ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. ആ മേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയൊന്നും കാനഡ ആവിഷ്‌ക്കരിച്ചിട്ടില്ല.

യുഎസിലെ ക്ഷീര വ്യവസായത്തിന് കയറ്റുമതി അവസരങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നും മെക്‌സിക്കോയില്‍ വിപണി നിലനിര്‍ത്തുന്നതിനും കാനഡയില്‍ ഉടനീളം വിപണി മെച്ചപ്പെടുത്താനും കഴിയുമെന്നും വാഷിങ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഡയറി ഫുഡ് അസോസിയേഷന്‍ പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ ഡൈക്‌സ് പറഞ്ഞു.

മെക്‌സിക്കോയിലേക്ക് വില കുറഞ്ഞതും യുഎസില്‍ സബ്‌സിഡി നല്‍കുന്നതുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുന്നതായി നാഫ്ത കരാറിന്റെ കാലത്തുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. അത് മെക്‌സിക്കോയിലെ ചെറുകിട കര്‍ഷകരെ വിപണിയില്‍നിന്നും തുരത്തി. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ളതൊന്നും യുഎസ്എംസിഎയില്‍ ഇല്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഈ വര്‍ഷമാദ്യം സ്റ്റീലിനും അലുമിനിയത്തിനും തീരുവ ഏര്‍പ്പെടുത്തിയതുപോലെ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രമ്പിന്റെ ഭീഷണി മെക്‌സിക്കോയിലെയും കാനഡയിലെയും കാര്‍ നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് ഒഴിവായി. യുഎസിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് യുഎസ്എംസിഎ ഇരു രാജ്യങ്ങളെയും അനുവദിക്കുന്നു. മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന പരിധി നിലവിലുണ്ടാകും. എന്നാല്‍ ഭാവിയില്‍ ആഗോളതലത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് യുഎസ് തീരുവകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് മെക്‌സിക്കോക്കും കാനഡക്കും ബാധകമാകും.

വാഹനങ്ങളുടെ പാര്‍ട്‌സുകളുടെ 40-45% മണിക്കൂറില്‍ കുറഞ്ഞത് 16 ഡോളര്‍ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ നിര്‍മ്മിച്ചവയായിരിക്കണമെന്ന വ്യവസ്ഥ കാര്‍ വ്യവസായത്തിന്റെ പുറംജോലി കരാര്‍ എളുപ്പമാക്കാന്‍ സഹായിക്കും. ഈ വേതനം മെക്‌സിക്കോയിലെ ശരാശരി വേതനത്തെക്കാള്‍ വളരെ കൂടിയതാണ്. അതുപോലെതന്നെ വാഹന പാര്‍ട്‌സുകളുടെ 62.5% മുതല്‍ 75% വരെ വടക്കേ അമേരിക്കയില്‍ നിര്‍മ്മിച്ചതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് വാഹന പാര്‍ട്‌സുകളില്‍ വടക്കേ അമേരിക്കയുടെ വിഹിതം ഉയര്‍ത്തും.

ക്ഷീര വ്യവസായത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്തുവെങ്കിലും വാഹന വ്യവസായത്തില്‍ സ്വന്തം നില ഉറപ്പിക്കുന്നതില്‍ കാനഡ വിജയിച്ചതായി സ്വകാര്യ മേഖലയില്‍ കാനഡയിലെ ഏറ്റവും വലിയ തൊഴിലാളി യുണിയനായ യുനിഫോര്‍ ദേശീയ പ്രസിഡന്റ് ജെറി ഡയസ് പറഞ്ഞു. കാനഡയില്‍ നിക്ഷേപങ്ങള്‍ തുടരുമെന്ന് ഉറപ്പുവരുത്തുകയും വാഹനങ്ങളുടെ തീരുവ ഭീഷണി ഒഴിവാക്കുകയും പുറം ജോലി കരാര്‍ കൂടുതല്‍ നല്‍കുന്നത് പരിമിതപ്പെടുത്തുകയുമായിരുന്നു ലക്ഷ്യങ്ങള്‍.

കരാര്‍ പൂര്‍ണ്ണമായും നേട്ടമല്ലെങ്കിലും നാഫ്തയെക്കാള്‍ മെച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം യുഎസ്എം സിഎയെക്കുറിച്ച് ഒരു അന്തിമ വിധിയെഴുതാന്‍ കൂടുതല്‍ വിശദവിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കാഴിയൂ എന്നാണ് യുഎസിലെ ഏറ്റവും വലിയ തൊഴിലാളി യുണിയനായ എ എഫ് എല്‍സി ഐ ഒയുടെ പ്രസിഡന്റ് റിച്ചാര്‍ഡ് ട്രൂക്മ പറഞ്ഞത്.

ബൗദ്ധിക സ്വത്ത്
ഔഷധ പേറ്റന്റുകള്‍ക്ക് 10 വര്‍ഷത്തെയും വ്യാവസായിക രൂപകല്‍പ്പനകളുടെ പേറ്റന്റുകള്‍ക്ക് 15 വര്‍ഷത്തെയും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള രാസവസ്തു പേറ്റന്റുകള്‍ക്ക് 10 വര്‍ഷത്തെയും പകര്‍പ്പവകാശത്തിനു 20 വര്‍ഷത്തെയും കാലാവധി നല്‍കിയതിലൂടെ ബൗദ്ധിക സ്വത്തവകാശത്തിന് യുഎസ്എംസിഎ കരുത്തേകുന്നുണ്ട്. എന്നാല്‍ ഔഷധ കമ്പനികള്‍ക്കുള്ള കുത്തകാവകാശം വ്യാപാര കരാറിന്റെ ഭാഗമാക്കുന്നതിലൂടെ ഔഷധങ്ങളുടെ വില കുറച്ചുകൊണ്ടുവരുന്നതിനും ജനറിക് ഔഷധങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തര്‍ക്ക പരിഹാരത്തിലെ മാറ്റങ്ങള്‍ ഭാവിയില്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ലാഭത്തെ ഹനിക്കുംവിധമുള്ള നടപടികള്‍ക്കെതിരെ ഗവണ്മെന്റുകള്‍ക്കെതിരെ കേസ് നല്‍കാന്‍ കമ്പനികളെ അനുവദിക്കുന്ന വിവാദപരമായ നിക്ഷേപകഗവണ്മെന്റ് തര്‍ക്ക പരിഹാര സംവിധാനം കാനഡക്കും യുഎസിനുമിടയില്‍ ഇനിയുണ്ടാകില്ല. നാഫ്തക്ക് കീഴിലുണ്ടായിരുന്ന ഈ സംവിധാനത്തിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കാനഡയാണ്. 2018ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഗവണ്മെന്റിനെതിരെ നല്‍കിയതായ 41 കേസുകളാണ് കാനഡയിലുണ്ടായിരുന്നത്. മെക്‌സിക്കോ 23 കേസുകളും യുഎസ് 21 കേസുകളും നേരിട്ടു. കാനഡയെ സംബന്ധിച്ചിടത്തോളം യുഎസ്എംസിഎയുടെ കാര്യത്തില്‍ ഇത് നല്ലൊരു വാര്‍ത്തതന്നെയാണ്.

കാനഡയിലെ വ്യവസായികള്‍
അസന്തുഷ്ടരായിരിക്കുമെങ്കിലും ജനത്തിന് പൊതുവില്‍ നല്ലതാണ്. കാലാവസ്ഥാ വ്യതിയാനവും തദ്ദേശീയ ജനതയുടെ അവകാശങ്ങളും ഒഴിവാക്കി 21-ാം നൂറ്റാണ്ടിലെ കരാര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും വലിയൊരു പ്രശ്‌നമായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും അതിലില്ല.

പരിസ്ഥിതി സംബന്ധിച്ച അദ്ധ്യായത്തില്‍ ജൈവ വൈവിധ്യം, അന്തരീക്ഷ ഗുണനിലവാരം, കപ്പല്‍ മലിനീകരണം എന്നിവയൊക്കെ പ്രതിപാദിക്കുന്നുണ്ടെങ്കിലും ആഗോള താപനത്തെക്കുറിച്ചോ പാരീസ് കാലാവസ്ഥ ഉടമ്പടിയെക്കുറിച്ചോ ഒന്നും പറയുന്നില്ല. കൂടിയാലോചനകളിലൂടെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മൗനം പാലിക്കുന്നു. ലിംഗനീതി ഉറപ്പാക്കുന്ന ഒരദ്ധ്യായം ഉള്‍ക്കൊള്ളിക്കുന്നതിലും കരാര്‍ പരാജയപ്പെട്ടു.

ജേതാക്കളും പരാജിതരും
യുഎസ്എംസിഎയിലൂടെ ആരാണ് ജേതാക്കളായത്, ആര്‍ക്കാണ് നഷ്ടം സംഭവിച്ചത് എന്നതൊക്കെ ഇനിയും കാണാനിരിക്കുന്നതേയുള്ളു. എങ്കിലും ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കോര്‍പറേറ്റുകളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തര്‍ക്കപരിഹാര സംവിധാനം ഉപേക്ഷിച്ചത് കാനഡക്കുണ്ടായ നേട്ടമായി കാണാമെങ്കിലും അവ്യക്തമായ ചില ചട്ടങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ഗവണ്മെന്റുകള്‍ക്കെതിരെ കേസുകള്‍ നല്‍കുന്നതിന് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മെക്‌സിക്കോയിലെ തൊഴിലാളികള്‍ക്കും കാര്‍ നിര്‍മ്മാണ തൊഴിലാക്കികള്‍ക്കും നേട്ടമുണ്ടാകുമെങ്കിലും നാഫ്തയെപ്പോലെതന്നെ ഇപ്പോഴത്തെ കരാറും ചെറുകിട കര്‍ഷകര്‍ക്ക് ദോഷകരമായ ഒന്നാണ്. നാഫ്ത തുടര്‍ന്നുപോയിരുന്നെങ്കില്‍ അത് മെക്‌സിക്കോക്ക് ദോഷം വരുത്തുമായിരുന്നു. നാഫ്ത രൂപീകൃതമായി കാല്‍ നൂറ്റാണ്ടു പിന്നിടാറുകുമ്പോഴും മെക്‌സിക്കോയിലെ വേതനം 1980ലെ നിലവാരത്തില്‍ത്തന്നെയാണ്. 20 മില്യണിലധികം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്.

കാര്‍ഷിക വൃത്തിയില്‍നിന്നും 5 മില്യനോളം പേര്‍ വലിച്ചെറിയപ്പെട്ടു. ലാറ്റിന്‍ അമേരിക്കയിലെ 20 രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ 15-ാം സ്ഥാനത്തുമാത്രമാണ് മെക്‌സിക്കോ.

കാനഡയ്ക്ക് വലിയൊരു തിരിച്ചടി
'പൊതു വ്യവസ്ഥകളും ഒഴിവാക്കലുകളും' എന്ന അദ്ധ്യായത്തില്‍ (32:10 അനുച്ഛേദം) മറഞ്ഞിരിപ്പുള്ള ഒരു കാര്യം കാനഡക്ക് വലിയ ഭീഷണിയാണ്. ഭാവിയില്‍ കാനഡയും ചൈനയും തമ്മില്‍ ഉണ്ടായേക്കാവുന്ന വ്യാപാര കരാറിന്മേല്‍ യുഎസിനുള്ള വീറ്റോ അധികാരമാണത്. ചൈനയുമായുണ്ടാക്കുന്ന കരാര്‍ യുഎസിന് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ യുഎസ്‌മെക്‌സിക്കോകാനഡ കരാറില്‍ നിന്നും കാനഡ പുറത്താക്കപ്പെടും. അതിലുപരി ചൈനയുമായി എന്തെങ്കിലും കൂടിയാലോചനകള്‍ നടത്തുന്നതിന് 90 ദിവസങ്ങള്‍ക്കു മുമ്പ് യുഎസിനെ അറിയിച്ചിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. കരാര്‍ രൂപപ്പെട്ടുത്തുന്നതിനു മുമ്പ് അതിന്റെ പൂര്‍ണ്ണ രൂപം യുഎസിനെ കാണിച്ച് അംഗീകാരം വാങ്ങുകയും വേണം. യുഎസ്എംസിഎ കരാറിനായി കാനഡയുടെ സ്വതന്ത്രമായ വിദേശനയം ബലികഴിച്ചിരിക്കുന്നുവെന്ന വിമര്‍ശനമാണുയരുന്നത്. യുഎസുമായുമുള്ള കൂടിയാലോചനകളില്‍ കാനഡ തികച്ചും പ്രതിരോധത്തിലായി. നാഫ്തയുടെ കീഴില്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് കാനഡ ശ്രമിച്ചത്. യുഎസ്എംസിഎക്കു കീഴില്‍ കാനഡക്ക് പുതിയ വിപണി ലഭ്യതയൊന്നും ഉണ്ടായില്ല. അതിനു പുറമെയാണ് അനുച്ഛേദം 32:10ന്റെ രൂപത്തില്‍ മറഞ്ഞിരിക്കുന്ന ഭീഷണി.

ചൈനയെന്ന പേര് കരാറില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് വസ്തുതയാണ്. പകരം 'വിപണിയിതര രാഷ്ട്രം' എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ചൈനയുമായി ട്രമ്പ് വ്യാപാര യുദ്ധത്തിലാണ്. ആ സാഹചര്യത്തില്‍ മെക്‌സിക്കോയോ കാനഡയോ ചൈനയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.

ചൈന അതിന്റെ ഉല്‍പ്പന്നങ്ങള്‍ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ മുഖേന യുഎസിലേക്ക് എത്തിക്കുമെന്ന ഭയവും അതിനു പിന്നിലുണ്ട്. എന്തായാലും ഇങ്ങനെയൊരു വ്യവസ്ഥക്ക് കാനഡ എന്തുകൊണ്ട് സമ്മതിച്ചുവെന്നു വ്യക്തമല്ല. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിയറ്റോ അധികാരമൊഴിയുന്നതിനു മുമ്പുതന്നെ നവംബര്‍ അവസാനത്തോടെ കരാറില്‍ മൂന്നു രാജ്യങ്ങളും ഒപ്പുവയ്ക്കും. അതിനുശേഷം മൂന്നു രാജ്യങ്ങളിലെയും നിയമനിര്‍മ്മാണ സഭകളുടെ അംഗീകാരം നേടണം. ഇതെല്ലാം പൂര്‍ത്തിയായ ശേഷം 2020ല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

Other News

 • ഗ്ലോബല്‍ സ്‌ക്കില്‍ സ്ട്രാറ്റജി സ്‌ക്കീം വഴി 24,000 വിദഗ്ധര്‍ കാനഡയിലെത്തി
 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • Write A Comment

   
  Reload Image
  Add code here