ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'

Thu,Dec 06,2018


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിവാദമുളവാക്കിയ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞിട്ട് 9 മാസങ്ങള്‍ പിന്നിട്ടു. തുടര്‍ന്ന് ഇതുവരെയും മന്ത്രിതലത്തില്‍ ഉഭയകക്ഷി സന്ദര്‍ശനങ്ങളൊന്നും ഉണ്ടായിട്ടില്ല. ബന്ധങ്ങളിലെ 'സ്തംഭനാവസ്ഥ' എന്നാണ് ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അതിനെ വിശേഷിപ്പിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്കുകൂടി ബന്ധങ്ങളില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇന്ത്യയില്‍ അടുത്ത വര്‍ഷം പകുതിയോടെ പൊതുതെരെഞ്ഞെടുപ്പ് നടക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുശേഷം ഒക്ടോബറില്‍ കാനഡയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പും നടക്കും. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത് പുതിയ ഗവണ്മെന്റുകളുടെ ചുമതലയായി മാറും. കഴിഞ്ഞ 9 മാസങ്ങളില്‍ പരസ്പര സന്ദര്‍ശനങ്ങളൊന്നും ഉണ്ടായില്ല എന്നതു മാത്രമല്ല, നിശ്ചയിക്കപ്പെട്ട സന്ദര്‍ശനങ്ങള്‍ റദ്ദാക്കുന്നതും ബന്ധങ്ങളില്‍ സംഭവിച്ചിട്ടുള്ള വിള്ളലുകളാണ് പ്രകടമാക്കുന്നത്. വാണിജ്യ മന്ത്രി സുരേഷ് പ്രഭു സെപ്റ്റംബറില്‍ കാനഡ സന്ദര്‍ശിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.

രാജിവച്ച വിദേശ സഹമന്ത്രി എം ജെ അക്ബര്‍ ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും മറ്റുമായി നവംബറില്‍ കാനഡ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് രാജിവക്കേണ്ടിവന്നു. ഹാലിഫാക്‌സ് ഫോറത്തില്‍ പകരം പങ്കെടുക്കേണ്ടിയിരുന്നത് മറ്റൊരു വിദേശ സഹമന്ത്രിയായ വി കെ സിംഗ് ആയിരുന്നു. ടൊറന്റോയിലും ചില പരിപാടികളില്‍ അദ്ദേഹത്തിനായി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവും വന്നില്ല. ഇതേ സമയത്ത് അദ്ദേഹം യുഎസ് സന്ദര്‍ശിക്കുകയും ചെയ്തു.

ഇന്ത്യന്‍ വിദേശ മന്ത്രി സുഷമ സ്വരാജും കനേഡിയന്‍ വിദേശമന്ത്രി ക്ര്യസ്ത്യ ഫ്രീലാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് പല ശ്രമങ്ങളുമുണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. കനേഡിയന്‍ പരിസ്ഥിതി മന്ത്രി കാതറിന്‍ മക്കെന്നയുടെ ഇന്ത്യ സന്ദര്‍ശനവും ഉപേക്ഷിച്ചതായാണ് മനസ്സിലാക്കുന്നത്. ഇന്ത്യന്‍ ഖനി മന്ത്രി നരേന്ദ്ര സിംഗ് ടോമര്‍ മാര്‍ച്ചില്‍ കാനഡ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അത് ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുമുമ്പ് നിശ്ചയിച്ചതായിരുന്നു. മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍ ജൂലൈയില്‍ വാന്‍കൂവര്‍ സന്ദര്‍ശിക്കുകയുണ്ടായി. പക്ഷെ അത് 17-മത് ലോക സംസ്‌കൃത സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു.

വരുംമാസങ്ങളില്‍ എന്തെങ്കിലും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടക്കുമോ എന്നറിയില്ല. തല്‍ക്കാലം ഒന്നും നിശ്ചയിച്ചിട്ടില്ല. അന്താരാഷ്ട്ര വികസനത്തിനായുള്ള കാനഡയുടെ പാര്‍ലമെന്ററി സെക്രട്ടറി കമല്‍ ഖേര ഉടന്‍ ഇന്ത്യയിലെത്തേണ്ടതാണ്. എന്നാല്‍ 2016ലും 2017ലും ഇരു ഗവണ്മെന്റുകളുടെയും ഉന്നത നിലവാരങ്ങളില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ കഴിഞ്ഞ 9 മാസങ്ങളായി നിലച്ച അവസ്ഥയിലാണ്.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here