നക്ഷത്രങ്ങള്‍ പൂത്തിറങ്ങി; തിരുപ്പിറവി പുനരാവിഷ്‌കരിച്ച് എംകെഎ ഗാല

Thu,Dec 27,2018


ടൊറന്റോ: വെളിച്ചവും ശബ്ദവും അഭിനയമികവും സംഗീതപെരുമയും കലാവിരുതുമെല്ലാം ഇഴുകിചേര്‍ന്നപ്പോള്‍ മിസ്സിസാഗ കേരള അസോസിയേഷന്‍ (എംകെഎ) ക്രിസ്മസ് ഗാലയില്‍ എത്തിയവരെ കാത്തിരുന്നത് ഉണ്ണിയേശുവിന്റെ തിരുപ്പിറവി. മാനവകുലത്തിന്റെ വിമോചനത്തിനായി യെരുശലേമിലെ കാലിത്തൊഴുത്തിലൊരുങ്ങിയ തിരുപ്പിറവിയുടെ അടയാളമായി ആകാശത്തു ഉദിച്ചുയര്‍ന്നനക്ഷത്രം ആട്ടിടയര്‍ക്ക് വഴികാട്ടിയായി നീങ്ങുന്ന ദൃശ്യവിസ്മയത്തോടെയായിരുന്നു ഗാലയുടെ കൊടിയേറ്റം. എഴുന്നൂറോളം അതിഥികളെ വരവേറ്റത് വൈദ്യുത ദീപങ്ങള്‍ കൊണ്ടലങ്കരിച്ച ഇടനാഴിയാണ്. ക്രിസ്മസ് പരേഡിന്റെ പ്രതീതി ഉണര്‍ത്തിയ പൂമുഖത്തു പൈന്‍ മരങ്ങളുടെ പശ്ചാത്തലത്തില്‍ റെയിന്‍ഡിയര്‍ കാരവനില്‍ ഉപവിഷ്ടനായ സാന്റാക്‌ളോസ് അതിഥികള്‍ക്ക് ആശംസകള്‍ നേരുകയും കുടുംബങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. സാമൂഹികസാംസ്‌കാരിക സേവന മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എംകെഎയുടെ മുപ്പതാമത് വര്‍ഷത്തെ ഗാലയില്‍ പങ്കെടുത്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് നേരത്തെ എത്തിയ അനുഭവം.മുപ്പതില്‍പ്പരം കലാകാരന്മാര്‍ ഒത്തുചേര്‍ന്ന നേറ്റിവിറ്റി, അവതരണത്തിലും വേഷാലങ്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നതായി. മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞ് വൈഷ്ണവി ആയിരുന്നു ഉണ്ണിയേശുവായി അരങ്ങിലെത്തിയത്.

മോണ്‍ട്രിയോളില്‍ ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ച കോട്ടയംസിനിമയുടെ നിര്‍മാതാക്കളായ സജിത്ത് നാരായണന്റെയും നിഷ ഭക്തന്റെയും കുട്ടിയാണ് വൈഷ്ണവി. സജിത്തും മകന്‍ വേദാന്തും നേറ്റിവിറ്റിയില്‍ വേഷമിട്ടു. ജിമ്മി വര്‍ഗീസ് രചിച്ച്, പ്രിന്‍സ് ഫിലിപ്പ് സംഗീതവുംശബ്ദലേഖനവും നിര്‍വഹിച്ച നേറ്റിവിറ്റി ഷോ അണിയിച്ചൊരുക്കിയത് റോസ് ജോണ്‍സണനാണ്. ലിജോ, അഞ്ജലി, ജിമ്മി, സീനു, മിഷേല്‍ എന്നിവര്‍ പാടി അഭിനയച്ചതും പ്രത്യേകതയായി. ആന്‍ഡ്രിയ, സീനു, ആനറ്റ്, മെല്‍വിന്‍, വിനയ്, സെബീന, ഡോണ, എലിസബത്ത്, അഭിജീത്, നിതിക, നിയതി, മോസസ്, ദ്രിതി, ഗ്‌ളോറിയ എന്നിവരും വേഷമിട്ടു.ബോളിവുഡ് ഫ്യൂഷനില്‍ ഐഷ, മിയ, ആര്യ, അരുണിമ, പവിത്ര, നിയ, ജുവാന്‍, അദ്വെയ്, സ്റ്റീവന്‍, വരുണ്‍കൃഷ്ണ, ഭഗത്, ഹൃഷിത്, രുദ്ര, മാനസി, സ്റ്റിം, ടാനിയ, ദിയ, റെനെ, ജയ്ഡന്‍,ലൂയിസ്, ടിയ, നിള, അനുഷ്‌ക, പര്‍വാന, തന്‍വി എന്നിവര്‍ പങ്കെടുത്തു. രഗണ്യ പൊന്മനാടിയിലാണ് ഈ കുട്ടിപ്പട്ടാളത്തെ ഒരുക്കിയത്. അനഘ, അപ്‌ന, ദ്രുതി, മേഘ, രോഹിത്, ടോം, അഖില്‍ എന്നിവര്‍ ഒരുക്കിയ ചടുലമായ 'ബോളിവുഡ് ഫ്രീ സ്‌റ്റൈല്‍' നൃത്തവും രഗണ്യ, ഐശ്വര്യ, സിദ്ദാര്‍ഥ്, ഗൌതം, അരുണ, മധുമിത, രാഹുല്‍, ജയ്കൃഷ്ണ എന്നിവരുടെ ഫ്യൂഷന്‍ സ്‌ക്വാഡും സദസ്സിനെ ഇളക്കി മറിച്ചു.

എഡ് ഷീറണിന്റെ 'ഷേപ് ഓഫ് യു' ഗാനം സരിഗമപതനിസ ഉള്‍പ്പെടെയുള്ളവയില്‍ ചാലിച്ച് അവതരിപ്പിച്ചും സദസിലെ കുരുന്നുകളെക്കൊണ്ട് അതു പാടിപ്പിച്ചും നൃത്തംചെയ്യിപ്പിച്ചുമെല്ലാം ഗായകനും ഗുരുകൃപ സംഗീതവിദ്യാലയം സാരഥിയുമായ വിദ്യാശങ്കര്‍ പതിവുപോലെ മിന്നിത്തിളങ്ങി. നൃത്തകലാ കേന്ദ്ര ഡാന്‍സ് ആക്കാദമിയിലെ മെലിസ, നേഹ, എമിലി, ആശ്രിതസ, മരീസ, ആന്‍ഡ്രിയ, എമ്മ, റേബ എന്നിവര്‍ അവതരിപ്പിച്ച പരന്പരാഗത നൃത്തശില്‍പം തിന്മയ്‌ക്കെതിരെ നന്മയുടെ ആത്യന്തിക വിജയത്തിന്റെ ആശയം ഉള്‍ക്കൊള്ളിച്ചു നന്ദിനിദേവിയുടെ വിവിധ ഭാവങ്ങള്‍ അവതരിപ്പിച്ചു. വേദ് ഡാന്‍സ് സ്‌കൂളും ഡെലീഷ്യസ് ഡാന്‍സഅക്കാദമിയും ചേര്‍ന്നവതരിപ്പിച്ച 'ഫാസ്റ്റ് ഫ്യൂഷനി'ല്‍ അറിയപ്പെടുന്ന നര്‍ത്തകരായ അനുഷ, ജിഷ സഹോദരിമാരും, ലിജോ ലിന്റോ ഇരട്ടസഹോദരന്മാരും അതുല്യ, മാനസ, ഹെലെന, എയ്ഞ്ചല്‍, ജാന്‍വി, അഭിനവ്, ആദര്‍ശ്, ഇഷാന്‍, സിദ്ധാര്‍ഥ, അക്ഷയ, സിയോണ, വേദിക, അഞ്ജലി, ഗ്‌ളോറിയ, സാറ, വേദാന്ത്, തന്‍വി, വൃന്ദ, ദിയാ എന്നിവരും ചുവടുകള്‍വച്ചു. മധുരഗീതം ആര്‍ജെ ബിന്ദു തോമസ് മേക്കുന്നേലും ജോളി ജോസഫുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

റിയല്‍റ്റര്‍ മനോജ് കരാത്തയും (റീമാക്‌സ്) ഗോപിനാഥന്‍ പൊന്മനാടിയിലും (രുദ്രാക്ഷ രത്‌ന) മുഖ്യപ്രായോജകരായ ക്രിസ്മസ് ഗാലയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ദിനേശ് ഭാട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. ഏത് ആവശ്യത്തിനും തന്റെ കാര്യാലയുമായി ബന്ധപ്പെടുന്നതിന് നിര്‍ദേശിച്ച ഭാട്ടിയ, വെള്ളിയാഴ്ചകളില്‍ രാവിലെ പത്തിനും പന്ത്രണ്ടിനും മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദര്‍ശിക്കാമെന്നും ഓര്‍മിപ്പിച്ചു. സെപ്റ്റംബറില്‍ സംഘടിപ്പിച്ച ബാലകലോത്സവത്തിലെ പെയിന്റിങ്, പംപ്കിന്‍ കാര്‍വിങ്, പ്രച്ഛന്നവേഷ മല്‍സരങ്ങളിലെ വിജയികളെ മാള്‍ട്ടണ്‍ എം. പി. പി ദീപക് ആനന്ദ് പ്രശംസാപത്രവും ഫലകവും നല്‍കി ആദരിച്ചു. മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരംഡോളര്‍ കൈമാറിയതുള്‍പ്പെടെ ഇരുപതിനായിരത്തിലേറെ ഡോളര്‍ കാരുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാനായത് അഭിമാനര്‍ഹമായ നേട്ടമായി എംകെഎ പ്രസിഡന്റ് പ്രസാദ് നായര്‍ ചൂണ്ടിക്കാട്ടി. കലാപരിപാടികള്‍ക്കൊടുവില്‍ ആര്‍പ്പോ സ്റ്റുഡിയോ ഒരുക്കിയ ഡിജെ ഫ്‌ളോറില്‍ പ്രായഭേദമെന്യേ അതിഥികള്‍ പങ്കെടുത്തു. രാവേറെ നീണ്ട നൃത്താഘോഷങ്ങളില്‍ കുടുംബമായി പങ്കെടുത്ത ഇവര്‍ കേരളത്തിന്റെ തനതു സൗഹാര്‍ദത്തിന്റെയും ഉയര്‍ന്ന സാംസ്‌കാരിക മൂല്യത്തിന്റെയും സ്ഥാനപതിമാര്‍കൂടിയായി മാറുന്നതിനും എംകെഎയുടെ ക്രിസ്മസ് ഗാല വഴിയൊരുക്കി. പാരന്പര്യമൂല്യങ്ങളില്‍ ഊന്നിയുള്ള സാമൂഹികമായ ഒത്തൊരുമയാണ് മലയാളി കുടുംബങ്ങളെ എംകെഎയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഇവന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ജോളി ജോസഫും രാധിക ഗോപിനാഥനും പറഞ്ഞു.

ചെറിഷ് എം.

Other News

 • വിദേശീയരെ റിക്രൂട്ട് ചെയ്യാന്‍ യു.എസ് കമ്പനികള്‍ കാനഡയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു!
 • ബോണ്ടിലൂടെ പണം സമാഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍
 • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
 • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
 • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
 • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
 • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
 • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
 • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
 • ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍
 • Write A Comment

   
  Reload Image
  Add code here