ഏപ്രിലില്‍ റിക്കാര്‍ഡ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കാനഡ

Fri,May 10,2019


ഓട്ടവ: തൊഴില്‍ മാര്‍ക്കറ്റില്‍ റിക്കാര്‍ഡ് ജോലികള്‍ പുതിയതായി സൃഷ്ടിച്ചതിന്റെ ആവേശത്തിലാണ് കാനഡ. സാധാരണ ഈ സമയത്ത് സാമ്പത്തിക മേഖലയില്‍ മാന്ദ്യത അനുഭവപ്പെടുന്നതാണ് പതിവെങ്കിലും ഇത്തവണ തൊഴിലുകളുടെ എണ്ണത്തില്‍ മാത്രമല്ല വേതന കാര്യത്തിലും രാജ്യത്ത് മുന്നേറ്റമുണ്ടായി. ഏപ്രിലില്‍ കനേഡിയന്‍ സമ്പദ് വ്യവസ്ഥയില്‍ പുതിയതായി 106,500 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്ക്. 15000 തൊഴിലവസരങ്ങളുടെ വര്‍ധന പ്രതിക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ നേട്ടമുണ്ടായതെന്ന് സി.ഐ.ബി.സി വേള്‍ഡ് മാര്‍ക്കറ്റ്‌സിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 1976 ല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ താരതമ്യ പഠനം ആരംഭിച്ചതിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ വര്‍ധനയാണ് ഏപ്രിലില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 5.7 ശതമാനമാണ്. തലേ മാസം ഇത് 5.8 ശതമാനമായിരുന്നു. യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാനദണ്ഡമനുസരിച്ച് കണക്കാക്കിയാല്‍ കാനഡയിലെ തൊഴിലില്ലായ്മ 4.7 ശതമാനമാണ്.
എനര്‍ജി മേഖലയിലുള്ള കരുത്തു ചോര്‍ച്ചയും, ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും സൃഷ്ടിച്ച നിരാശാജനകമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കാനഡയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എന്നത് പ്രത്യേക ശ്രദ്ധ നേടുന്നു. സാമ്പത്തിക മേഖല കരുത്തു ചോര്‍ന്ന അവസരത്തില്‍ തൊഴിലവസരങ്ങളിലുണ്ടായ വലിയ കുതിപ്പ് മനസിക്കാന്‍ ബുദ്ധമുട്ടാണെന്ന് സി.ഐ.ബി.സി വേള്‍ഡ് മാര്‍ക്കറ്റ്‌സിലെ സാമ്പത്തിക വിദഗ്ധനായ ആവ്രി ഷെന്‍ഫെല്‍ഡ് പറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ആഭ്യന്തര വളര്‍ച്ച കരുത്തു നേടുമെന്ന ബാങ്ക് ഓഫ് കാനഡയുടെ നിരീക്ഷണം ശരിയായിരുന്നുവെന്നാണ് തൊഴിലവസരങ്ങളുടെ വര്‍ധന കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷം അടിസ്ഥാനമായി കണക്കാക്കുമ്പോള്‍ വേതനത്തില്‍ ഏപ്രിലില്‍ 2.5 ശതമാനം വര്‍ധനയുണ്ടായി. എട്ടു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും മികച്ച നേട്ടമാണിത്. 73,000 ഫുള്‍ ടൈം തൊഴിലും, 33,600 പാര്‍ട്ട് ടൈം തൊഴിലുമാണ് ഏപ്രിലില്‍ സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 83,800 തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയിലും, 22,700 അവസരങ്ങള്‍ പൊതുമേഖലയിലുമാണ് ഉണ്ടായത്.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here