കാനഡ പാര്‍ലമെന്റിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുവാന്‍ ഒരു മലയാളി

Wed,May 15,2019


ടൊറന്റോ: കാനഡ പാര്‍ലമെന്റിലേക്ക് മിസ്സിസാഗ - മാള്‍ട്ടന്‍ മണ്ഡലത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ടോം വര്‍ഗീസ് മത്സരിക്കും. പ്രൈമറിയില്‍ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ പിന്മാറുകയും, അവശേഷിച്ച രണ്ടു പേരില്‍ നിന്ന് ടോം വര്‍ഗീസിനെ ഈ മണ്ഡലത്തിലെ ഔദ്യോഗിക സ്ഥനാര്‍ഥിയായി പാര്‍ട്ടി തെരഞ്ഞെടുക്കുകയുമായിരുന്നു. 2019 ഒക്‌ടോബര്‍ 21 നാണ് വോട്ടെടുപ്പ്. ഇത്തവണ മത്സരരംഗത്തുള്ള ഏക മലയാളിയാണ് ടോം വര്‍ഗീസ്.
ട്രൂഡോ മന്ത്രിസഭയിലെ അംഗവും സിക്ക് വംശജനുമായ നവദീപ് ബെയിന്‍സാണ് ഈ മണ്ഡലത്തില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. എതിരാളി മന്ത്രിയാണെങ്കിലും അടുത്തയിടെ നടന്ന പ്രൊവിന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ദീപക് ആനന്ദ് ജയിച്ചത് ടോമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പഞ്ചാബ് വംശജനാണ് ദീപക് ആനന്ദ്.
34 വര്‍ഷം മുമ്പ് കാനഡയില്‍ എത്തിയ ടോം പടിപടിയായി ഉയര്‍ച്ചയുടെ പടവുകള്‍ പിന്നിടുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ജി.എസ്.എ, ടൊറന്റോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ കണ്‍ട്രോള്‍ ടവര്‍ എന്നിവിടങ്ങളില്‍ തുടക്കത്തില്‍ ജോലി ചെയ്ത ടോം പിന്നീട് ബിസിനസ് രംഗത്തേക്കു തിരിഞ്ഞു. ട്രവാല്‍ ഏജന്‍സി രംഗത്ത് 2012 വരെ തുടര്‍ന്ന ശേഷം ഇപ്പോള്‍ ഇംപോര്‍ട്ടിംഗ് കമ്പനി നടത്തുന്നു.
2010 മുതലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ സജീവമായത്. പാര്‍ലമെന്റ് അംഗമായിരുന്ന മലയാളിയായ ജോ ഡാനിയേലിന്റെ സ്വാധീനത്തിലാണ് പാര്‍ട്ടിയില്‍ എത്തുന്നത്. 2017 മുതല്‍ പാര്‍ട്ടിയുടെ ഇലക്‌ട്രോ ഡിസ്ട്രിക്ട് അസോസിയേഷന്‍ (ഇ.ഡി.എ) ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മണ്ഡലത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണിത്. 1,20,000 ത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇന്ത്യന്‍ വംശജര്‍ 20 - 25 ശതമാനത്തോളം വരും. വോട്ടുള്ള മലയാളികളുടെ എണ്ണം തൊള്ളായിരത്തോളമാണ്. ജൂണ്‍ ഒന്നിന് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ടോം പറഞ്ഞു. പ്രചാരണത്തിന് പാര്‍ട്ടി ചെറിയ തോതില്‍ സഹായം ലഭ്യമാക്കുമെങ്കിലും ബാക്കിയുള്ള തുക ഫണ്ട് സമാഹരണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും (എന്‍.ഡി.പി) ഇവിടെ സ്ഥാനാര്‍ഥിയെ നിറുത്തുന്നുണ്ട്. ത്രികോണ മത്സരമാവും ഉണ്ടാവുക.
റാന്നി കണ്ടംപേരൂര്‍ കപ്പാമൂട്ടില്‍ കുടുംബാംഗമായ കെ.ടി.വര്‍ഗീസ് - ചിന്നമ്മ ദമ്പതികളുടെ മകനാണ് ടോം. ഭാര്യ ജിജി പുനലൂര്‍ വാഹനില്‍ക്കുന്നതില്‍ കുടുംബാംഗം. മക്കള്‍: ഡാനി, ജോനഥന്‍. മരുമകള്‍: മോന.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here