രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു

Mon,May 20,2019


ചാരവൃത്തി കുറ്റമാരോപിച്ച് ചൈന രണ്ടു കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തുവെന്ന് വച്ചാൽ ഔപചാരികമായി അറസ്റ്റ് രേഖപെടുത്തിയെന്നു മാത്രം. കഴിഞ്ഞ 5 മാസങ്ങളായി ഇവര്‍ തടവിലായിരുന്നു. യുഎസിന്റെ ആവശ്യപ്രകാരം വഹ്‌വെ ടെക്‌നോളോജിസ് കമ്പനിയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പകപോക്കല്‍ എന്ന നിലയിലാണ് ഈ നടപടി. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഗവേഷകനുമായ മൈക്കല്‍ കോവ്‌റിഗ് അറസ്റ്റ് ചെയ്യപ്പെട്ടത് രാഷ്ട്രരഹസ്യങ്ങളും ഇന്റലിജന്‍സ് വിവരങ്ങളും ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ്. രാഷ്ട്രരഹസ്യങ്ങള്‍ മോഷ്ടിച്ച് വിദേശ ശക്തികള്‍ക്ക് വിറ്റുവെന്ന കുറ്റത്തിനാണ് ബിസിനസുകാരനായ മൈക്കല്‍ സ്പാവോര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടുപേരുടെയും അറസ്റ്റ് ചൈനീസ് വിദേശമന്ത്രാലയമാണ് അറിയിച്ചത്.

ചൈനീസ് പ്രോസിക്യൂട്ടര്‍മാര്‍ ഇരുവരുടെയും അറസ്റ്റിനു അംഗീകാരം നല്‍കിയെന്നും പതിവ് വാര്‍ത്താ സമ്മേളനത്തില്‍ വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ചാരവൃത്തി നടത്തിയതെന്ന് പറഞ്ഞില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ വെബ്‌സൈറ്റില്‍ ചെയ്തതുപോലെ അവരുടെ അറസ്റ്റിനെ ഏതെങ്കിലും കാര്യവുമായി ബന്ധപ്പെടുത്തിയതുമില്ല. ദേശീയ സുരക്ഷയുടെ പേരിലാണ് ഡിസംബറില്‍ കോവ്‌റിഗ്‌നെയും സ്പാവോറിനെയും ആദ്യം തടഞ്ഞുവെച്ചത്. അറസ്റ്റ് ഔപചാരികമായി രേഖപെടുത്തിയതോടെ കേസ് വിചാരണ ചെയ്യേണ്ടുന്ന ഘട്ടത്തിലായി. കടുത്ത ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തിട്ടുള്ളത്. ഇരുവര്‍ക്കും നിയമ സഹായം ലഭ്യമാകുമോയെന്നു വ്യക്തമല്ല. അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല.

കോവ്‌റിഗ്, സ്പാവോര്‍ എന്നിവരുടെ അറസ്റ്റിനെ കനേഡിയന്‍ വിദേശമന്ത്രാലയം അപലപിച്ചിരുന്നു. അവരെ വിട്ടയക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. വഹ്‌വെ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വന്‍ഷുവിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമെന്ന നിലയില്‍ മാത്രമാണ് ഇരുവരെയും ചൈന തടഞ്ഞുവെച്ചതെന്നാണ് അവരെ പിന്തുണക്കുന്നവരും നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടത്. ഡിസംബര്‍ ഒന്നിന് മെങ് വന്‍ഷുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചൈനയും യുഎസും തമ്മില്‍ വലിയ നയതന്ത്ര തര്‍ക്കമുണ്ടായി. കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതുകൊണ്ട് മെങ്ങിനെ വിട്ടയ്ക്കുകയില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. 'ഞങ്ങളുടെ സമീപനവുമായി ചൈന യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമുള്‍പ്പടെ ഞങ്ങളുടെ വ്യവസ്ഥകളിലോ മൂല്യങ്ങളിലോ മാറ്റമൊന്നും വരുത്താന്‍ പോകുന്നില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇറാനെതിരായ ഉപരോധങ്ങള്‍ മറികടക്കുന്നതിനായി ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റമാണ് മെങ്ങിനെതിരേ യുഎസ് ചുമത്തിയിട്ടുള്ളത്. മെങ് കുറ്റം നിഷേധിച്ചു. വാന്‍കൂവര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട മെങ് ജാമ്യത്തിലിറങ്ങുകയും കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടികള്‍ക്കായി കാത്തിരിക്കുകയുമാണ്.

വഹ്‌വെ കമ്പനി ദേശീയ സുരക്ഷക്കൊരു ഭീഷണിയാണെന്ന മട്ടില്‍ ബഹുമുഖമായ പ്രചാരണമാണ് യുഎസ് നടത്തുന്നത്. കമ്പനിയുടെ നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗപ്പടുത്തിയാല്‍ ചൈനയുടെ ചാരവൃത്തിക്ക് ഇരയാകുമെന്ന് മുന്നറിയിപ്പാണ് സഖ്യരാഷ്ട്രങ്ങള്‍ക്കും സുഹൃത് രാഷ്ട്രങ്ങള്‍ക്കും യുഎസ് നല്‍കുന്നത്. എന്നാൽ മറ്റുള്ളവര്‍ക്കെതിരെ ചാരവൃത്തിയൊന്നും നടത്തിയിട്ടില്ലന്നും അതിനായി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വഹ്‌വെ കമ്പനി പറയുന്നുത്. കഴിഞ്ഞയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ട്രംപും ട്രൂഡോയും കോവ്‌റിഗിന്റെയും സ്പാവൊരുടെയും തടവിനെക്കുറിച്ചും ചൈനയുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

നിയമാനുസൃതമായിട്ടാണ് തന്റെ രാജ്യം നീങ്ങിയതെന്നു വ്യക്തമാക്കിയ ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ വക്താവ് ചൈനയുടെ ജുഡീഷ്യല്‍ വ്യവസ്ഥിതിയെ വിമര്‍ശിക്കരുതെന്നു കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു. ഡിസംബര്‍ 10നാണ് കോവ്‌റിഗും സ്പാവോരും അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടുപേരും വ്യത്യസ്തമായ നഗരങ്ങളിലാണ് തടവില്‍ കഴിയുന്നത്. മെങ്ങിന്റെ അറസ്റ്റിനു ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്നു ചൈന മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. അന്നുമുതല്‍ ഏകാന്ത തടവില്‍ കഴിയുന്ന ഇരുവരും നിരന്തരമുള്ള ചോദ്യം ചെയ്യലിനും വിധേയരാകുന്നുണ്ട്. കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ അവരെ അനുവദിക്കുന്നതുമില്ല.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here