വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ

Tue,May 21,2019


ഉയർന്ന വിലക്ക് ഭവനങ്ങൾ വാങ്ങി കടം വർദ്ധിപ്പിക്കുന്ന പ്രവണത കുറഞ്ഞതോടെ കാനഡയിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും കടഭാരം കുറയുകയും ഭാവനവിപണിയിൽ കൂടുതൽ അച്ചടക്കം വരുകയും ചെയ്തിട്ടുണ്ട്. വ്യക്തികളുടെ കടം വര്‍ദ്ധിക്കുന്നതിലും കുമിളകള്‍ പോലെ ആവർത്തിച്ച് ഭവനവിപണി പൊട്ടിത്തകരുന്നതിലും കനേഡിയന്‍ സമ്പദ്ഘടന വല്ലാതെ ആശങ്കപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അതല്‍പ്പം ശമിച്ചിട്ടുണ്ട്. പലിശനിരക്കുകള്‍ ഉയര്‍ന്നതും പണയവ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതും അതിനു സഹായിച്ചതായി ബാങ്ക് ഓഫ് കാനഡ പറയുന്നു.

കനേഡിയന്‍ നഗരങ്ങളായ ടൊറോന്റോയിലും വാന്‍കൂവറിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഭവനങ്ങളുടെ പുനര്‍വില്‍പ്പനയും വിലയിലുള്ള വര്‍ദ്ധനവും ഗണ്യമായി കുറഞ്ഞുവെന്ന് ബാങ്ക് ഓഫ് കാനഡയുടെ വാര്‍ഷിക ഫിനാന്‍ഷ്യല്‍ സിസ്റ്റം റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബങ്ങള്‍ കടം വാങ്ങുന്നത് കുറഞ്ഞു. ഏറെ ആളുകൾ ഭവനങ്ങള്‍ വാങ്ങുന്നതിനുള്ള തീരുമാനം വൈകിപ്പിക്കുകയാണ്. പലരും വില കുറവുള്ള ഭവനങ്ങള്‍ വാങ്ങുകയും. അതോടൊപ്പം പുതിയ പണയ-വായ്പാ ചട്ടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തു.

ഇവയെല്ലാം നല്ല സൂചനകള്‍തന്നെയാണെങ്കിലും ജാഗ്രത തുടരേണ്ടതിനു പ്രധാനപ്പെട്ട പല കാരണങ്ങളുമുണ്ടെന്നു ബാങ്ക് ഓഫ് കാനഡ ഗവര്‍ണ്ണര്‍ സ്റ്റീഫന്‍ പോളോസ് പറയുന്നു. ഇപ്പോഴും ഉപഭോക്താക്കളുടെ കടത്തിന്റെ നിലവാരം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പല കുടുംബങ്ങളും വലിയ കടക്കെണിയിലാണ്. അതേസമയം സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതിനെ തുടർന്ന് സമ്പദ്ഘടനക്കുള്ളിലെ അപകടസാധ്യതകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പ്പം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വരും മാസങ്ങളില്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ശക്തിപ്പെടുമ്പോള്‍ ഈ അപകട സാധ്യതകള്‍ ഇല്ലാതെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിന്റെ രണ്ടാം പകുതിയാകുമ്പോഴേക്കും വളര്‍ച്ച ശക്തിപ്പെടുന്ന ഒരു പ്രവണത പ്രകടമാകുമെന്നും പോളോസ് പറയുന്നു. സൈബര്‍ ഭീഷണിയാണ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു ഘടകം. ഒരു സൈബര്‍ ആക്രമണം രാജ്യത്തെ പരസ്പരബന്ധിതമായ മുഴുവന്‍ ധനകാര്യസ്ഥാപനങ്ങളെയും ബാധിക്കും.

വര്‍ദ്ധിക്കുന്ന കോര്‍പ്പറേറ്റ് കടമാണ് ബാങ്ക് ഓഫ് കാനഡ ആശങ്കപ്പെടുന്ന മറ്റൊരു പ്രശ്‍നം. പ്രത്യകിച്ച് ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇത് വലിയ ആശങ്കയുളവാക്കുന്നത്. ധനകാര്യ ഇതര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വരുമാനവും കടവും തമ്മിലുള്ള അനുപാതം 2018ല്‍ 315% ആയിരുന്നു. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ശരാശരി നിലവാരമാണിത്. ഇതാദ്യമായി സമ്പദ്ഘടനക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങളുടെ പട്ടികയില്‍ കാലാവസ്ഥാ വ്യതിയാനവും കനേഡിയന്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടുത്തി. വലിയ നാശമുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ അപകടങ്ങള്‍ക്കൊപ്പം തന്നെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റവും അപകട സാധ്യത ഉയര്‍ത്തുന്നതാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here