മസാല ബോണ്ട

Mon,Sep 25,2017ചേരുവകള്‍:
ഉരുളക്കിഴങ്ങ്- അരക്കിലോ, സവാള- 3 , പച്ചമുളക്- 5 കടലപ്പൊടി- 1 കപ്പ്, മൈദ- അരക്കപ്പ്, അരിപ്പൊടി- കാല്‍ കപ്പ് , സാമ്പാര്‍ കായപ്പൊടി- ഒരു നുള്ള്, വലിയ ജീരകം- 1 സ്പൂണ്‍ , മുളക്‌പൊടി- 1 സ്പൂണ്‍ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 സ്പൂണ്‍ , മഞ്ഞപൊടി- കാല്‍ സ്പൂണ്‍ , വെളിച്ചെണ്ണ- 2 സ്പൂണ്‍ , കടുക്- അരസ്പൂണ്‍ , കറിവേപ്പില- രണ്ട് അല്ലി ഉപ്പ്- ആവശ്യത്തിന് , മല്ലിച്ചപ്പ്- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ച് വെക്കുക. ഇനി അടുപ്പില്‍ ഒരു പാത്രം വച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വലിയ ജീരകവും കറിവേപ്പിലയും ചേര്‍ക്കുക. ഇത് ഒന്നു വാടുമ്പോഴേക്കും അതിലേക്ക് ഉള്ളിയും പച്ചമുളകും കൂടി ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നുവരുമ്പോഴേക്കും മഞ്ഞപൊടിയും ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. മസാല പകുതി വേവായാല്‍ മതിയാകും. ഇനി ഈ മസാല നേരത്തേ ഉടച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങില്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് മല്ലിച്ചപ്പും ഉപ്പും കൂടി ചേര്‍ത്തു വേണം ഇളക്കിയെടുക്കാന്‍.
ഇനി ഈ കൂട്ട് കൈകൊണ്ട് തൊടാവുന്ന ചൂടായശേഷം ചെറിയ പിടികളായെടുത്ത് കൈകൊണ്ട് ഉരുട്ടി ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി വെക്കുക. ഇനി മറ്റൊരു പാത്രത്തില്‍ കടലപ്പൊടി, മൈദ, അരിപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയെടുത്ത് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്തിളക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തില്‍ വേണം ഈ മിശ്രിതം കലക്കി വയ്ക്കാന്‍. തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ മുങ്ങിക്കിടന്ന് വേവാന്‍ പാകത്തിലുള്ള ഒരു പാത്രത്തില്‍ എണ്ണയെടുത്ത് ചൂടാക്കുക.
എണ്ണ ചൂടായ ശേഷം ഉരുളകള്‍ ഉടഞ്ഞുപോകാതെ സൂക്ഷിച്ചെടുത്ത് കലക്കി വച്ചിരിക്കുന്ന മാവില്‍ മുക്കി എണ്ണ പുറത്തേക്ക് തെറിക്കാതെ ശ്രദ്ധിച്ച് എണ്ണയിലേക്ക് ഇട്ട് സ്വര്‍ണനിറമാകും വരെ മൊരിച്ച് കോരുക.

Write A Comment

 
Reload Image
Add code here