ഹാന്‍ഡ്‌ലൂം വാങ്ങുമ്പോള്‍

Mon,Aug 14,2017


നെയ്യുന്ന തുണിയിലേക്ക് ആത്മാംശം കോരിച്ചൊരിയുന്ന ഒരു ശില്‍പിയുടെ കഠിനമായ പരിശ്രമത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും പൂര്‍ണതയാണ് ഒരോ ഹാന്‍ഡ്‌ലൂം വസ്ത്രങ്ങളും. പക്ഷേ അണിയുന്ന നമ്മള്‍ പലപ്പോഴും അതൊന്നും ആലോചിക്കാറില്ലെന്ന് മാത്രം.
യന്ത്രവല്‍കൃത നിര്‍മാണം മൂലം ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കൈത്തറിയെന്ന വ്യജേനയെത്തുന്ന തുണിത്തരങ്ങള്‍ കുറവല്ല. പലപ്പോഴും ഉപഭോക്താക്കള്‍ ഇത്തരം മൂന്നാംകിട ഉല്‍പ്പന്നങ്ങള്‍ വാങ്ങി വഞ്ചിക്കപ്പെടാറുമുണ്ട്. ഇതിനുള്ള പ്രധാന കാരണം ഹാന്‍ഡ്‌ലൂമിനെപ്പറ്റിയും വീവിങ്ങിനെപ്പറ്റിയും വ്യക്തമായ ധാരണ നമുക്കില്ലാത്തതുകൊണ്ടാണ്. കൈത്തറി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇത്തരം കബളിക്കപ്പെടലുകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ സാധിക്കും.
ഹാന്‍ഡ്‌ലൂമിന്റെ കാര്യമെടുത്താല്‍ ശുദ്ധമായ സില്‍ക്കും സിന്തറ്റിക് പോളിസ്റ്റര്‍ ഫാബ്രിക്കും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ പല വഴികളുണ്ട്. സ്വയം കബളിക്കപ്പെടാതിരിക്കാന്‍ ഈ വഴികള്‍ ഒന്നു മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. 1) ഒരു ചെറിയ നൂല്‍ തുണിയില്‍ നിന്നുമെടുത്ത് കത്തിച്ചുനോക്കുക. കത്തിത്തീരുമ്പോള്‍ പ്ലാസ്റ്റിക്ക് സ്വഭാവമുള്ള വസ്തു അവശേഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ കൈവശം ഇരിക്കുന്ന സാരി പൊളിസ്റ്റര്‍ മിശ്രിതമാണെന്ന്. കത്തിതീരുമ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല എന്നുണ്ടെങ്കില്‍ അത് ശുദ്ധമായ കോട്ടണ്‍ അഥവാ സില്‍ക്ക് ആയിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.
2) മേല്‍പ്പറഞ്ഞ രണ്ടു മെറ്റീരിയലുകള്‍ തമ്മില്‍ സൗന്ദര്യാത്മകമായ വ്യത്യാസങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കുക. ശ്രദ്ധിച്ചു നോക്കിയാല്‍ നെയ്തുവച്ചിരിക്കുന്ന ഇഴകള്‍ തമ്മില്‍ ഒരു തുല്യതയുണ്ടാവില്ല എന്നു കാണാം. ഈ തുല്യതയില്ലായ്മയാണ് ഒറിജിനല്‍ കൈത്തറി വസ്ത്രങ്ങളുടെ സൗന്ദര്യവും പ്രധാനപ്പെട്ട സവിശേഷതയും.
3) ഒറിജിനല്‍ ഹാന്‍ഡ്‌ലൂം സാരിയില്‍ നിങ്ങള്‍ക്ക് എപ്പോഴും മുന്താണിയുടെ അടുത്തായി നൂല്‍കെട്ടുകളും, പട്ടുതഞ്ചങ്ങളും അഥവാ തൊങ്ങലുകളും കാണാന്‍ സാധിക്കും.
4) തനതായ പട്ടുസാരിയുടെ രണ്ടറ്റങ്ങളിലുള്ള ബോര്‍ഡില്‍ ചെറിയ ദ്വാരങ്ങള്‍ കാണാന്‍ സാധിക്കും. ഈ ദ്വാരങ്ങള്‍ മുഖേനയാണ് നെയ്ത്തുകാരന്‍ തുണി നെയ്ത്ത് യന്ത്രത്തില്‍ ഘടിപ്പിച്ചു നെയ്ത്തു ചെയ്യുന്നത്. നേരമറിച്ച്, ഇത്തരം ദ്വാരങ്ങള്‍ പവല്‍ലൂമില്‍ നിര്‍മിച്ച സാരികള്‍ക്കുണ്ടാവില്ല.
5) ഒരു ഹാന്‍ഡ്‌ലൂം ഫാബ്രിക്കില്‍ ധാരാളം അപൂര്‍ണത കാണാന്‍ കഴിയും. ഈ അപൂര്‍ണത തന്നെയാണ് കൈത്തറിയുടെ സൗന്ദര്യവും സാധാരണത്വവും. പവല്‍ലൂമില്‍ ചെയ്‌തെടുത്ത തുണിയില്‍ മേല്‍പ്പറഞ്ഞ സവിശേഷതകള്‍ കാണാന്‍ സാധിക്കില്ല. ഈ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നാല്‍ നമ്മള്‍ കബളിക്കപ്പൊടാതിരിക്കും.

Write A Comment

 
Reload Image
Add code here