കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ

Thu,Feb 01,2018


കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ കോഫീ ഷോപ്പുകളില്‍ രാവിലെ കടുപ്പത്തിലൊരു കാപ്പികുടിക്കാനെത്തുന്നവര്‍ക്ക് കാപ്പികുടിച്ചാലുണ്ടാകാവുന്ന ഒഗുരുതരമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് കോഫീഷോപ്പു ജീവനക്കാര്‍ ഒരു മുന്നറിയിപ്പുകൂടി കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ശരീരത്തിനും മനസിനും കാപ്പി ഉണര്‍വ്വുണ്ടാക്കുമെങ്കിലും പതിവായ കാപ്പികുടി കാന്‍സറിനെ ക്ഷണിച്ചുവരുത്തും എന്നാണ് കലിഫോര്‍ണിയയിലെ ആരോഗ്യ വകുപ്പധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ കോഫിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ നീണ്ട പട്ടികയാണ് അധികൃതര്‍ തയ്യാറാക്കിയിട്ടുള്ളത്. കോഫീ ബീന്‍ വറുക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അക്രിലാമൈഡ് എന്ന രാസവസ്തുഉള്‍പ്പെടെയുള്ള ഇവ കാപ്പിയിലൂടെ പതിവായി ഉള്ളില്‍ചെന്നാല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്ന് അധികൃതര്‍ പറയുന്നു.
ലോസ് ആഞ്ജലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ അന്റ് റിസര്‍ച്ച് ഓണ്‍ ടോക്‌സിന്‍സ് എന്ന സന്നദ്ധ സംഘടന 2010 ല്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍, സ്റ്റാര്‍ ബക്‌സ്, 7-ഇലവന്‍, ബിപി തുടങ്ങിയ പ്രമുഖ കോഫി നിര്‍മ്മാതാക്കളും കച്ചവടക്കാരും കാന്‍സറിനുകാരണമായ കാപ്പിയിലുള്ള മാരക വിഷവസ്തുക്കളെക്കിറിച്ച് ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നില്ല എന്ന് ആരോപിച്ചിരുന്നു.
കാലിഫോര്‍ണിയയിലെ വാട്ടര്‍ അന്റ് ടോക്‌സിക് എന്‍ഫോഴ്‌സ്‌മെന്റ് ആക്ട്-1986 പ്രകാരം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യ പാനീയങ്ങളുടെ വില്പനയ്ക്കു മുമ്പ് ഉപഭോക്താക്കള്‍ക്ക് അതുപയോഗിച്ചാലുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കണം എന്നാണ്.
നിയമം ലംഘിച്ച ഈ കാപ്പി നിര്‍മാണ വില്‍പന കമ്പനികള്‍ പിഴ ഒടുക്കുന്നതിനുപുറമെ കാന്‍സറുണ്ടാക്കുന്ന അക്രലാമൈഡ് ഉള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കാപ്പി സ്‌നേഹികളുടെ കാപ്പികുടി നിര്‍ത്തിക്കുകയല്ല കോഫി നിര്‍മാതാക്കള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ തോത് പരമാവധികുറയ്ക്കുക എന്നതാണ് തങ്ങളുടെ നിയമ പോരാട്ടത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഹര്‍ജിനല്‍കിയ സംഘടനയുടെ പ്രതനിധിയായ റാഫേല്‍ മെറ്റ്‌സ്ഗര്‍ പറഞ്ഞു.
താന്‍ കാപ്പിയ്ക്ക് ്അഡിക്ടായ ആളാണെന്ന തുറന്ന പറഞ്ഞ റാഫേല്‍ അക്രിലാമൈഡ് പോലുള്ള രാസവസ്തുചേരാത്ത കാപ്പി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം കേസ് സംബന്ധിച്ച വാദത്തിന്റെ അവസാന ഘട്ടം നടക്കുന്നതിനിടയില്‍ സുരക്ഷിതമായ അളവില്‍ മാത്രമേ കോഫിയില്‍ അക്രിലാമൈഡ് അടങ്ങിയിട്ടുള്ളൂ എന്നാണ് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ച 13 ഓളം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

Write A Comment

 
Reload Image
Add code here