വീണ്ടും മുട്ട വില്ലൻ വേഷമണിയുന്നു ...

Mon,Mar 18,2019


മുട്ടക്കൊതിയന്മാരേ, കൊതിച്ചികളേ, നിങ്ങൾ സൂക്ഷിച്ചോളൂ! രാവിലെ മൂന്നു മുട്ടകള്‍ ചേര്‍ത്തൊരു ഓംലറ്റ് പൂശാൻ തുടങ്ങുന്നതിന് മുൻപ് ഇതൊന്ന് വായിച്ചോളൂ... ഇടക്കാലത്ത് മുട്ടപ്പേടി വേണ്ടെന്ന് പറഞ്ഞ വൈദ്യശാസ്ത്രജ്ഞർ വീണ്ടും സ്വരം മാറ്റിയിരിക്കുകയാണ്. ഇപ്പോൾ അവർ പറയുന്നു അമിതമായ മുറ്റതീറ്റി കൊഴുപ്പ് (കൊളസ്ട്രോൾ) വർദ്ധിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ക്കും മരണത്തിനു തന്നെയും കാരണമാകാമെന്ന്. മുട്ട ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ എന്നതുസംബന്ധിച്ച് വളരെ നാളായി തര്‍ക്കമുണ്ട്. യുഎസില്‍ മുട്ടയുടെ ഉപഭോഗം കൂടുന്ന പ്രവണതയാണ് കാണുന്നത്.

ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള 300 മില്ലിഗ്രാം കൊഴുപ്പ് ഹൃദ്രോഗ സാധ്യത 17 ശതമാനവും ഏതെങ്കിലും കാരണത്താലുള്ള മരണ സാധ്യത 18 ശതമാനവും വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. യുഎസിലെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയായ 29,615 പേരുടെ ഭക്ഷണരീതികളും ആരോഗ്യപ്രശ്‌നങ്ങളും നിരവധി വര്‍ഷങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അവര്‍ ഈ നിഗമനത്തിലെത്തിയതത്രെ. ഒരാഴ്ചയില്‍ മൂന്നോ നാലോ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 7 ശതമാനവും ഏതെങ്കിലും കാരണവശാലുളള മരണസാധ്യത 8 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം തെളിയിച്ചത്. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൂരിത കൊഴുപ്പിനേക്കാളും മറ്റേത് ചേരുവകളെക്കാളും കൂടുതല്‍ അപകടമുണ്ടാക്കുന്നത് ഭക്ഷ്യവസ്തുക്കളിലടങ്ങിയിട്ടുള്ള കൊഴുപ്പാണെന്നു ഗവേഷകര്‍ പറയുന്നു. ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ 186 മില്ലിഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മാട്ടിറച്ചി, സംസ്‌കരിച്ച പന്നിയിറച്ചി എന്നിവയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. മുമ്പ് നടന്നിട്ടുള്ള പഠനങ്ങളെക്കാള്‍ കൂടുതല്‍ വ്യാപകമായ സ്വഭാവത്തോടെയുള്ള ഗവേഷണമാണിപ്പോള്‍ നടന്നതെന്നും പൂരിത കൊഴുപ്പും മറ്റു വസ്തുക്കളും ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ആറു വലിയ പഠനങ്ങളിലെ സ്ഥിതിവിവരങ്ങള്‍ വിശകലനം ചെയ്യുകയുമുണ്ടായെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇന്നോളമുള്ളതില്‍ വെച്ചേറ്റവും സമഗ്രമായ പഠനം എന്നാണ് ടഫ്ട് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രിഷന്‍ സയന്‍സ് ആന്‍ഡ് പോളിസി പ്രൊഫസ്സറും യുഎസ് ഗവണ്മെന്റിന് ഭക്ഷ്യകാര്യങ്ങളിൽ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഉപദേശക സമിതിയുടെ വൈസ് ചെയറുമായ ആലിസ് ലിച്ചന്‍സ്റ്റെയ്‌ൻ പറഞ്ഞത്. അവര്‍ പഠനത്തില്‍ പങ്കാളിയായിരുന്നില്ല. യുഎസില്‍ ഇപ്പോള്‍ നിലവിലുള്ളതായ ഭക്ഷണ കാര്യങ്ങൾ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉപഭോഗം കുറയ്ക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പിന്റെ പരിധി ഉപേക്ഷിച്ചിരുന്നു. 2015നു മുമ്പുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പിന്റെ പരിധി ഒരു ദിവസം 300 മില്ലിഗ്രാമായി പരിമിതപ്പെടുത്തിയിരുന്നു.

ഈ പഠനം ഒരു നിരീക്ഷണം മാത്രമാണ്. മുട്ട കൂടുതല്‍ കഴിക്കുന്നവര്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമെന്നാണ് അതില്‍ പറയുന്നത്. എന്നാല്‍ അതിന്റെ കാര്യ-കാരണ ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് അമേരിക്കന്‍ എഗ്ഗ് ബോര്‍ഡിന്റെ എഗ്ഗ് ന്യൂട്രിഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിക്കി റൂബിനും പറഞ്ഞത്. മുമ്പ് നടത്തിയ പഠനങ്ങളെ ഖണ്ഡിക്കുന്നതാണ് പുതിയ പഠനമെന്നും മുട്ട കഴിക്കുന്നതും ഹൃദ്രോഗവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു അടുത്തിടെ നടന്ന ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇതൊക്കെയാണെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ മുട്ടകള്‍ കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ പരിമിതമാണെന്ന് കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് കാര്‍ഡിയോളജി പ്രൊഫസ്സര്‍ റോബര്‍ട്ട് എക്കല്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ കൊഴുപ്പ് ഭക്ഷിക്കുന്നത് അപകടം വര്‍ദ്ധിപ്പിക്കും. ഒരു ദിവസം രണ്ടു മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരുന്നതിനു 27 ശതമാനവും മരണം സംഭവിക്കുന്നതിനു 34 ശതമാനവും സാധ്യത കൂടുതലാണെന്നു അദ്ദേഹം പറഞ്ഞു.

എല്‍ഡിഎല്‍ അഥവാ 'ചീത്ത' കൊളസ്ട്രോൾ 70 മില്ലിഗ്രാമിന് മുകളിലുള്ളവരിലും എച്ച്ഡിഎല്‍ അഥവാ 'നല്ല' കൊളസ്‌ട്രോള്‍ 100 മില്ലിഗ്രാമിന് മുകളിലുള്ളവരിലും ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പ് ഹൃദ്രോഗമുണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഭക്ഷ്യ വസ്തുക്കളിലെ കൊഴുപ്പും മരണകാരണവും തമ്മിലുള്ള ബന്ധം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ശക്തമായി കാണപ്പെടുന്നത് സ്ത്രീകളിലാണ്.

ഇതിനര്‍ത്ഥം മുട്ട പാടെ ഒഴിവാക്കണമെന്നല്ല. മുട്ടയില്‍ ശരീരത്തിന് ഗുണകരമായ ഭാഗങ്ങളുമുണ്ട്. ആവശ്യം വേണ്ട പോഷകമായ കോളിനെ,അമിനോ ആസിഡ് എന്നിവയെല്ലാം ആരോഗ്യത്തിനു പ്രധാനമാണ്. കൊഴുപ്പ് അടങ്ങിയിട്ടുള്ള മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള ഭാഗം കഴിക്കുന്നതും നല്ലൊരു രീതിയാണ്. എല്ലാത്തിനും ഒരു മിതത്വം പാലിക്കണമെന്ന് മാത്രം.

Write A Comment

 
Reload Image
Add code here