വൃക്കരോഗ ഭീതിയില്‍ കേരളം

Mon,Mar 18,2019


കേരളത്തില്‍ ക്രോണിക് കിഡ്‌നി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അഞ്ചാം ഘട്ട വൃക്കരോഗത്തിന് അടിമപ്പെട്ടവരുടെ എണ്ണം 5 ലക്ഷത്തോളം ഉണ്ടെന്നാണ് സര്‍വ്വേ. രോഗാരംഭം ഉള്ളവരുടെ കണക്ക് ഇതിന് പുറമെയും. രോഗലക്ഷണം പ്രകടമാകുന്ന ചെറുപ്രായക്കാരുടെ എണ്ണവും ഏറി വരുന്നു. ആഗോളതലത്തില്‍ ഏതാണ്ട് 850 മില്യണ്‍ ആള്‍ക്കാരാണ് ഈ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ഏതാണ്ട് 1 ലക്ഷത്തോളം ഡയാലിസിസ് ആണ് ഓരോ മാസവും മൊത്തമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഡയാലിസിസിന് മരുന്ന് അടക്കം ഏതാണ്ട് 1,500 രൂപ നിരക്കില്‍ ഓരോ മാസവും ഇത്രയും ഡയാലിസിസിനായി മൊത്തമായി വരുന്ന തുക 15 കോടിയോളമാണ്. അതായത് ഒരു വര്‍ഷം ഇത്രയും ഡയാലിസിസിനായി മൊത്തമായി ചെലവാകുന്ന തുക 180 കോടി!. ഈ രീതിയില്‍ മന്നോട്ട് പോയാല്‍ നമ്മുടെ നാടിന്റെ സാമ്പത്തിക ആരോഗ്യ സ്ഥിതി ഏറെ പരുങ്ങലിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
'നിശബ്ദനായ കൊലയാളി''എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന ഈ രോഗത്തിന് തുടക്കത്തില്‍ യാതൊരുവിധ ബാഹ്യ ലക്ഷണങ്ങളും കാണിക്കാതെ വര്‍ഷങ്ങളോളം മറഞ്ഞു നില്‍ക്കുവാന്‍ സാധിക്കും. കാണപ്പെടുന്ന ലക്ഷണങ്ങളായ മൂത്രം പതഞ്ഞ് പൊങ്ങുക, അളവിലുള്ള വൃതിയാനം, മൂത്രത്തിന് രക്തത്തിന്റെ നിറം, ദുര്‍ഗന്ധം, ആവര്‍ത്തിച്ച് മൂത്രം ഒഴിക്കുക, വേദനയും പുകച്ചിലും അനുഭവപ്പെടുക, കണ്ണിനു ചുറ്റും തടിപ്പ്, കൈകാലുകളിലും ദേഹത്തും നീര്, വേദന, ചൊറിച്ചില്‍, വിളര്‍ച്ച, ഛര്‍ദ്ദി, വിശപ്പില്ലായ്മ, കിതപ്പ്, വിറയലോടു കൂടിയ പനി, ശ്വാസംമുട്ടല്‍, നടുവുവേദന, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ബോധ്യപ്പെട്ടാല്‍ ആരംഭത്തിലേ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇത് ശ്രദ്ധിക്കാതെ രോഗം മൂര്‍ച്ഛിച്ച് ക്രോണിക് കിഡ്‌നി രോഗത്തിന് അടിമപ്പെട്ടാല്‍ വീണ്ടും ചികിത്സിച്ച് വൃക്കകളെ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുവാന്‍ സാധിക്കുകയില്ല. പെട്ടെന്ന് ഉണ്ടാകുന്ന വൃക്കരോഗത്തിന് (അക്യൂട്ട് കിഡ്‌നി ഡിസീസ്) കാരണമാകുന്ന പാമ്പ് വിഷം, എലിപ്പനി, ക്രമാതീതമായ വയറിളക്കം എന്നിവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അക്യൂട്ട് കിഡ്‌നി ഡിസീസിനെ ആരംഭത്തിലെ തിരിച്ചറിഞ്ഞ് തക്കസമയത്ത് ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ സാധിക്കും.
പ്രധാന കാരണങ്ങള്‍ :
വൃക്കരോഗത്തിന് പ്രധാനമായും കാരണമാകുന്നത് നിയന്ത്രണാതീതമായ പ്രമേഹവും അധിക രക്തസമ്മര്‍ദ്ദവുമാണ്. പകര്‍ച്ച വ്യാധി പോലെയാണ് ഇപ്പോള്‍ ഇന്ത്യയിലും സംസ്ഥാനത്തും പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലെയുള്ള ജീവിതശൈലി രോഗങ്ങള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. 2015 ലെ കണക്കുകള്‍ പ്രകാരം 30 വയസ്സിന് മുകളില്‍ പ്രായമുള്ള ഏകദേശം 50 ലക്ഷത്തോളം പ്രമേഹ രോഗികളാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. പ്രമേഹം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്നവരുടെ കണക്ക് ഇതിനും പുറമേയാണ്. കൂടാതെ അമിതമായ വേദന സംഹാരികളുടെ ഉപയോഗം, വിഷം അടങ്ങിയ പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍, അധിക ഹോര്‍മോണ്‍ അടങ്ങിയ മത്സ്യം മാംസം, ഉപ്പിന്റെയും കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡിന്റെയും കളര്‍ ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ മധുരപലഹാരങ്ങളുടെയും നിരന്തരമായ ഉപയോഗം, ക്രമം തെറ്റിയ ഭക്ഷണ രീതി, വ്യായാമം ഇല്ലായ്മ, വെള്ളംകുടി കുറവ് എന്നിങ്ങനെ അശ്രദ്ധകൊണ്ട് നാം സ്വയം വരുത്തിവെക്കുന്ന ഘടകങ്ങളും സ്ഥായിയായ വൃക്കരോഗത്തിന് കാരണമാകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുവാന്‍ സാദ്ധ്യത ഉള്ള നെഫ്രൈറ്റിസ് (വൃക്കയില്‍ നിര്‍വീക്കം), വൃക്കയിലെ ചെറുമുഴകള്‍, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, ഗര്‍ഭിണികള്‍ക്ക് 6 മാസം ആകുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പി.ഐ.എച്ച്, പുരുഷന്മാര്‍ക്ക് സാധ്യതയുള്ള പ്രോസ്റ്റൈറ്റ് ഗ്ലാന്റ് എന്നിവയും ആരംഭത്തിലെ ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ വൃക്കരോഗത്തിലേക്ക് നയിക്കും.
പ്രതിരോധിക്കുക ഏറ്റവും നല്ല മാര്‍ഗ്ഗം
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകാതെ ശ്രദ്ധിക്കുക; ഉണ്ടെങ്കില്‍ ഭക്ഷണ ക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നിയന്ത്രണത്തിലാക്കുക. അനാവശ്യമായ വേദന സംഹാരികളുടെയും മറ്റു ഗുളികകളുടെയും അമിത ഉപയോഗം കുറയ്ക്കുക. അധിക കൊഴുപ്പും, ഉപ്പും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക. അമിത അളവില്‍ കീടനാശിനിയടിച്ച പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍, അധിക ഹോര്‍മോണ്‍ അടങ്ങിയ മത്സ്യം, മാംസം, കളര്‍ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ മധുരപലഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൊളസ്‌ട്രോള്‍ പോലെയുള്ള ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രണത്തിലാക്കുക. വൃക്കയില്‍ നിര്‍വീക്കം (നെൈഫ്രറ്റിസ്), പ്രോസ്റ്റൈറ്റ് ഗ്ലാന്റ്, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, വൃക്കയില്‍ ചെറുമുഴകള്‍ എന്നിങ്ങനെയുള്ളവ തുടക്കത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കുക. അമിത മദ്യപാനം പുകവലി ഒഴിവാക്കുക. കീടനാശിനി ഇല്ലാത്ത ഫൈബര്‍ അടങ്ങിയ പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ചവച്ചരച്ച് കഴിക്കുക. ശരീരത്തിന് ആവശ്യമായ രീതിയില്‍ 12/15 ഗ്ലാസ് വെള്ളം ദിവസേന കുടിക്കുക. കൃത്യ സമയത്തുള്ള ഭക്ഷണരീതിയും ആവശ്യത്തിന് ഉറക്കവും ശീലിക്കുക. യോഗയും എയ്‌റോബിക്‌സ് രീതിയിലുള്ള വ്യായാമ മുറകളും ദിവസവും ഒന്നര മണിക്കൂര്‍ എങ്കിലും ക്രമമായും തുടര്‍ച്ചയായും ചെയ്ത് ശീലിക്കുക. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, അണുബാധ, രക്തത്തിലെ ക്രിയാറ്റിനിന്‍, യൂറിയ തുടങ്ങിയവ പരിശോധിച്ച് വൃക്കകളുടെ ആരോഗ്യസ്ഥിതി ഉറപ്പു വരുത്തുക. ക്രോണിക് കിഡ്‌നി രോഗത്തിന്റെ ആരംഭമുണ്ടെന്ന് എന്നെങ്കിലും തിരിച്ചറിഞ്ഞാല്‍ പ്രാരംഭ ചികിത്സയിലൂടെയും ചിട്ടയായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും മറ്റും വൃക്കകളുടെ ജോലി ഭാരം കുറയ്ക്കുകയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം ശീലിച്ച് മറ്റ് ജീവിതശൈലി രോഗങ്ങള്‍ വരാതെയും ശ്രദ്ധിച്ച് ഈ രോഗത്തെ തടയുക.
വൃക്കകളുടെ പ്രധാന ധര്‍മ്മം
1. രക്തം ശുദ്ധീകരിച്ച് മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറത്തു കളയുന്നു. 2. ചുവന്ന രക്തം ഉണ്ടാക്കുന്ന എരിത്രോപൊയിറ്റിന്‍ (ഇ.പി.ഒ) എന്ന ഹോര്‍മാണ്‍ ഉല്പാദിപ്പിക്കുന്നു. 3. ശരീരത്തിലുള്ള പ്രോട്ടീന്‍ മൂത്രത്തില്‍കൂടി പുറത്ത് പോകാതെ ശരീരത്തിന് ആവശ്യമായ രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. ലോക വൃക്കദിനാചരണങ്ങളുടെ ഭാഗമായി കേരളത്തിലാകമാനം ഷിക്കാഗോ റോട്ടറി ക്ലബ്ബ് ഓഫ് നൈല്‍സിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും പാലാ റോട്ടറി ക്ലബിന്റെയും സഹകരണത്തോടെ മൊബൈല്‍ ലാബ് സംവിധാനത്തോടെ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പുകളും ബോധവത്ക്കരണ സെമിനാറുകളും നടത്തി വരുന്നുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ രോഗം എങ്ങനെ ഉണ്ടാകുന്നു, ആരംഭത്തിലെ എങ്ങനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം, രോഗം ബാധിക്കാതിരിക്കുവാന്‍ എന്ത് ചെയ്യണം, ബാധിച്ചാല്‍ എന്ത് ചെയ്യണം, ഇക്കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധമാണ് വീഡിയോ പ്രസന്റേഷനില്‍ കൂടി ബോധവത്ക്കരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ കിഡ്‌നി ഫെഡറേഷന്‍ സംഘടനകള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ വിവിധതരത്തിലുള്ള ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ചികിത്സകൊണ്ടോ ചികിത്സാ സഹായം കൊണ്ടോ മാരകമായ വൃക്കരോഗത്തെ മറികടക്കാനാവില്ല; മറിച്ച് ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കണ്ടു പിടിച്ച് പ്രതിരോധിക്കുകയാണ് ഈ രോഗത്തെ അതിജീവിക്കുവാനുള്ള ഏകപരിഹാര മാര്‍ഗ്ഗമെന്ന് നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വൃക്കരോഗത്തിന് അടിമപ്പെട്ട അതിസമ്പന്നരെപ്പോലും ചുരുങ്ങിയ കാലം കൊണ്ട് ശാരീരിക മാനസിക തകര്‍ച്ചയിലേക്കും സാമ്പത്തികമായി ദാരിദ്ര്യത്തിലേക്കും നയിക്കുന്നതായാണ് കണ്ട് വരുന്നത്. ആകയാല്‍ മാരകമായ ഈ രോഗത്തെ അകറ്റി നിര്‍ത്തുവാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
തയാറാക്കിയത്: ഷിബു പീറ്റര്‍, വെട്ടുകല്ലേല്‍, പാലാ
(എക്‌സിക്യൂട്ടീവ് അംഗം, നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഷിക്കാഗോ, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് നൈല്‍സ് ഷിക്കാഗോ)

Write A Comment

 
Reload Image
Add code here