ഉപതെരഞ്ഞെടുപ്പില്‍ ബിഹാറും യുപിയും ബിജെപിയെ കൈവിട്ടു; ഫുല്‍പുരിലും, ഗോരഖ്പുരിലും എസ്.പി; ബിഹാറില്‍ ആര്‍ജെഡി

Wed,Mar 14,2018


ന്യൂഡല്‍ഹി: യുപിയിലും ബിഹാറിലും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു കനത്ത തിരിച്ചടി.
ഉത്തര്‍പ്രദേശില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) നാഗേന്ദ്ര സിങ് പട്ടേല്‍ അട്ടിമറി ജയം നേടി. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് തളച്ചത്.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണിത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരില്‍ എസ്പി സ്ഥാനാര്‍ഥി വിജയത്തോട് അടുക്കുകയാണ്. ബിഎസ്പി പിന്തുണയുള്ള എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ഇവിടെ 22,594 വോട്ടുകള്‍ക്കു മുന്നിലാണ്. 25 റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല രണ്ടാമതാണ്. തുടര്‍ച്ചയായ അഞ്ചുതെരഞ്ഞെടുപ്പുകളില്‍ യോഗി ആദിത്യനാഥ് ജയിച്ച മണ്ഡലമാണിത്.
നിയമസഭാതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി വെറും ഒരുവര്‍ഷം മാത്രം പിന്നിടുമ്പോള്‍ ഏറ്റ വന്‍ തിരിച്ചടി ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ഉപതെരഞ്ഞെടുപ്പിലെ നേട്ടം ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ സൃഷ്ടിച്ച ഉണര്‍വ് ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ പുതിയ ബദല്‍ ആയി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടായി പരസ്പര വൈരികളായി നിന്ന അഖിലേഷും മായാവതിയും ബിജെപിക്കെതിരെ ഒരുമിച്ചതാണ് തെരഞ്ഞെടുപ്പില്‍ നേട്ടമായതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല.
ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ കൂറ്റന്‍ വിജയമാണു ബിജെപി നേടിയത്.
ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാര്‍ഥി തോറ്റു. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകള്‍ക്കാണ് ആലത്തിന്റെ വിജയം. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ബാബുവയില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി പാണ്ഡെയും ജെഹനാബാദില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി കുമാര്‍ കൃഷ്ണ മോഹനും ജയിച്ചു.

Other News

 • ബി.ജെ.പി ക്ക് ബദലൊരുക്കാന്‍ മൂന്നാം മുന്നണി സാധ്യതകളുമായി തെലുങ്കാന മുഖ്യമന്ത്രി രംഗത്ത്; കോണ്‍ഗ്രസിന്റെ മുന്നണി ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കും
 • കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് സി ബി ഐ കോടതി
 • ആശുപത്രിയിൽ വൈദ്യുതിയില്ല; യുവതിയുടെ ഓപ്പറേഷൻ നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിൽ
 • ബി.ജെ.പി അധികാരക്കൊതി മൂത്ത കൗരവവരെപ്പോലെ, കോണ്‍ഗ്രസ് സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്ന പാണ്ഡവരാണെന്ന് രാഹുല്‍ ഗാന്ധി
 • വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല; കേന്ദ്ര സര്‍ക്കാരിന് തൊട്ടതൊല്ലാം പിഴച്ചുവെന്ന് മന്‍മോഹന്‍ സിംഗ്‌
 • വ്യോമസേനയ്ക്കുവേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 324 തേജസ് വിമാനങ്ങള്‍ വാങ്ങും
 • എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ കുറഞ്ഞ പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
 • ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി എന്‍.ഡി.എ സഖ്യം വിടുന്നു
 • തിരുപ്പതി ക്ഷേത്രം ഭണ്ഡാരത്തില്‍ കാണിക്കായെത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍; എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍
 • ഇന്ത്യയില്‍ അപമാനം നേരിട്ടെന്ന് പാക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍; ഇന്ത്യയിലെ ഹൈക്കമീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു
 • പറക്കാനൊരുങ്ങുമ്പോള്‍ എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നു; ഹൈദരാബാദിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here