സി പി എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ചൊവ്വാഴ്ച ഹൈദരാബാദില്‍ ചെങ്കൊടി ഉയരും. ; കോണ്‍ഗ്രസ് സഖ്യം പ്രധാന ചര്‍ച്ചാ വിഷയം
Tue,Apr 17,2018

ഹൈദരാബാദ് : സി പി എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച ഹൈദരാബാദില്‍ ചെങ്കൊടി ഉയരും.
ബുധനാഴ്ച ആര് ടി സി കല്യാണ മണ്ഡപത്തിലാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്.
കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ടെന്ന് നിര്‍ദേശിച്ചു കൊണ്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുമോ അതോ തളളിക്കളയുമോ എന്നതാണ് സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്.
സംഘപരിവാറിന്റെയും ബി ജെ പി സര്‍ക്കാരിന്റെയും ഹിന്ദുത്വ വര്‍ഗീയതയെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങളെയും എതിര്‍ത്തു തോല്പിക്കേണ്ടതിന്റെ ആവശ്യകതയാണ് കരട് രാഷ്ട്രീയ പ്രമേയം പറയുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങേണ്ടത് കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോകൂടാതെ വേണം എന്നും പ്രമേയത്തില്‍ പ്രത്യേകം പറയുന്നു.
എന്നാല്‍ ഇതിലെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളെയാണ് ബംഗാള്‍ ഘടകം ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ ഇല്ലാത്ത ബദല്‍ എന്ന പരാമര്‍ശം മാറ്റണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ കടുംപിടുത്തം.
എന്നാല്‍ കോണ്‍ഗ്രസ്സുമായി ധാരണ എന്നു തീരുമാനിച്ചാല്‍ ഇത്രയും കാലം കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതൊക്കെ വിഴുങ്ങേണ്ടി വരും എന്നുളളതാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കേരളഘടകവും ഉയര്‍ത്തുന്നത്.
പാര്‍ട്ടി പ്രതിനിധികളുടെ എണ്ണത്തില്‍ കേരളവും ബംഗാളും ഏറെക്കുറെ തുല്യമാണ്. അതു കൊണ്ടു തന്നെ നിലപാടുകളില്‍ മാറ്റമുണ്ടോ, സമവായ നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ അതോ ഇരുവരും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ടുളള നാടകീയനീക്കങ്ങളിലേക്ക് കാര്യങ്ങള്‍ പോകുമോ എന്നുളളതൊക്ക രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുകയാണ്.