റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
Wed,Oct 10,2018

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
റഫാല്‍ ഇടപാടിലേക്ക് എത്തിയ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കേന്ദ്രം നല്‍കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസിന് പുറമേ ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്. അതേസമയം എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
റഫാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ദന്ദ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
കരാറില്‍ റിലയന്‍സ് ഭാഗമായതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹസീന്‍ പൂനെവാലെയും നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.