ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് മറ്റ് ഇന്ത്യക്കാര്‍ക്ക് തുല്യമായ അവകാശമെന്ന് ഡല്‍ഹി ഹൈക്കോടതി

Wed,Jan 09,2019


ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുള്ളവര്‍ക്ക് മറ്റ് ഏത് ഇന്ത്യന്‍ പൗരനുമുള്ളതിനു സമമായ അവകാശങ്ങളുണ്ടെന്നാണ് തങ്ങളുടെ നിഗമനമെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. അമേരിക്കയിലുള്ള മലയാളി ഡോക്ടര്‍ ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് ആധാരമായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഹാജരാക്കുവാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിഭു ബക്രു ഉത്തരവിട്ടു. ബിഹാറില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് തന്റെ ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഡോ.ക്രിസ്റ്റോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണമുണ്ടായത്.
ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന നിയമത്തിനു മുന്നിലുള്ള സമത്വവും (ആര്‍ട്ടിക്കിള്‍ 14), അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യവും (ആര്‍ട്ടിക്കള്‍ 19) ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കും ബാധകമാണെന്ന് പ്രഥമദൃഷ്ട്യാ കണക്കാക്കപ്പെടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്‍ അമേരിക്കയിലാണ് ജനിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താന്‍ ജനിച്ചത് കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായി തെറ്റുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ഹര്‍ജിക്കാരന്‍ മെഡിക്കല്‍ മിഷനറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇതു തെളിയിക്കുന്ന ഒരു വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ ഇരട്ട പൗരത്വത്തിനു വേണ്ടി ദീര്‍ഘകാലം ശബ്ദമുയര്‍ത്തിതിനെ തുടര്‍ന്നാണ് ഒ.സി.ഐ സ്‌കീം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.
രാജ്യത്ത് അസ്വസ്ഥകള്‍ക്കോ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കോ കാരണമായ ഏതെങ്കിലും രീതിയിലുള്ള മിഷനറി - ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തനം താന്‍ നടത്തി എന്നതിന് ഒരു തെളിവും പറയാതെ തന്റെ ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരിനെ ഒന്നാംപ്രതിയായി അഭിഭാഷകരായ റോബിന്‍ ഡേവിഡ്, ധിരാജ് ഫിലിപ്പ് എന്നിവര്‍ മുഖേനയാണ് ഹര്‍ജിസമര്‍പ്പിച്ചിരിക്കുന്നത്. ഒ.സി.ഐ കാര്‍ഡും ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ആജീവനാന്ത വിസയും 2012 നവംബര്‍ 22 നാണ് ഡോ.ക്രിസ്റ്റോയ്ക്ക് ലഭിച്ചത്. ഇതിനു ശേഷം പല തവണ ഇന്ത്യയില്‍ വരികയും ബിഹാറിലെ റക്‌സൗളിലുള്ള ഡുങ്കന്‍ ഹോസ്പിറ്റലില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, 2016 ഏപ്രില്‍ 26 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തന്നെ 'നിയമവിരുദ്ധമായി' നാടു കടത്തുകയായിരുന്നുവെന്ന് ഡോ.ക്രിസ്റ്റോ ഹര്‍ജിയില്‍ വെളിപ്പെടുത്തി.
ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ തന്റെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് ഡോ.ക്രിസ്റ്റോ കോടതിയെ സമീപിച്ചത്. കോണ്‍സുലര്‍ ജനറലിന്റെ നടപടിക്കെതിരേ സര്‍ക്കാരിനെ സമീപിക്കുവാനാണ് കോടതി നിര്‍ദേശിച്ചത്. ഈ വിഷയത്തില്‍ എത്രയും വേഗം തീര്‍പ്പു കല്‍പിക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, റിവിഷണല്‍ അഥോറിറ്റി കോണ്‍സുല്‍ ജനറലിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് റിവിഷണല്‍ അഥോറിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡോ.ക്രിസ്റ്റോ കോടതിയെ വീണ്ടും സമീപിച്ചത്. ഒ.സി.ഐ കാര്‍ഡ് റദ്ദാക്കിയതിനു പുറമേ, തനിക്കെതിരേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിനെയും ഡോ.ക്രിസ്റ്റോ ചോദ്യം ചെയ്യുന്നുണ്ട്. കേരളത്തിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട് അധികൃതര്‍ക്കു നിര്‍ദേശം നല്‍കണെമന്നും അദ്ദേഹം ഹര്‍ജിയില്‍ അപേക്ഷിച്ചിട്ടുണ്ട്.
കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ 1982 ല്‍ ജനിച്ച ഹര്‍ജിക്കാരന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1992 ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. മിനിസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് 2008 ല്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ഹര്‍ജിക്കാരന്‍ ടെക്‌സാസിലെ ഡാളസിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് എമര്‍ജന്‍സി മെഡിസിനില്‍ 2011 ല്‍ സ്‌പെഷലൈസേഷന്‍ പൂര്‍ത്തിയാക്കി. 2012 ഓഗസ്റ്റ് 16 ന് അമേരിക്കന്‍ പൗരത്വമെടുത്ത ഹര്‍ജിക്കരന് അന്നു വരെ സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. ഒ.സി.ഐ രജിസ്‌ട്രേഷനുള്ള ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇന്ത്യയിലും മെഡിക്കല്‍ പ്രൊഫഷണ്‍ തുടരാവുന്നതാണെന്ന് ഇന്ത്യന്‍ സിറ്റസണ്‍ഷിപ് ആക്ടില്‍ അനുച്ഛേദം ചേര്‍ത്തു കൊണ്ട് 2009 ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2012 ല്‍ ഒ.സി.ഐ കാര്‍ഡ് ലഭിച്ച ഹര്‍ജിക്കാരന്‍ 2013ല്‍ കുടുംബസമേതം ഇന്ത്യയിലേക്ക് താമസം മാറ്റി. ഡുങ്കന്‍ ഹോസ്പിറ്റലില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനു വേണ്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഹര്‍ജിക്കാരന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തു. 2016 ഏപ്രില്‍ മൂന്നിന് ഏതന്‍സില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കുടുംബസമേതം പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഹര്‍ജിക്കാരനെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. ഇന്ത്യയില്‍ പ്രവേശിക്കുവാന്‍ അനുമതിയില്ലെന്നും നാടുകടത്തുകയാണെന്നും ചില അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററിലേക്കു കൊണ്ടുപോയ ശേഷം ഒ.സി.ഐ കാര്‍ഡും പാസ്‌പോര്‍ട്ടും അധികൃതര്‍ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് അന്നു തന്നെ ടര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചു. കോണ്‍ഫറന്‍സ് കഴിഞ്ഞ് ഹര്‍ജിക്കാരന്‍ മടങ്ങി വന്നത് ടര്‍ക്കിഷ് എയര്‍ലൈന്‍സിനായിരുന്നു. രാജ്യത്ത് മിഷനറി പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഡോ.ക്രിസ്റ്റോയ്ക്കതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തില്‍ നടപടി സ്വീകരിച്ചതെന്നും, ഇതിന്റെ തുടര്‍ച്ചയ്യാണ് ഒ.സി.ഐ രജിസ്‌ട്രേഷനും ആജീവനാന്ത വിസ റദ്ദാക്കലും ഉണ്ടായതെന്നും എതിര്‍കക്ഷികള്‍ പറയുന്നു.

Other News

 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ ഏറുന്നു; മമതയുടെ മരുമകനും സമരക്കാര്‍ക്കൊപ്പം
 • കര്‍ണാടക മന്ത്രി സഭാ വികസനം: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു
 • അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; 12 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബ്ബന്ധിത വിരമിക്കല്‍
 • ജൂണ്‍ മൂന്നിന് കാണാതായ സൈനിക വിമാനത്തിലെ മൂന്നു മലയാളികളടക്കം 13 പേരും മരിച്ചതായി വ്യോമസേന
 • കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി
 • ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് മോഡി പാക് പാത ഉപയോഗിക്കില്ല
 • കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു
 • വായു ചുഴലി ഗുജറാത്തില്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; മൂന്നു ലക്ഷം പേരെ മാറ്റി താമസിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here