ക്വാറി ഇടപാടിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് : ബിജുരമേശിന്റെ തിരുവനന്തപുരം നഗരൂരിലെ രാജധാനി എന്‍ജിനീയറിങ് കോളജ് ജപ്തി ചെയ്തു
Mon,Apr 16,2018

തിരുവനന്തപുരം: ക്വാറി ഇടപാടിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അബ്കാരി വ്യവസായി ബിജുരമേശിന്റെ എന്‍ജിനീയറിങ് കോളജ് ജപ്തി ചെയ്തു.
ആറ്റിങ്ങല്‍ നഗരൂരിലെ രാജധാനി എന്‍ജിനീയറിങ് കോളജ് ആണ് ജപ്തി ചെയ്തത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് എത്തിക്കുവാന്‍ കരാര്‍ എടുത്തിരുന്ന യുവാക്കളെ കബളിപ്പിച്ചു കോടികള്‍ തട്ടിയെടുത്തതെന്ന കേസിലാണ് ജില്ലാ കോടതിയുടെ ജപ്തി നടപടി.
ബിജുരമേശിന്റെ പെരുങ്കടവിളയിലുള്ള ഇരുപത്തിനാല് ഏക്കര്‍ ഭൂമിയാണ് കൊട്ടാരക്കര സ്വദേശികളായ ചിറയത്തു കൃഷ്ണകുമാര്‍, പ്രതീപ് സ്മേര എന്നിവര്‍ പണയത്തിന് എടുത്തത്. മൂന്നു വര്‍ഷത്തേക്ക് പ്രദേശത്ത് കരിങ്കല്‍ ക്വാറി പ്രവര്ത്തിപ്പിക്കാനുള്ളതായിരുന്നു കരാര്‍. ഇതിനായി രണ്ടുകോടിയോളം രൂപ ഇവര്‍ ബിജുരമേശിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു.
പിന്നീട് ഈ സ്ഥലം ഇവരറിയാതെ കൂടുതല്‍ തുകയ്ക്ക് വിഎസ് ഡിപി നേതാവും വ്യവസായിയുമായ വിഷ്ണു ചന്ദ്രശേഖറിനും ലീസിനു നല്കി. ഒരേ സ്ഥലത്ത് നിന്ന് കരിങ്കല്‍ എടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോഴാണ് ബിജു രമേശ് നടത്തിയ കള്ളക്കളി പുറത്തായത്.
സ്വാധീനവും സാമ്പത്തിക കരുത്തുമുള്ള വിഷ്ണു ചന്ദ്രശേഖര്‍ രമേശില്‍ നിന്ന് പണം തിരികെ വാങ്ങി തടിയൂരി.
ചിറയത്തു കൃഷ്ണകുമാറിനെയും , പ്രതീപ് സ്മേരയെയും വിരട്ടി ഒതുക്കാന്‍ ബിജു ശ്രമിച്ചതോടെയാണ് ഇവര്‍ കോടതിയെ അഭയം പ്രാപിച്ചത്.
സമാന കേസില്‍ മുന്‍പ് ഇവര്‍ക്ക് കോടതി വിധിച്ച മൂന്ന് കോടി ഇരുപത്തഞ്ചു ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള ഇരുപത്തിനാലു ഏക്കര്‍ സ്ഥലവും പാറ ക്വാറിയും ജപ്തി ചെയ്തിരുന്നു,ഇപ്പോള്‍ ഇവര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി രണ്ടു കോടി നല്‍കാത്തതിനാണ് ആറ്റിങ്ങല്‍ നഗരൂരില്‍ ബിജു രമേശിന്റെ ഉടമസ്ഥതയില്‍ ഉള്ള എഞ്ചിനീയറിംഗ് കോളേജ് കൂടി ജപ്തി ചെയ്തിരിക്കുന്നത് .
ഹൈകോടതി അഭിഭാഷകന് അഡ്വ സൂരജ് കൃഷ്ണ മുഖാന്തിരം കൊടുത്ത രണ്ടു കേസുകളിലാണ് അഞ്ചു കോടി ഇരുപത്തഞ്ചു ലക്ഷം രൂപക്ക് ഈ സ്ഥാപനങ്ങള്‍ കോടതി ജപ്തി ചെയ്തത്.
വീഡിയോ കാണാം..