റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ സഞ്ചാരികള്‍ സുരക്ഷിതര്‍; കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം ഡയറക്ടര്‍
Fri,Aug 10,2018

തിരുവനന്തപുരം: പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ 20 ടൂറിസ്റ്റുകളെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് അറിയിച്ചു.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്കാന് ഡയറക്ടര്‍ ജില്ലാ കലക്ടര്‍ ജീവന് ബാബുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തഹസീദാര്‍ ഹോട്ടലിലെത്തി വിദേശികളെ കണ്ടിരുന്നു.
ടൂറിസ്റ്റുകള്‍ എല്ലാം സുരക്ഷിതരാണ്. റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചുടന് തന്നെ ഇവരെ കെടിഡിടിയുടെ ഹോട്ടലിലേക്ക് മാറ്റും. ടൂറിസറ്റുകളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ ടൂറിസ്റ്റുകളെല്ലാം ടൂറിസം വകുപ്പിന്റെ സംരക്ഷണത്തിലാ യിരിക്കുമെന്നും ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്
അറിയിച്ചു.
ദുരിത പെയ്ത്തില്‍ സംസ്ഥാനത്ത് ഉടനീളം 22 പേര്‍ക്ക് ജീവന് നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇടുക്കിയില്‍ മാത്രം 11 പേരാണ് മരിച്ചത്. മണ്ണിടിച്ചിലും, ഉരുള്‍പ്പൊട്ടലും വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.
ഇടുക്കി ചെറുതോണി അടക്കം 24 ഡാമുകളുടെ ഷട്ടറുകളാണ് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലയോര മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും അധികം വിദേശികളെത്തുന്നത്. അതുകൊണ്ട് തന്നെ ടൂറിസത്തേയും മഴ കാര്യമായി തന്നെ ബാധിക്കും.
ഇതിനിടയില്‍ കേരളത്തിലേക്കുള്ള യാത്ര ഉക്ഷേിക്കണമെന്ന് അമേരിക്കന്‍ പൗരന്മാരായ ടൂറിസ്റ്റുകളോട് ഇന്ത്യയിലെ യുഎസ് എംബസി അഭ്യര്‍ഥിച്ചു.