ബംഗാളിലേത് പോലെ കേരളത്തിലും സിപിഎമ്മുമായി സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് മുല്ലപ്പള്ളി
Sun,Feb 10,2019

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഹകരിച്ച് ലോകസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കം നടക്കുന്നതിനിടെ കേരളത്തിലും സഖ്യ സാധ്യത തേടി കോണ്‍ഗ്രസ്.
സിപിഎം അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും നിര്‍ദ്ദേശത്തെ പരോക്ഷമായി പിന്തുണച്ചു.
എന്നാല്‍ കോണ്‍ഗ്രസ് അത്രത്തോളം ക്ഷീണിച്ചോ എന്നാണ് ഇതെക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം.
ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയ്ക്ക് ഇരുപാര്‍ട്ടികളുടേയും കേന്ദ്രനേതൃത്വങ്ങള്‍ പച്ചക്കൊടി കാട്ടിയതിനുപിന്നാലെയാണ് അപ്രതീക്ഷിതമായി കേരളത്തിലും അത്തരമൊരു ആലോചനയ്ക്ക് മുല്ലപ്പള്ളി വഴിമരുന്നിട്ടത്. എന്നാല്‍ നേര്‍ക്കുനേര്‍ പോരാടുന്ന കേരളത്തില്‍ ഇത്തരമൊരു ചര്‍ച്ചയുടെ അപകടം മനസിലാക്കിയായിരുന്നു സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
ദേശീയതലത്തില്‍പ്പോലും കോണ്‍ഗ്രസുമായി പരസ്യബാന്ധവത്തിന് തയാറാകാത്ത സിപിഎം സ്വന്തം ശക്തികേന്ദ്രമായ കേരളത്തില്‍ അത്തരമൊരു നീക്കത്തിന് മുതിരില്ലെന്ന് ഉറപ്പാണ്.