താരപ്പോരിന് ഒരുങ്ങി നഗരി: റോജയ്ക്കെതിരേ വാണി വിശ്വനാഥ്

Mon,Oct 08,2018


അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട നഗരി നിയമസഭാമണ്ഡലം ഇക്കുറി താരപ്പോരിന് അരങ്ങൊരുക്കും. നിലവിൽ നഗരിയെ പ്രതിനിധാനം ചെയ്യുന്ന നടി റോജയ്ക്കെതിരെ തെലുഗുദേശം പാർട്ടി മറ്റൊരു മുൻകാല നായികയെ രംഗത്തിറക്കുമെന്ന് ഉറപ്പായി; തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ വാണി വിശ്വനാഥിനെ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച വാണി നഗരിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും നൽകി.

ടി.ഡി.പിയിൽ നിന്ന് വൈ.എസ്.ആർ. കോൺഗ്രസിലേക്ക് കൂടുമാറിയ റോജ ഇപ്പോൾ സംസ്ഥാനത്തെ തീപ്പൊരി നേതാക്കളിലൊരാളാണ്. മുഖ്യമന്ത്രി നായിഡുവിനും ടി.ഡി.പി. നേതാക്കൾക്കുമെതിരേ നിയമസഭയിൽ കത്തിക്കയറി സസ്പെൻഷനിലായിട്ടുണ്ട്. വൈ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡിയുടെ വിശ്വസ്ത അനുയായികളിൽ ഒരാളാണിപ്പോൾ.

ആന്ധ്ര മുൻമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ എൻ.ടി. രാമറാവുവിന്റെ നായികയായാണ് വാണി വിശ്വനാഥിന്റെ ചലച്ചിത്രപ്രവേശം. ആന്ധ്രയിൽ ഇപ്പോഴും അവർ സുപരിചിതയാണ്. ഇത് മുതലാക്കാനാണ് ടി.ഡി.പി. ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ നേതൃപാടവത്തിലും ഭരണത്തിലും മതിപ്പു പുലർത്തുന്ന വാണിക്ക്‌ നഗരിയിൽ റോജയെ നേരിടാനുള്ള ആത്മവിശ്വാസവുമുണ്ട്.

2014-ലെ തിരഞ്ഞെടുപ്പിൽ ടി.ഡി.പി.യുടെ മുതിർന്ന നേതാവ് മുദ്ദു കൃഷ്ണമ്മ നായിഡുവിനെ വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് റോജ നിയമസഭയിൽ എത്തിയത്. പരേതനായ കൃഷ്ണമ്മ നായിഡുവിന് പകരം അദ്ദേഹത്തിന്റെ മകന് ടി.ഡി.പി. ടിക്കറ്റ് നൽകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ റോജയെ നേരിടാൻ പറ്റിയ എതിരാളിയെ അന്വേഷിക്കുകയായിരുന്നു നായിഡു. അപ്പോഴാണ് തെലുങ്ക് സിനിമാലോകത്ത് ചിരപരിചിതയായ വാണി വിശ്വനാഥ് ടി.ഡി.പി.യിൽ ചേരാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതം പ്രകടിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Other News

 • ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയം; വീഡിയോ
 • ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു, അഭിനന്ദിച്ച് മകള്‍ ട്വിങ്കിള്‍ ഖന്ന
 • ഡബ്ല്യു.സി.സിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തെലുങ്കു വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും സംഘടന രൂപീകരിച്ചു
 • സുഡാനിയും ഭയാനകവും ഷാങ് ഹായ് ഫെസ്റ്റിവലിലേക്ക്
 • ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
 • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
 • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
 • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
 • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
 • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
 • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 • Write A Comment

   
  Reload Image
  Add code here