വീണ് കിടക്കുന്നവരെ ചവിട്ടാനില്ല; ദീപ നിശാന്ത് കവിത കോപ്പിയടിച്ചതിനെക്കുറിച്ച് മാലാ പാര്‍വതി

Mon,Dec 03,2018


അദ്ധ്യാപിക ദീപ നിഷാന്തുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് ഇടത് അനുഭാവി ആയതുകൊണ്ടാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മാല പാര്‍വതി. വീണു കിടക്കുന്നവരെ തനിക്ക് ചവിട്ടാന്‍ കഴിയില്ല എന്ന് താരം തന്റെ കുറിപ്പില്‍ പറയുന്നു.

മാലാ പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :
കുറേ പേര് എന്നോട് ചോദിക്കുന്നു ദീപാ നിശാന്തിന്റെ വിഷയത്തില്‍ എന്താ ഒന്നും പറയാത്തത് എന്ന്? ഇടത് അനുഭാവി ആയത് കൊണ്ടുള്ള മൗനം ആണെന്ന് തോന്നുന്നു എന്നൊക്കെ.. പ്രിയപ്പെട്ടവരെ.. അല്ല. വീണ് കിടക്കുന്നവരെ ചവിട്ടുക എന്നത് എനിക്ക് പറ്റാത്ത ഒരു പരിപാടിയാ. ചെയ്തതിലെ അബദ്ധവും തെറ്റും നമ്മളെ ഓരോരുത്തരെക്കാളും മനസ്സിലാക്കുന്നുണ്ടാവും ടീച്ചര്‍ക്ക്. അതേ പോലെ ആ കവിത ടീച്ചറിന്റെ പേരില്‍ വന്നപ്പോള്‍ കലേഷിന്റെ മനസികാവസ്ഥയും മനസ്സിലാക്കുന്നു. കലേഷിനോടുള്ള ആദരവ് മാത്രം.

രണ്ട് പേര്‍ തമ്മിലുള്ള കാര്യമാണ്. സിനിമയില്‍ ഇത് നിറയെ കേള്‍ക്കാറുണ്ട്. കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്ന് ദ്യശ്യം എന്ന സിനിമയുടെ കഥയെ സംബന്ധിച്ച്, ഞാന്‍ കൂടെ അഭിനയിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയെ സംബന്ധിച്ചെല്ലാം. മൗലികമായ ഒരു കൃതിയെ അനുവാദം ഇല്ലാതെ തന്റേതാക്കുന്നത് തെറ്റാണ് എന്ന് അറിയാത്തവരല്ല ആരും. എങ്കിലും സംഭവിക്കുന്നുണ്ട്. തീരെ യോജിക്കുന്നില്ല. അതിനപ്പുറം പരിഹസിച്ച് ഭ്രഷ്ഠ് കല്പിക്കുന്ന കലാ രൂപത്തോട് യോജിക്കുന്നില്ല.

വ്യക്തികളെ ആക്രമിക്കാന്‍ എനിക്ക് വ്യക്തിപരമായി സാധിക്കാറില്ല. DYSP ഹരികുമാറിന്റെ ആത്മഹത്യ എന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നാണ്. കരുതി കൂട്ടി കൊന്നതൊന്നുമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. പരിഹാസം പരിധി വിടുമ്പോള്‍, ആത്മാഭിമാനത്തോടെ ആരെയും ഫേസ് ചെയ്യാന്‍ വയ്യാത്തവന്റെ നിസ്സഹായവസ്ഥ ആണ് എന്നെ കൂടുതല്‍ ബാധിക്കാറ്. അവരുടെ സ്വകാര്യമായ ആത്മഗതങ്ങള്‍ ആണ് എന്നെ വേട്ടയാടാറ്.

അരോപണം വരുമ്പോള്‍ തന്നെ ഭ്രഷ്ഠ് കല്പിക്കുന്ന അവസ്ഥ ദിലീപിന്റെ കാര്യത്തില്‍ കണ്ടു. ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അത് മമത ഉള്ളത് കൊണ്ടല്ല. വീണു എന്നതാണ് ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. ബാക്കി നിയമം തീരുമാനിക്കുന്നതും. ബസ് സ്റ്റാന്‍ഡില്‍ ഒക്കെ പോക്കറ്റ് അടിച്ച് പിടിച്ചു എന്ന് പറയുന്നവരെ കാണുന്നവര്‍ കാണുന്നവര്‍ തല്ലും. തല്ലുന്നത് കണ്ടും തല്ലും.കാരണം പോലും ചോദിക്കാതെ. കേരളത്തില്‍ അങ്ങനെയും മരിച്ചിട്ടുണ്ട് ആള്‍ക്കാര്‍. പിന്നീട് ആ മരിച്ച ആള്‍ അല്ല എന്ന് തെളിഞ്ഞിട്ടുള്ള വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവരില്‍ മധുവിന്റെ മുഖം മാത്രമേ നമ്മള്‍ക്ക് അറിയു എന്ന് മാത്രം. വീണ് കിടക്കുന്നവരെ തല്ലാന്‍ ഞാനില്ല. ഫ്രാങ്കോ മുളയ്ക്കല്‍ രാജി വയ്ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്ഥാനത്തില്‍ ഇരിക്കാന്‍ ധാര്‍മ്മികമായി യോഗ്യത ഇല്ല എന്നും. പക്ഷേ അയാള്‍ മരിക്കേണ്ടവനാണ് എന്നും ഭ്രഷ്ഠ് കല്പിക്കണം എന്നും വിശ്വസിക്കുന്നില്ല.

രാഷ്ട്രീയം പറയും .രാഷ്ട്രത്തെ മതങ്ങളുടെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും പറയും. ദൈവത്തെ വിറ്റ് വോട്ടാക്കുന്നവരെ കുറിച്ച് പറയാവുന്നതൊക്കെ പറയും. ഫാസിസത്തിനെതിരെ പറഞ്ഞ് കൊണ്ടേ ഇരിക്കും. അത് പോലെ ബലാത്സംഗങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും.അതിന്റെ പേരില്‍ എല്ലാ വിഷയങ്ങളിലും പറയണമെന്ന് നിര്‍ബന്ധം പിടിക്കരുത്. എല്ലാ മീടുവും സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. സാധിച്ചിട്ടില്ല. ഉദാഹരണത്തിന് എഷ്യാനെറ്റിലെ M.R രാജനും ദിലീപിനും പത്മകുമാറിനും നേരെ ഉണ്ടായ മി ടു. നിഷയെ എനിക്കറിയാം. അവരുടെ അനുഭവത്തെ ഞാന്‍ ചോദ്യം ചെയ്യാന്‍ ആളല്ല. എങ്കിലും 1995 മുതല്‍ ഞാന്‍ അറിയുന്ന 3 പേര്‍, എന്റെ ജീവതത്തില്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന വിഷയങ്ങളോട് അവരെടുത്ത നിലപാട്. അല്ലാത്ത കാര്യങ്ങളോടുള്ള സമീപനം. ഇവയൊക്കെ എനിക്ക് മറക്കാര്‍ പറ്റുന്നതല്ല.. തറയില്‍ ഇട്ട് ചവിട്ടാന്‍ കൂടിയില്ല.

സമൂഹ മാദ്ധ്യമങ്ങളുടെ ശക്തി അപാരമാണ്. സ്മാര്‍ത്തവിചാരം പോലെയുള്ള വിചാരണകളില്‍ കുടുങ്ങുന്നത് കാണുമ്പോള്‍ പക്ഷേ ഭയവും ആകുലതയും തോന്നാറുണ്ട് അല്ല തോനുന്നുണ്ട്.കൂട്ടമായി കല്ലെറിയുന്നതിനോടൊപ്പം കൂടാന്‍ എന്നെ ദയവ് ചെയ്ത് നിര്‍ബന്ധിക്കരുത്.ഞാനില്ല. ഇന്‍ബോക്‌സില്‍ ചോദിച്ചര്‍ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം..

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here