ത്രിപുരയില്‍ സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ?

Tue,Mar 13,2018


കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അങ്ങനെ തകര്‍ന്നുപോകുന്ന പാര്‍ട്ടിയൊന്നുമല്ല. ത്രിപുരയില്‍ 46% വോട്ടുകളാണ് ഇടതു മുന്നണി നേടിയത്. 2013ലെ വോട്ടു വിഹിതത്തെ അപേക്ഷിച്ച് 7% കുറവ്. അതേസമയം 2013ല്‍ ത്രിപുരയില്‍ 2%ത്തില്‍ താഴെമാത്രം വോട്ടുകള്‍ നേടിയ ബിജെപി സഖ്യകക്ഷിയുമൊത്ത് 51%ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി. അഞ്ചു ശതമാനം വോട്ടുകളില്‍ സംഭവിച്ച വ്യത്യാസം സീറ്റുകളുടെ എണ്ണത്തില്‍ വലിയ അന്തരമാണുണ്ടാക്കിയത്. ബിജെപി സഖ്യം 43 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎം 16 സീറ്റുകളില്‍ ഒതുങ്ങി. ഇന്ത്യന്‍ തെരെഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ വോട്ടിങ് ശതമാനത്തില്‍ സംഭവിക്കുന്ന ചെറിയൊരു വ്യത്യാസംപോലും എതിര്‍കക്ഷിയെ നിലംപരിശാക്കിയെന്നിരിക്കും. പശ്ചിമ ബംഗാളില്‍ മൂന്നര ദശകത്തോളം ഇടതു മുന്നണി അധികാരത്തില്‍ തുടര്‍ന്നത് 50%ത്തോളം വോട്ടുകള്‍ നേടിയാണ്. മറുഭാഗത്തെ വോട്ടുകളാകട്ടെ ഭിന്നിച്ചുപോകുകയും ചെയ്തിരുന്നു. എന്നാല്‍ 2011 ല്‍ ആദ്യമായി അവരുടെ വോട്ടുവിഹിതം 42% ത്തിലേക്ക് താഴ്ന്നു. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ 50% ത്തോളം വോട്ടുകള്‍ നേടുകയും ചെയ്തു. അന്ന് ഇടതുമുന്നണിക്ക് 294 അംഗ സഭയില്‍ 60 സീറ്റുകള്‍ നേടുന്നതിന് മാത്രമേ കഴിഞ്ഞുള്ളു. അപ്പോഴും തങ്ങളുടെ വോട്ടു വിഹിതം കുറഞ്ഞിട്ടില്ല എന്നായിരുന്നു സിപിഐ(എം) വീമ്പു പറഞ്ഞത്. എന്നാല്‍ 2011നു ശേഷം മുന്നണിയുടെ വോട്ടും സീറ്റുകളും അതിവേഗതയില്‍ കുറഞ്ഞുകൊണ്ടിരുന്നു. ത്രിപുരയും പശ്ചിമ ബംഗാളിന്റെ വഴിക്കു പോകാനാണ് സാധ്യത.
ത്രിപുരയില്‍ ഒന്നുമില്ലായ്മയില്‍നിന്നും തുടങ്ങിയ ബിജെപി കോണ്‍ഗ്രസിന്റെ വോട്ട്ബാങ്ക് അപ്പാടെ പിടിച്ചെടുത്തിട്ടും സിപിഎംനേക്കാള്‍ ഒരു ശതമാനം വോട്ടു കുറച്ചുമാത്രമേ നേടിയിട്ടുള്ളു. പ്രകാശ് കാരാട്ടും കൂട്ടരും എന്തുതന്നെ പറഞ്ഞാലും കോണ്‍ഗ്രസും ബിജെപിയും ഉള്ളടക്കത്തില്‍ ഒരുപോലെയല്ലെന്ന് കാണണം. സിപിഐ(എം)നെ തകര്‍ക്കുന്നതിന് ബിജെപി അതിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും - സാമൂഹ്യം, രാഷ്ട്രീയം, മതം, ഔദ്യോഗിക സംവിധാനം, അക്രമങ്ങള്‍ - പ്രയോഗിക്കും. ഈ രാഷ്ട്രീയ ശൈലിയൊക്കെ സിപിഐ(എം)നും നല്ല പരിചയമുള്ളതുതന്നെയാണ്. എങ്കിലും ഇപ്പോഴത്തെ തകര്‍ന്ന രാഷ്ട്രീയ മാനസികാവസ്ഥയില്‍ ആ കടന്നാക്രമങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെവരും. കോണ്‍ഗ്രസിന്റെ വോട്ടര്‍മാരെ കൂട്ടത്തോടെ ആകര്‍ഷിച്ചാണ് ബിജെപി കൊട്ടാരം പണിതിട്ടുള്ളത്. 1977ല്‍ വോട്ടുവിഹിതം 18%മായതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം എല്ലായ്‌പ്പോഴും 30%ത്തിനു മുകളിലായിരുന്നു. 2013ല്‍ 37% വോട്ടുകള്‍ നേടി. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 1.5% മായി തകര്‍ന്നു. അതിനു കാരണം കോണ്‍ഗ്രസിന്റെ ദൗര്‍ബ്ബല്യവും സിപിഐ(എം) സ്വീകരിച്ച രാഷ്ട്രീയ ശൈലിയുമാണ്. താരതമ്യേന 'നല്ല ഭരണം' കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്ത് സംസ്ഥാനത്തുണ്ടായ ഭീകരമായ രാഷ്ട്രീയ അക്രമങ്ങള്‍ക്കു അറുതിവരുത്താന്‍ ഇടതുമുന്നണി ഭരണത്തിന് കഴിഞ്ഞു. ഛത്തീസ്ഗഡ് ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാന ഗവണ്മെന്റുകളില്‍നിന്നും വ്യത്യസ്തമായി വളരെ നല്ല രീതിയിലാണ് ത്രിപുര ഗവണ്മെന്റ് ആ നേട്ടം കൈവരിച്ചത്. അക്കാര്യത്തില്‍ പശ്ചിമ ബംഗാളിലെ ഗവണ്മെന്റിനെപ്പോലും അവര്‍ പിന്നിലാക്കി. ഭൂമിയുടെ വിതരണം, പുനരധിവാസം, ഭൂമി നഷ്ടപ്പെട്ടുപോകുന്നത് തടയല്‍ എന്നിങ്ങനെയുള്ള ക്ഷേമപരിപാടികളിലൂടെയും ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ് തുടങ്ങിയ സാമൂഹ്യപരിപാടികളിലൂടെയും വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളുടെ വിപുലീകരണം തുടങ്ങിയ സുരക്ഷാ പദ്ധതികളിലൂടെയും ഗോത്രവര്‍ഗക്കാരും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ ഫലമായി സാമൂഹ്യ രംഗത്തും നല്ല പുരോഗതിയുണ്ടാക്കാന്‍ ഇടതുമുന്നണി ഗവണ്മെന്റിനു കഴിഞ്ഞിരുന്നു.
നല്ല ഭരണത്തിന്റെ ഫലമായി ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതത്തില്‍ നല്ല പുരോഗതി ഉണ്ടായെങ്കിലും അധികാര ശ്രേണികളില്‍ ചരിത്രപരമായി ഗോത്രവര്‍ഗ്ഗക്കാരുടെമേല്‍ നിലനിന്ന ബംഗാളി ഹിന്ദുക്കളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല. ഒരിക്കല്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗമുണ്ടായിരുന്ന ഗോത്രവര്‍ഗക്കാരിപ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങി. അവര്‍ക്കു ഭൂമി നഷ്ടമാകുകയും സാംസ്‌കാരികമായ നിലനില്‍പ്പിനുതന്നെ അപകട ഭീഷണി നേരിടുകയും ചെയ്യുന്നു. സാമൂഹ്യ രംഗത്തെ നിക്ഷേപം മാത്രമായിരുന്നു അതിനുള്ള പോംവഴി. എന്നാല്‍ അതിനു തങ്ങള്‍ ജീവിക്കുന്ന ലോകത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അവരുടെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ടായിരുന്നു. സാക്ഷരതയും വിദ്യാഭ്യാസ സൗകര്യങ്ങളും വര്‍ദ്ധിച്ചതോടെ ഗോത്രവര്‍ഗ്ഗക്കാരുടെ, പ്രത്യേകിച്ചും അവരിലെ യുവാക്കളുടെ, ജീവിതാഭിലാഷങ്ങള്‍ പലമടങ്ങു വര്‍ദ്ധിച്ചു. ത്രിപുരയിലെ സാക്ഷരതാ നിരക്ക് കേരളത്തിനടുത്തെത്തുന്നതാണ്. ത്രിപുരയില്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ സാക്ഷരതാ നിരക്ക് കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരുടേതിനേക്കാള്‍ കൂടുതലാണ്. സാക്ഷരതാ നിരക്കില്‍ വന്ന മാറ്റമാണ് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കുള്ള അവരുടെ ആഗ്രഹങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ നിലവിലെ സാമ്പത്തിക രാഷ്ട്രീയ ഘടനക്കുള്ളില്‍ ഒരു ഗവണ്മെന്റിനും, ഇടതായാലും വലതായാലും, അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. പശ്ചിമ ബംഗാളിനെപ്പോലെതന്നെ ത്രിപുരയിലും യുവാക്കളുടെ മനസ്സ് വായിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. തുടര്‍ച്ചയായി അധികാരത്തിലേക്ക് വന്നുകൊണ്ടിരുന്നതും പ്രതിപക്ഷത്തിന്റെ ഇടം ചുരുങ്ങിക്കൊണ്ടിരുന്നതും പ്രതിപക്ഷത്തിന്റെ ശിഥിലീകരണത്തിനുള്ള വഴിയൊരുക്കിയതുമെല്ലാം കാരണമാണ് അതിനു കഴിയാതെ പോയത്. പശ്ചിമ ബംഗാളിലെ വല്യേട്ടനെപ്പോലെ 'പാര്‍ട്ടി സമൂഹം' കെട്ടിപ്പടുക്കുന്ന രീതി ത്രിപുര പിന്തുടര്‍ന്നില്ല; എന്നാല്‍ അതിനുപകരം അവര്‍ ബ്യുറോക്രാറ്റിക് ഇടപെടലുകളിലൂടെ അത് സാധ്യമാക്കി.
ശക്തമായ ബ്യുറോക്രാറ്റിക് സംവിധാനത്തിലൂടെയാണ് സാമൂഹ്യ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ പങ്കാളിത്ത തുല്യത എന്നത് എന്താണെന്ന് ഇനിയും ആര്‍ക്കും അറിയില്ല. മദ്ധ്യനിലവാരത്തിലുള്ള ബ്യുറോക്രസിയില്‍ ബംഗാളി ഹിന്ദുക്കള്‍ക്കാണ് ആധിപത്യം. അവര്‍ മോശക്കാരോ ഗോത്രവര്‍ഗ വിരോധികളൊ അല്ല. എന്നാല്‍ സാമൂഹ്യ മനോഭാവവും അധികാര സന്തുലിതാവസ്ഥയും മാറ്റുന്നതിനുള്ള രാഷ്ട്രീയത്തിന്റെ അഭാവത്തില്‍ അവര്‍ക്കിടയില്‍ ബ്യുറോക്രാറ്റിക് സ്വഭാവങ്ങള്‍ തുടര്‍ന്നു. തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കുപോലും ഒരു ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറെ 'സര്‍' എന്ന് സംബോധന ചെയ്യേണ്ടിവരുന്നത് ബ്യുറോക്രസിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കീഴുദ്യോഗസ്ഥന്മാരോടും അതേ രീതിയിലാണ് പെരുമാറിയത്. കീഴുദ്യോഗസ്ഥന്മാര്‍ കൂടുതലും ഗോത്രവര്‍ഗ്ഗക്കാരാണ്. ഇതിനെല്ലാം പുറമെ ബംഗാളി ഹിന്ദു മനോഭാവം അധീശത്വ ബോധത്തിന്റേതായിരുന്നു. അത് ഗോത്രവര്‍ഗക്കാരുടെമേല്‍ ബംഗാളി സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നതായി മാറി. ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ രോഷം പൂര്‍ണ്ണമായും മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചു. അതേ സമയം സാമൂഹ്യമായ പശ്ചാത്തലംകൊണ്ട് വര്‍ഗീയ ചിന്താഗതി പുലര്‍ത്തിയിരുന്ന ബംഗാളി ഹിന്ദുക്കളിലേക്കും അവര്‍ കടന്നുചെന്നു. സിപിഐ(എം) വല്ലാത്തോരു അവസ്ഥയിലായി. ഗോത്രവര്‍ഗക്കാര്‍ അവരെ ബംഗാളി ഹിന്ദുക്കളുടെ പാര്‍ട്ടിയായി കണ്ടു. എന്നാല്‍ ബംഗാളി ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിന് അവര്‍ മുസല്‍മാന്മാരെയും ഗോത്രവര്‍ഗക്കാരെയും പ്രീതിപ്പെടുത്തുന്ന പാര്‍ട്ടിയാണ്.
സാമൂഹ്യ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഒരു ശ്രമവും സിപിഐ(എം) നടത്തിയില്ല. പങ്കാളിത്ത തുല്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ബ്യുറോക്രാറ്റിക് ഭരണത്തിലൂടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ശ്രമിച്ചത്. എല്ലാ വിധത്തിലുമുള്ള അധാര്‍മ്മികവും, അപരിഷ്‌കൃതവും, മാനവിക വിരുദ്ധവുമായ ആയുധങ്ങള്‍ ബിജെപിയുടെ ആയുധപ്പുരയിലുണ്ട്. ഇതൊന്നുംതന്നെ സിപിഐ(എം)ന് അപരിചിതവുമല്ല. എന്നാല്‍ ബിജെപിയുടെ നിഷ്ഠുരമായ പ്രചാരണത്തെ നേരിടുന്നതിനുള്ള തന്ത്രം ആവിഷ്‌ക്കരിക്കുന്നതിനുള്ള രാഷ്ട്രീയ ഭാവന അവര്‍ക്കില്ലാതെപോയി. ഗോത്രവര്‍ഗക്കാരും അല്ലാത്തവരും തമ്മിലുള്ള സാമൂഹ്യ സംഘര്‍ഷമെന്ന വലിയ വൈരുധ്യം പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. ഗോത്രവര്‍ഗ്ഗക്കാരുടെ പോരാളിയെന്ന നിലയില്‍ രംഗത്തുവന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) എന്ന സംഘടനക്ക് ഗോത്രവര്‍ഗ ജനതയില്‍നിന്നും ലഭിച്ച പിന്തുണ അത് വ്യക്തമാക്കുന്നു. മത്സരിച്ച 9ല്‍ 8 സീറ്റുകളും അവര്‍ വിജയിച്ചു. ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനായി പ്രതിബദ്ധതയോടെ നിലകൊള്ളേണ്ടതിനു പകരം ലോകബാങ്ക് ആവിഷ്‌ക്കരിച്ച 'നല്ല ഭരണം' എന്ന മുദ്രാവാക്യം ഏറ്റുപിടിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'മുഖ്യ വൈരുധ്യമായി' മാറുകയും ചെയ്തു.

Other News

 • അന്നമ്മ ഉമ്മന്‍ നിര്യാതയായി
 • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
 • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
 • സത്യാ നദെല്ലയുടെ നേതൃത്വത്തില്‍ വീണ്ടും കരുത്ത് നേടുന്ന മൈക്രോസോഫ്റ്റ്
 • സെന്റിനെലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച വനിത
 • ഇലക്ട്രിക്ക് വാണിജ്യ വാഹന നിര്‍മ്മാണത്തില്‍ ചൈന ബഹുദൂരം മുന്നില്‍
 • മ്യാന്‍മറില്‍ സു ചിക്കെതിരെ നിരാശരായ യുവതലമുറ
 • Write A Comment

   
  Reload Image
  Add code here