കോണ്‍ഗ്രസ് 'മണ്ണുംചാരി നില്‍ക്കു'ന്നു; ബിജെപി 'പെണ്ണുംകൊണ്ടു പോകുന്നു'

Tue,Mar 13,2018


പ്രഷ്യയിലെ വലിയ സൈനിക തന്ത്രജ്ഞനും ചിന്തകനുമായിരുന്ന കാള്‍ വോണ്‍ ക്‌ളോസ്‌വിറ്റസ് നല്‍കിയ ഉപദേശം ബിജെപി അപ്പാടെ ഉള്‍ക്കൊണ്ടതായാണ് കാണപ്പെടുന്നത്: 'വേഗതയും രഹസ്യവും സംയോജിപ്പിക്കുക എന്നതാണ് അമ്പരപ്പിക്കുന്ന ഏതൊരു കാര്യത്തിന്റെയും നട്ടെല്ല്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എത്ര ചെറുതാണെങ്കിലും, ഓരോ തെരഞ്ഞെടുപ്പിലും എതിരാളിയെ അമ്പരപ്പിക്കുന്നതിന് ഈ ക്‌ളോസ്‌വിറ്റ്‌സിയന്‍ സിദ്ധാന്തമാണ് ബിജെപി പ്രയോഗിക്കുന്നത്.
മേഘാലയയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ഗവണ്മെന്റ് രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഗവണ്മെന്റ് രൂപീകരിക്കുന്നതിനായി വീറോടെ ശ്രമിക്കേണ്ടതിനു പകരം കോണ്‍ഗ്രസിന്റെ നേതാക്കള്‍ എല്ലാംമതിയാക്കി ഡല്‍ഹിയിലേക്ക് മടങ്ങുകയാണുണ്ടായത്. അതേ സമയം ബിജെപി സഹകരണത്തോടെ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരമേല്‍ക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും മണവാട്ടിയുടെ തോഴി ആയിരിക്കുകയും ഒരിക്കലും മണവാട്ടി ആകാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന വനിതയെ ആണ് കോണ്‍ഗ്രസ് അനുസ്മരിപ്പിക്കുന്നത്. മണിപ്പുരില്‍ അത് കണ്ടതാണ്. 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും അവര്‍ എന്തെങ്കിലും ശ്രമിക്കുന്നതിനു മുമ്പുതന്നെ ബിജെപി ചുറുചുറുക്കോടെ രംഗത്തിറങ്ങുകയും സഖ്യം തട്ടിക്കൂട്ടുകയും ചെയ്തു.
ഗോവയില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ പാര്‍ട്ടി ആയത്. ബിജെപിക്ക് 13 സീറ്റുകളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചത് ബിജെപിയാണ്. ഗവണ്മെന്റിനെ ആരു നയിക്കണം എന്ന് കോണ്‍ഗ്രസ് ആലോചിച്ചുകൊണ്ടിരുന്നപ്പോഴേക്കും ബിജെപി മന്ത്രിസഭാ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചുകഴിഞ്ഞിരുന്നു. ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്നതില്‍ സഖ്യങ്ങളുണ്ടാക്കുക എന്നത് വളരെ പ്രധാനമായി മാറിയിട്ടുള്ള ഒരു കാലഘട്ടത്തില്‍ വെളിച്ചംകണ്ട് അന്തിച്ചുനില്‍ക്കുന്ന മാനിനെപ്പോലെയാണ് കോണ്‍ഗ്രസ്. സൈനിക സൂക്ഷ്മതയോടെയാണ് ബിജെപി വിജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സ്വന്തമായുള്ള അനുകൂല പരിസ്ഥിതികള്‍പോലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനാണ് പല സംസ്ഥാനങ്ങളിലെയും പ്രാദേശിക കക്ഷികളുടെ നേതാക്കള്‍ ശ്രമിക്കുന്നതെന്നത് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ശക്തമായ ഒരു സാമ്പത്തിക നയവും, സാമൂഹ്യനയവും ഇല്ലാതെയും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള കഴിവ് പ്രകടമാക്കാതെയും ബിജെപിയുടെയോ പ്രാദേശിക പാര്‍ട്ടികളുടെയോ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കേണ്ടതില്ല.
ഇപ്പോള്‍ 2019ലെ തെരെഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുമ്പോഴും, ചില ഉപതെരെഞ്ഞെടുപ്പുകളില്‍ കിട്ടുന്ന വിജയങ്ങള്‍കൊണ്ട് തൃപ്തിപ്പെടുകയാണ് കോണ്‍ഗ്രസ്. ഇന്ത്യയുടെ ശരിക്കുമുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാലിപ്പോള്‍ തുല്യരിലെ പ്രധാനിപോലുമല്ല എന്ന വസ്തുത കോണ്‍ഗ്രസ് അംഗീകരിക്കുകയും പൊതുവായ ഒരു പ്രത്യയശാസ്ത്രം പങ്കുവയ്ക്കാത്ത പാര്‍ട്ടികളുമായിപ്പോലും ഒരു ടീമിലെ അംഗമെന്നതുപോലെ ഒത്തുപോകുന്നതിനു കഴിയുകയുംവേണം. പാര്‍ട്ടി വലുതായി ചിന്തിക്കുകയും പ്രസ്ഥാനത്തിന്റെ മഹത്വം മുതലാക്കാന്‍ ശ്രമിക്കുകയും അണികളെ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യണം. 'പ്രവര്‍ത്തിക്കേണ്ട സമയത്ത് മടിച്ചുനില്‍ക്കാതെ, തെറ്റുകള്‍ സംഭവിച്ചാല്‍പ്പോലും വേഗതയില്‍ കാര്യങ്ങള്‍ ചെയ്യണം' എന്നാണ് ക്‌ളോസ്‌വിറ്റസ് പറഞ്ഞത്. ബിജെപി ഇതുവരെയും വേഗതയില്‍ പ്രവര്‍ത്തിക്കുകയും തെറ്റുകളൊന്നും വരുത്താതിരിക്കുകയും ചെയ്തു.

Other News

 • അന്നമ്മ ഉമ്മന്‍ നിര്യാതയായി
 • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
 • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
 • സത്യാ നദെല്ലയുടെ നേതൃത്വത്തില്‍ വീണ്ടും കരുത്ത് നേടുന്ന മൈക്രോസോഫ്റ്റ്
 • സെന്റിനെലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച വനിത
 • ഇലക്ട്രിക്ക് വാണിജ്യ വാഹന നിര്‍മ്മാണത്തില്‍ ചൈന ബഹുദൂരം മുന്നില്‍
 • മ്യാന്‍മറില്‍ സു ചിക്കെതിരെ നിരാശരായ യുവതലമുറ
 • Write A Comment

   
  Reload Image
  Add code here