യുഎസ് കത്തോലിക്കര്‍ക്ക് പോപ്പ് ഫ്രാന്‍സിസ് സ്വീകാര്യന്‍

Tue,Mar 13,2018


യുഎസിലെ റോമന്‍ കത്തോലിക്കാര്‍ക്കിടയില്‍ പോപ്പ് ഫ്രാന്‍സിസിനു പൊതുവില്‍ സ്വീകാര്യതയുള്ളതായി പ്യു റിസര്‍ച് സെന്റര്‍ നടത്തിയ പുതിയ പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സഭ പോകുന്ന ദിശയെക്കുറിച്ച് ആശങ്കപ്പെടുന്ന റിപ്പബ്ലിക്കന്മാരായ കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. പൊതുവില്‍ 84% യുഎസ് കത്തോലിക്കര്‍ പോപ്പ് ഫ്രാന്‍സിസിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹം സ്ഥാനമേറ്റ് ഒരു വര്‍ഷം തികഞ്ഞ 2014ല്‍ നടത്തിയ സര്‍വേയില്‍ ഇതേ അഭിപ്രായം പറഞ്ഞവരുടെ സംഖ്യയില്‍നിന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ 9% പേര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു മോശം അഭിപ്രായമാണ്.
മുന്‍ഗാമിയായ പോപ്പ് ബെനഡിക്ട് പതിനാറാമന് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതാണ് പോപ്പ് ഫ്രാന്‍സിസിനു അമേരിക്കന്‍ കത്തോലിക്കര്‍ക്കിടയിലുള്ള അംഗീകാരം. എങ്കിലും അമേരിക്കന്‍ കത്തോലിക്കാര്‍ക്കിടയില്‍ പോപ്പ് ഫ്രാന്‍സിസിന്റെ പിന്തുണ കുറയുന്നതിന്റെ സൂചനകളുണ്ട്. പോപ്പ് 'വളരെ ലിബറല്‍' ആകുന്നുവെന്ന അഭിപ്രായക്കാര്‍ 34%മാണ്. 2014 നേക്കാള്‍ 19% കൂടുതലാണിത്. സഭയെ നല്ല രീതിയിലാണ് അദ്ദേഹം നയിക്കുന്നതെന്ന് പറയുന്നവര്‍ 58%മുണ്ടെങ്കിലും 4 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സര്‍വേയില്‍ അങ്ങനെ പറഞ്ഞവര്‍ 68%മായിരുന്നു. യാഥാസ്ഥിതികര്‍ക്കിടയിലാണ് പിന്തുണ വേഗതയില്‍ കുറയുന്നത്. റിപ്പബ്ലിക്കന്മാരാണെന്നു വെളിപ്പെടുത്തിയ കത്തോലിക്കാരില്‍ 55%വും പോപ്പ് 'വളരെ ലിബറല്‍' ആണെന്ന അഭിപ്രായക്കാരാണ്. 2014ല്‍ അവര്‍ 23%മായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും സ്വവര്‍ഗ രതിക്കാരായ പുരോഹിതരെക്കുറിച്ച് അനുഭാവ പൂര്‍ണ്ണമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന പോപ്പ് ഫ്രാന്‍സിസിനെ ലിബറലുകള്‍ സ്വാഗതം ചെയ്യുന്നു. സഭയ്ക്ക് ആവശ്യമായ പരിഷ്‌ക്കര്‍ത്താവെന്ന നിലയിലാണ് അവരദ്ദേഹത്തെ കാണുന്നത്. അതേസമയം പോപ്പ് നിര്‍ദ്ദേശിക്കുന്ന ചില പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥിതികരായ ചില ബിഷപ്പുമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വിവാഹമോചിതരായ കത്തോലിക്കാര്‍ക്കും വിശുദ്ധ കുര്‍ബ്ബാന നല്‍കണമെന്ന നിര്‍ദ്ദേശമാണ് അവരെ ദേഷ്യം പിടിപ്പിച്ചിട്ടുള്ളത്. 2013 മാര്‍ച്ചില്‍ പോപ്പ് ഫ്രാന്‍സിസ് സ്ഥാനമേറ്റശേഷം ഞായറാഴ്ചത്തെ ആരാധനകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി സൂചനയൊന്നുമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പ് ഫ്രാന്‍സിസിന്റെ തെരെഞ്ഞെടുപ്പ് ആരാധനകളില്‍ പങ്കെടുക്കുന്നതിനുള്ള ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷ പുലര്‍ത്തിയ ചില കത്തോലിക്കര്‍ ഉണ്ടായിരുന്നു. പതിവായി ആരാധനകളില്‍ പങ്കെടുക്കുന്ന കത്തോലിക്കര്‍ 38%മാണ്. പോപ്പ് ഫ്രാന്‍സിസ് സ്ഥാനമേല്‍ക്കുന്നതിനു ഒരു വര്‍ഷം മുമ്പ് ഇത് 41%മായിരുന്നു.
കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്ന നല്ല ജോലിയാണ് പോപ്പ് ഫ്രാന്‍സിസ് ചെയ്യുന്നതെന്ന് കരുതുന്നവരുടെ എണ്ണം 2014ലെ 55%ത്തില്‍നിന്നും ഇപ്പോള്‍ 45%മായി കുറഞ്ഞു. പോപ്പ് ഫ്രാന്‍സിസ് വളരെ സമ്മതനാണെങ്കിലും വിശ്വാസികളുടെ എണ്ണം കുറയുന്നത് അദ്ദേഹത്തിന്റെ നേതൃത്വം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സഭയില്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നവരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നവരിലും 10% കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു ലൈംഗിക അതിക്രമം മറച്ചുപിടിക്കുന്നതിനു ശ്രമിച്ച ചിലിയിലെ ഒരു ബിഷപ്പിനെ സംരക്ഷിച്ച പോപ്പിന്റെ നടപടി സമീപകാലത്ത് വലിയ രോഷമുളവാക്കിയിരുന്നു. അതിനെ തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വത്തിക്കാന്‍ പ്രതിനിധിയെ പോപ്പ് അങ്ങോട്ടേക്ക് അയക്കുകയുണ്ടായി. വിശ്വാസത്തിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും കാര്യത്തില്‍ പോപ്പിന്റെ പിന്തുണ കുറയുന്നതില്‍ പാര്‍ട്ടി വ്യത്യാസമൊന്നുമില്ല.

Other News

 • ഞാറവേലില്‍ സിറിയക് നിര്യാതനായി
 • 'ഗുരുതരമായ ഭിന്നതകള്‍ മാറ്റിവച്ച്' റഷ്യക്കെതിരെ നാറ്റോ ഒന്നിക്കുന്നു
 • ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകള്‍ ഉടനെത്തിക്കാന്‍ നിസ്സാന്‍
 • ആര്‍ബിഐ പലിശനിരക്കുകള്‍ ഉയര്‍ത്തിയത് മോദിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും
 • ബിജെപി 'ഡാമേജ് കണ്‍ട്രോള്‍ മോഡി'ല്‍
 • പത്തുകോടി വര്‍ഷം പഴക്കം; ദിനോസറുകളുടെ കാലത്തെ തവള ആമ്പറിനുള്ളില്‍
 • മാതാപിതാക്കള്‍ സാലഡ് വിളമ്പിയത് ഇഷ്ടപ്പെടാത്ത പന്ത്രണ്ടുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍!
 • അധോലോകസംഘങ്ങള്‍ മേയുന്ന നാട്ടിലേക്ക് തിരിച്ചയക്കപ്പെടുന്നവര്‍
 • ട്രമ്പ്-കിം ഉച്ചകോടി വിജയം; ചെയ്യാനുള്ളത് വളരെയേറെ
 • അവസരം പാര്‍ത്ത് ഇടതും ബിജെപിയും
 • വൈരികളുമായി അമേരിക്ക അടുക്കുമ്പോള്‍ ചിരകാല സുഹൃത്തുക്കള്‍ അകലുന്നു
 • Write A Comment

   
  Reload Image
  Add code here