പ്രസിഡന്റ് ജിന്‍പിങ്ങിനോട് സാമ്യമുള്ള വിന്നികരടി കഥാപാത്രമായി എത്തുന്ന ചിത്രം ചൈനയില്‍ നിരോധിച്ചു
Tue,Aug 07,2018

വാഷിങ്ടണ്‍: പുതിയ ഡിസ്നി ചിത്രമായ ക്രിസ്റ്റഫര്‍ റോബിന് ചൈന പ്രദര്‍ശനാനുമതി നിഷേധിച്ചതിനു കാരണം ചിത്രത്തിലെ മുഖ്യ കഥാപാത്രമായ വിന്നി ദ പൂവിന് പ്രസിഡന്റ് സി ജിന്‍പിങ്ങിനോടുള്ള സാമ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. സാങ്കല്പിക കഥാപാത്രമായ വിന്നി കരടിയോട് ജിന്‍പിങ്ങിനെ ഉപമിക്കുന്ന
കാര്‍ട്ടൂണുകളും ട്രോളുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.
2013 ല്‍ ബരാക്ക് ഒബാമ ചൈന സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ജിന്പിങ്ങുമൊത്ത് പൂന്തോട്ടത്തിലൂടെ നടക്കുന്ന ഫോട്ടോയെടുത്താണ് ട്രോളര്‍മാര്‍ ആദ്യം പണിഒപ്പിച്ചത്. ജിന്‍പിങ്ങിനെ വിന്നിയോടും ഒബാമയെ വിന്നിയുടെ സുഹൃത്ത് ടിഗറിനോടുപമിച്ച ടോള്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടി. പിന്നീട് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ ചൈനയിലെത്തിയപ്പോഴും ഇതുതന്നെ സംഭവിച്ചു.
ഇത്തവണ അബെ ഡോങ്കി യെയോര് ആയപ്പോള്‍ ജിന്‍പിങ്ങിന് വിന്നി തന്നെയാകാനായിരുന്നു വിധി. ഈ ട്രോളും ഇന്റര്‍നെറ്റില്‍ തരംഗമായി. ഇതോടെ രോഷാകുലരായ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.
കാര്യമെന്തായാലും തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായ വിന്നിയുടെ പുതിയ ചിത്രം തീയേറ്ററില്‍ കാണാനാകില്ല എന്ന സങ്കടത്തിലാണ് ചൈനയിലെ കുട്ടികള്‍.