ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലാതാകും

Thu,Sep 13,2018


ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും, സാന്ദ്രീകൃത പ്രകൃതി വാതകം, എത്തനോള്‍ തുടങ്ങിയ ബദല്‍ ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും റോഡില്‍ ഓടുന്നതിനുള്ള പെര്‍മിറ്റ് ആവശ്യമില്ലാതെയാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട് മന്ത്രി നിതിന്‍ ഗഡ്കരി. ബയോ-സിഎന്‍ജിയില്‍ ഓടുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് പരിഗണിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അവസാനിപ്പിക്കുന്നതിനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ എല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്‌ഐഎഎം) വാര്‍ഷിക യോഗത്തില്‍ സംസാരിക്കവെ മന്ത്രി ഗഡ്കരി പറഞ്ഞു. എന്നാല്‍ എപ്പോള്‍ മുതലിത് നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എങ്കിലും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ നടപ്പാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സംസ്ഥാനമോ അല്ലെങ്കില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയോ ആണ് വാഹനം ഉപയോഗിക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മറ്റു പലതിനുമൊപ്പം കോണ്‍ട്രാക്ട് കാരിയേജ് ബസ് പെര്‍മിറ്റ്, ഗുഡ്‌സ് ക്യാരിയര്‍ പെര്‍മിറ്റ്, ക്യാബ് പെര്‍മിറ്റ് എന്നിവയെല്ലാം ആവശ്യമാണ്. പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സമയവും പണവും ലാഭിക്കുന്നതിനു ഇടയാക്കും. പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ സ്വന്തം വാഹനവ്യൂഹത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് വാഹന ഉടമകളെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബദല്‍ ഇന്ധന വാഹനങ്ങളെ പെര്‍മിറ്റ് സമ്പ്രദായത്തില്‍നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്നുണ്ടെങ്കിലും ഹൈബ്രിഡ് വാഹനങ്ങളും മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളും പുതിയ തീരുമാനത്തിന്റെ പരിധിയില്‍ വരുന്നില്ല. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം മന്ത്രി ഗഡ്കരി തള്ളിക്കളഞ്ഞു. ജിഎസ്ടിയില്‍ ആനുകൂല്യം ഇപ്പോള്‍ത്തന്നെ അവര്‍ക്കു നല്‍കുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 12% ജിഎസ്ടി നല്‍കിയാല്‍ മതിയാകും. പരീക്ഷണാര്‍ത്ഥം ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക്ക് വാഹനങ്ങളെ നികുതികളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ പരിശോധിക്കുന്നതിനും അവ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന് നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനും വേണ്ടിയാണിത്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയതും ശുചിത്വമുള്ളതുമായ റോഡുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കുന്ന കാര്യവും ഗവണ്മെന്റ് പരിഗണിക്കുകയാണ്.

Other News

 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • Write A Comment

   
  Reload Image
  Add code here