എച്ച് 1 ബി വിസയുള്ളവര്‍ക്ക് ജോലി മാറാന്‍ വ്യവസ്ഥകള്‍ ഉദാരമാക്കുന്ന ബില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അവതരിപ്പിച്ചു
Fri,Sep 14,2018

വാഷിംഗ്ടണ്‍ ഡി സി: എച്ച് 1 ബി വിസയുള്ളവര്‍ക്ക് ജോലി മാറാന്‍ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ഓരോ രാജ്യത്തിനുമുള്ള ക്വോട്ട സമ്പ്രദായം മറികടക്കുന്നതുമായ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഡെമോക്രാറ്റ് പ്രതിനിധിയുമായ കൃഷ്ണമൂര്‍ത്തി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോഫ്മാന് എന്നിവര്‍ ചേര്‍ന്നാണ് 'ഇമിഗ്രേഷന്‍ ഇന്നവേഷന്‍ ആക്ട് ഓഫ് 2018' എന്നു നാമകരണം ചെയ്യപ്പെട്ട ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ബില്‍ പാസാക്കുകയും, പ്രസിഡന്റ് ഒപ്പുവച്ച് ഇത് നിയമമാക്കുകയും ചെയ്താല്‍ എച്ച് 1 ബി വിസ പ്രോഗ്രാമില്‍ വലിയ പരിവര്‍ത്തനം വരുന്നതും, അമേരിക്കയിലെ സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസ മേഖലയില്‍ സ്കൂള്‍ തലത്തിലും കോളജ് തലത്തിലും കൂടുതല്‍ നിക്ഷേപം വരുത്തുന്നതുമായ ഒന്നായി ഇത് മാറുമെന്ന് രണ്ട് നിയമ നിര്‍മാതാക്കളും അവകാശപ്പെട്ടു.
തദ്ദേശിയരായ ജോലിക്കാരുടെ കഴിവു വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന കൂടുതലായ നിക്ഷേപം വഴി അമേരിക്കന്‍ ജോലിക്കാരെ ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് സജ്ജരാക്കുകയും, ഉയര്‍ന്ന സാങ്കേതിക വൈദഗഗ്ധ്യമുള്ളവരുടെ വിസ ചട്ടങ്ങളില്‍ പരിഷ്കരണം വരുത്തി ആഗോള സമ്പദ് വ്യവസ്ഥയില്‍ അമേരിക്കന്‍ ബിസിനസിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ബില്ലാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ രാജ്യത്തിന്റെ ഹൈ ടെക് വര്‍ക്ക് ഫോഴ്സിനു വേണ്ടിയുള്ള ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതും,എച്ച് 1 ബി വിസ അപേക്ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതുമാകണമെന്ന് കോഫ്മാന് ചൂണ്ടിക്കാട്ടി.
ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍: അമേരിക്കന്‍ ജീവിനക്കാര്‍ക്കു പകരമായി എച്ച് 1 ബി വിസക്കാരെ ഹയര്‍ ചെയ്യാന്‍ പാടില്ല. എച്ച് 1 ബി വിസ , ഗ്രീന്‍ കാര്‍ഡ് അപേക്ഷ എന്നിവയ്ക്കു വേണ്ടി ശേഖരിക്കുന്ന ഫീസ് സ്റ്റെം വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനും, ജോലിക്കാരുടെ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കണം. വിദേശ ജോലിക്കാരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇത് സഹായിക്കും. അമേരിക്കന്‍ മാസ്റ്റേഴ്സ് ബിരുദമോ, ഉയര്‍ന്ന വിദ്യാഭായസ യോഗ്യതയോ ഉള്ള എച്ച് 1 ബി വിസക്കാരുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ ഓരോ രാജ്യത്തിനു വേണ്ടിയും നിജപ്പെടുത്തുന്ന ക്വോട്ടയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമപരമായ സ്റ്റാറ്റസ് നഷ്ടപ്പെടാതെ തന്നെ ജോലി മാറുന്നതിന് എച്ച് 1 വിസക്കാര്‍ക്ക് നിശ്ചിത കാലാവധി ലഭ്യമാക്കണം. അഞ്ചില്‍ കൂടുതല്‍ എച്ച് 1 ബി വിസക്കാരെ നിയമിക്കുകയും ആദ്യത്തെ വര്‍ക്ക് ഓതറൈസേഷനില് ഓരോ ജീവനക്കാരനും 25 ശതമാനത്തില്‍ കുറവാണ് ഒരു വര്‍ഷം ജോലി ചെയ്തതെന്നും കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് പിഴ വിധിക്കും. എച്ച് 1 വി ബിസക്കാരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും നിലവിലുള്ള വേതന നിയമപ്രകാരം ജോലി ചെയ്യാന്‍ ഓതറൈസേഷന്‍ നല്‍കുന്നതാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷയില്‍ ഓരോ രാജ്യത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വോട്ട പരിധി എടുത്തു കളയണം. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിയ വിദേശ പ്രൊഫഷണലുകളെ ഹയര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് എച്ച് 1 ബി വിസയുമായി ബന്ധമില്ലാത്ത ഗ്രീന്‍കാര്‍ഡ് ചാനല്‍ ക്രമീകരിക്കണം.