അഫ്ഗാനില്‍ നിന്നും 'മാന്യമായി' പുറത്തുകടക്കാന്‍ യുഎസ് ശ്രമം

Wed,Oct 10,2018


ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗനി ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. തന്ത്രപ്രധാനമായ പങ്കാളിത്തത്തെക്കുറിച്ചും പുതിയ വികസന പങ്കാളിത്തത്തെക്കുറിച്ചുമൊക്കെ പതിവ് പ്രസ്താവനകളൊക്കെ ഉണ്ടായെങ്കിലും പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. താലിബാനെ നിയന്ത്രിക്കുന്ന ചരടുകള്‍ മറ്റു രാജ്യ തലസ്ഥാനങ്ങളിലാണെങ്കിലും, അവരുമായി 'അഫ്ഗാന്‍ നേതൃത്വത്തില്‍, അഫ്ഗാന്‍ സ്വന്ത നിലയില്‍, അഫ്ഗാന്‍ നിയന്ത്രണത്തില്‍' നടത്തുന്ന സമാധാന, പുനരനുരഞ്ജന പ്രക്രിയക്ക് ഇന്ത്യ പിന്തുണ ആവര്‍ത്തിച്ചു. ഒരു വര്‍ഷം മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പുതിയ അഫ്ഗാന്‍ നയം അനാവരണം ചെയ്തതിനു ശേഷം സ്തംഭനാവസ്ഥ തുടരുകയാണ്. സമീപ മാസങ്ങളിലായി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇസ്‌ലാമിക സ്‌റ്റേറ്റ് ഉത്തരവാദിത്വം അവകാശപ്പെട്ട കാബൂളിലെ ചാവേര്‍ ആക്രമണത്തിന് പുറമെ, ഫറാഹ്, ബഗ്‌ളാന്‍, ഗസ്‌നി എന്നിവടങ്ങളിലും രൂക്ഷമായ ആക്രമണങ്ങളുണ്ടായി. പാകിസ്ഥാനിലുള്ള സുരക്ഷിത താവളങ്ങള്‍ താലിബാന്‍ നേതൃത്വവും ഹക്കാനി നെറ്റ്‌വര്‍ക്കും നിലനിര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് പാക്കിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ജനസംഖ്യയുടെ മേലുള്ള അഫ്ഗാന്‍ ഗവണ്മെന്റിന്റെ നിയന്ത്രണം ശോഷിച്ചുവരുകയും ഇപ്പോള്‍ 56%ത്തിലേക്ക് ഒതുങ്ങുകയും ചെയ്തിരിക്കുന്നു. ഈദ് പെരുന്നാളിനോടനുബന്ധിച്ച് ജൂണില്‍ മൂന്നു ദിവസം വെടിനിര്‍ത്തലിന് സമ്മതിച്ചതൊഴിച്ചാല്‍ ചര്‍ച്ചകള്‍ക്കായി ഗനി നല്‍കുന്ന ആവര്‍ത്തിച്ചുള്ള ക്ഷണങ്ങള്‍ താലിബാന്‍ നേതൃത്വം നിരാകരിക്കുകയാണ്. പാര്‍ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പ് 2015ല്‍ നടക്കേണ്ടതായിരുന്നു എങ്കിലും ഇന്നോളം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഒക്ടോബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതും നടക്കാനുള്ള സാധ്യതയൊന്നുമില്ല. പ്രസിഡന്റ് തെരെഞ്ഞെടുപ്പ് 2019 ഏപ്രിലില്‍ നടക്കണം. ദേശീയ ഐക്യഗവണ്‍മെന്റിനായി നടത്തിയ പരീക്ഷണം വിജയിച്ചിട്ടില്ല. 2019ലെ തെരെഞ്ഞെടുപ്പിനു ശേഷം നിയമാധിഷ്ഠിതമായ ഒരു ഗവണ്മെന്റ് രൂപപ്പെടാനുള്ള സാധ്യത വിദൂരമായാണ് കാണപ്പെടുന്നത്. യുഎസ് ഉള്‍പ്പടെയുള്ള എല്ലാ പ്രധാന ശക്തികളും താലിബാനുമായുള്ള അവരുടെ ആശയവിനിമയങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പാകിസ്ഥാന്റെ ഇരട്ടത്താപ്പ്
യുഎസിന്റേയും നാറ്റോ സഖ്യശക്തികളുടെയും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ച് സൈനികമായി ഇപ്പോള്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ഇല്ലാതെയാക്കുക എന്നതായിരുന്നു കഴിഞ്ഞ വര്‍ഷം യുഎസ് പ്രഖ്യാപിച്ച നയത്തിന്റെ ലക്ഷ്യം. വ്യോമസേനയുടെ സഹായം തേടുന്നതിലുള്ള തടസ്സങ്ങളൊക്കെ ലഘൂകരിച്ചു. അഫ്ഗാനിസ്ഥാനില്‍നിന്നും സമയ ബന്ധിതമായി യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന ഒബാമയുടെ സമീപനത്തിന് പകരമായി ഉപാധികളോടെയുള്ള സമീപനം ട്രമ്പ് പ്രാബല്യത്തിലാക്കി. പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെതിരെ ട്രമ്പ് ട്വീറ്റ് ചെയ്തു. യുഎസിന്റെ 'നാറ്റോ ഇതര സഖ്യശക്തിയായി' നിലകൊള്ളുകയും അതേ സമയംതന്നെ കലാപകാരികള്‍ക്കു സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്ന നപടിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്. 17 വര്‍ഷമായി സഹായങ്ങള്‍ നല്‍കുകയും ചിലപ്പോള്‍ അത് തടഞ്ഞുവച്ചുകൊണ്ടോ അല്ലെങ്കില്‍ റദ്ദാക്കിക്കൊണ്ടോ ശിക്ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ പാകിസ്ഥാനോട് യുഎസ് അനുവര്‍ത്തിച്ച ചാഞ്ചാട്ട സ്വഭാവമുള്ള നയം പാകിസ്ഥാന്റെ പെരുമാറ്റ രീതികളില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ നയം മാറ്റാന്‍ കഴിയില്ലെന്ന അസുഖകരമായ സത്യം സാവധാനമെങ്കിലും യുഎസ് മനസ്സിലാക്കുകയാണ്. അത്തരമൊരു മാറ്റം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന സൈനിക നേതൃത്വത്തിന്റെ നിലപാടുതന്നെയാണ് കാരണം. അന്തരാഷ്ട്ര വേദികളില്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ എന്തുതന്നെ ആയാലും ഭൂപരമായി ഏകീകൃതവും സമാധാനപൂര്‍ണ്ണവും സുസ്ഥിരവുമായ അഫ്ഗാനിസ്ഥാന്‍ എന്ന ആശയത്തെ പാക് സൈന്യവും ഐഎസ്‌ഐയും പിന്തുണക്കുന്നില്ല. അതേ സമയം അഫ്ഗാനിസ്ഥാന്റെ നിയത്രണം താലിബാന്‍ പൂര്‍ണ്ണമായി കയ്യടക്കുക എന്ന ആശയത്തെയും ഐഎസ്‌ഐ പിന്തുണക്കാനിടയില്ല. 1980കളില്‍ നടത്തിയ ജിഹാദിന്റെ ഫലമായി 1992 ല്‍ നജീബുള്ളയുടെ ഗവണ്മെന്റ് നിലംപതിക്കുകയും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം മുജാഹിദീന്‍ നേതാക്കള്‍ ഏറ്റെടുക്കുകയും ചെയ്തതിനുശേഷം, തമ്മില്‍ പോരടിക്കുമ്പോഴും ഐഎസ്‌ഐയുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നത് അവര്‍ നിര്‍ത്തിയ അനുഭവം പാകിസ്ഥാന്‍ മറക്കില്ല. അതിനെത്തുടര്‍ന്നാണ് പാകിസ്ഥാന്‍ ഊട്ടിവളര്‍ത്തിയ താലിബാന്‍ ഉദയം ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ നിയന്ത്രിതമായ അസ്ഥിരതയാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. താലിബാന് കുറെ അധികാരമുണ്ടാകണമെങ്കിലും അവര്‍ ഐഎസ്‌ഐയെ ആശ്രയിക്കുന്നത് തുടരണം. അഫ്ഗാനിസ്ഥാനില്‍ ഗണ്യമായ സൈനിക സാന്നിധ്യം തുടരുന്നിടത്തോളം കാലം പാകിസ്ഥാനുമായുള്ള ബന്ധങ്ങള്‍ യുഎസിന് തുടര്‍ന്നേ മതിയാകു. അഫ്ഗാനിലെ യുഎസ് സൈനികരുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനും പാകിസ്ഥാനിലൂടെ മാത്രമേ കഴിയുകയുള്ളു. കലാപകാരികള്‍ക്കു പാകിസ്ഥാനിലുളള സുരക്ഷിത താവളങ്ങള്‍ക്കു നേരെ നേരിട്ട് ആക്രമണം നടത്തുക, 'നാറ്റോയിതര സഖ്യശക്തി' എന്ന പാകിസ്ഥാന്റെ പദവി അവസാനിപ്പിക്കുക, ചില സൈനിക ഓഫിസര്‍മാര്‍ക്കെതിരെ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുക, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യുഎസിന് കഴിയില്ല. കാരണം, പാകിസ്ഥാനോടുള്ള യുഎസിന്റെ ആശ്രിതത്വം വാഷിങ്ങ്ടണില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ പാകിസ്ഥാന് കുറെ സ്വാധീനം നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ 33 ബില്യണ്‍ ഡോളറിലധികം സഹായം യുഎസ് പാകിസ്ഥാന് നല്‍കിയിട്ടുണ്ട്. ബന്ധങ്ങളില്‍ ഉയര്‍ച്ചയും താഴ്ചയുമൊക്കെ സംഭവിക്കുകയും അസന്തുഷ്ടി നിറഞ്ഞ വിവാഹബന്ധമെന്നൊക്കെ പറയുന്നുണ്ടെങ്കില്‍പ്പോലും ബന്ധം അവസാനിപ്പിക്കുന്നതിന് ഒരു ഭാഗത്തിനും കഴിയില്ല.
താലിബാനുമായി ചര്‍ച്ച
അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ 'വിജയിക്കുക' എന്ന ട്രമ്പിന്റെ ആദ്യ ലക്ഷ്യം മാറ്റിവച്ചത്. അഫ്ഗാനില്‍നിന്നും തലയുയര്‍ത്തിപ്പിടിച്ചു മടങ്ങുന്നതിനാണ് യുഎസ് ആഗ്രഹിക്കുന്നത്. വിജയകരമായ ഒരു തെരെഞ്ഞെടുപ്പ് നടത്തി പിന്‍വാങ്ങിയാല്‍ അവിടെ ചിന്തിയ രക്തവും (2400 യുഎസ് സൈനികര്‍ അവിടെ കൊല്ലപ്പെട്ടു) ചിലവഴിച്ച പണവും (ഒരു ട്രില്യണ്‍ ഡോളര്‍) നല്ലൊരു ഫലത്തിന് വേണ്ടിയായിരുന്നു എന്ന ന്യായം പറയാന്‍ കഴിയും. അതിനായി കുറെ സമയത്തേക്കെങ്കില്‍പ്പോലും കലാപത്തിന് അറുതിയുണ്ടാക്കണം. സൈനിക കരുത്തിലൂടെ ആ ലക്ഷ്യം നേടാന്‍ പരാജയപ്പെട്ടപ്പോള്‍ താലിബാനുമായി ചര്‍ച്ചകള്‍ക്ക് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് യുഎസ് തയ്യാറായി. മുമ്പ് അതിനു കൂട്ടാക്കിയിരുന്നില്ല. കാബൂളിലെ ഗവണ്മെന്റിന്റെ നിയമസാധുതയ്ക്ക് അത് ഹാനിയുണ്ടാക്കുമെന്ന കാരണത്താലായിരുന്നു അത്. അതുകൊണ്ട് അഫ്ഗാന്‍ നേതൃത്വത്തിലും അഫ്ഗാന്‍ നിയന്ത്രണത്തിലും ഒരു പുനരനുരഞ്ജന പ്രക്രിയക്ക് പാകിസ്ഥാനെ ചുമതലപ്പെടുത്തി. എങ്കിലും അത് സംഭവിച്ചില്ല. ഖത്തറിലാണ് ആദ്യ റൗണ്ട് ചര്‍ച്ച നടന്നത്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പങ്കെടുത്തു. താലിബാന്‍ ഗൗരവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്നുണ്ടോ, അഫ്ഗാന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചക്ക് കളമൊരുക്കാന്‍ കഴിയുമോ എന്ന് വിലയിരുത്താന്‍ വേണ്ടിയായിരുന്നു ആദ്യ റൗണ്ട് ചര്‍ച്ചയില്‍ ശ്രമിച്ചത്. ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച താലിബാന്‍ നിലപാട് വ്യക്തമാക്കി. യുഎസ് കസ്റ്റഡിയിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കുക, അഫ്ഗാനിസ്ഥാനില്‍ യുഎസ് താവളങ്ങള്‍ അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളാണ് താലിബാന്‍ ഉന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ മുന്‍ യുഎസ് അംബാസിഡര്‍ സാല്‍മിയ ഖലീല്‍സാദിനെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചതോടെ താലിബാനുമായുമുള്ള ചര്‍ച്ചകള്‍ക്ക് ആക്കം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ സാന്നിധ്യം ഉന്നയിച്ചാണ് ഒരു വര്‍ഷം മുമ്പ് റഷ്യ താലിബാനുമായി നേരിട്ട് ചര്‍ച്ചകള്‍ തുടങ്ങിയത്. താലിബാനുമായി ഇറാന്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ആശയപരമായ ആഭിമുഖ്യമുണ്ടെങ്കില്‍പ്പോലും അറബ് ആധിപത്യമുള്ള ഐഎസിനെ ചെറുക്കാന്‍ താലിബാന്‍ തയ്യാറാകുമെന്നാണ് റഷ്യയും ഇറാനും കരുതുന്നത്. ഓഗസ്റ്റില്‍ ജൗസാനില്‍ സംഭവിച്ചത് സൂചനയാണ്. അവിടെ 250 ഐ എസ് പോരാളികള്‍ താലിബാന്റെ വിചാരണ നേരിടാന്‍ കൂട്ടാക്കാതെ അഫ്ഗാന്‍ അധികൃതര്‍ക്ക് മുമ്പാകെയാണ് കീഴടങ്ങിയത്. യുഎസിന്റെ പ്രേരണയ്ക്കു വഴങ്ങി കാബുളുമായുള്ള ചര്‍ച്ചകള്‍ക്ക് താഷ്‌ക്കെന്റില്‍ കഴിയുന്ന താലിബാന്‍ നേതാക്കളെ ഉസ്‌ബെക്കിസ്ഥാനും പ്രേരിപ്പിക്കുന്നുണ്ട്. ഉയിഗുര്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പരിശീലനവും ആയുധങ്ങളും നല്‍കി അഫ്ഗാന്‍ ബ്രിഗേഡിനെ ബദക്ഷാനില്‍ വിന്യസിക്കാന്‍ ചൈനയും പദ്ധതിയിടുന്നുണ്ട്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളുടെ സംരക്ഷണത്തിനായി താലിബാന്റെ സഹായവും ചൈന തേടുന്നുണ്ട്. ഇതെല്ലാം താലിബാന് പുതിയ നിയമസാധുത നല്‍കുന്നു. പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതും അതാണ്. ഐ എസ് ഉദയം ചെയ്തതോടെ 'നല്ല താലിബാനും മോശം താലിബാനും' തമ്മിലുള്ള വേര്‍തിരിവും അപ്രസക്തമായിട്ടുണ്ട്.
അടവ് മാറ്റുന്ന താലിബാന്‍
കളി അന്ത്യത്തിലേക്ക് കിടക്കുകയാണെന്ന് മനസ്സിലാക്കുന്ന താലിബാനും അടവ് മാറ്റുകയാണ്. സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും കോടതികളുമെല്ലാം തകര്‍ക്കുന്നതിനു പകരം ഗവണ്മെന്റിന്റെ ശമ്പളം വാങ്ങുന്നവരെകൂടി ഉള്‍പ്പെടുത്തി അവ നടത്തിക്കൊണ്ടു പോകുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ഒളിപ്പോര്‍ സംഘടനയെന്ന നില മാറ്റി ഭരണപരമായ കഴിവുകള്‍ പ്രകടമാക്കുന്നതിനാണ് താലിബാന്‍ ശ്രമിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിലും ഗനി മത്സരിക്കും. ഇക്കുറി സമാധാനം കൊണ്ടുവന്ന നേതാവെന്ന പരിവേഷത്തോടെയാകും രംഗത്തിറങ്ങുക. പല കോണുകളില്‍നിന്നും വിഭിന്ന ദിശകളിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഉള്ളിടത്തോളം സമാധാനം അഫ്ഗാനിസ്ഥാനില്‍ മിഥ്യയായിത്തന്നെ അവശേഷിക്കും. 2019ലെ തെരെഞ്ഞെടുപ്പിനു ശേഷം യുഎസ് എങ്ങനെയെങ്കിലും പുറത്തുകടക്കും. അത് തന്റെ നേട്ടമായി ട്രമ്പ് കൊട്ടിഘോഷിക്കുകയും ചെയ്യും.

Other News

 • ജോസ് കുടിലില്‍ ചിക്കാഗോയില്‍ നിര്യാതനായി
 • കുടിലില്‍ ജോസ് നിര്യാതനായി
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • മറിയാമ്മ പൊട്ടനാട്ട് നിര്യാതയായി
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • Write A Comment

   
  Reload Image
  Add code here