ഖഷോഗി വധം; സൗദി കിരീടാവകാശി രാജകുമാരന്‍ കിറുക്കനും അപകടകാരിയുമാണെന്ന് സീനിയര്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍

Tue,Dec 04,2018


വാഷിംഗ്ടണ്‍: സൗദി വിമത പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖോഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ഹിന്‍ സല്‍മാനെ വെള്ളപൂശാന്‍ പ്രസിഡന്റ് ട്രമ്പ് ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ അതിനു കുട പിടിക്കുമെന്നു തോന്നുന്നില്ല. രാജകുമാരന് ഖഷോഗി വധത്തില്‍ പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നതായി സീനിയര്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. രാജകുമാരന്‍ കിറുക്കനും അപകടകാരിയുമാണെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മടിച്ചില്ല.
സെനറ്റിന്റെ വിദേശകാര്യ കമ്മിറ്റി മുമ്പാകെ സി.ഐ.എ ഡയറക്ടര്‍ ജിന ഹസ്പല്‍ നടത്തിയ ഹ്രസ്വമായ വിശദീകരണം ശ്രവിച്ച ശേഷം പുറത്തിറപ്പോഴാണ് ഗ്രഹാം ഇത്തരത്തില്‍ തുറന്നടിച്ചത്. പുക ഉതിര്‍ക്കുന്ന തോക്കല്ല, പുക ഉതിര്‍ക്കുന്ന വാളാണ് ഈ കേസിലുള്ളതെന്ന് ഗ്രാഹം പറഞ്ഞു. ഖഷോഗിയുടെ മൃതദേഹം പല കഷണങ്ങളാക്കി എന്ന വാദത്തെ സാധൂകരിക്കുന്ന വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന യുദ്ധത്തെ തുണയ്ക്കില്ലെന്നും, കിരീടാവകാശി രാജകുമാരന്‍ അധികാരത്തിലുള്ളിടത്തോളം കാലം സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെ അനുകൂലിക്കില്ലെന്നും ഗ്രഹാം പറഞ്ഞു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ബോബ് മെനന്‍ഡെസയും ഈ വാദത്തെ തുണച്ചു. ഇത്തരം നടപടികള്‍ ലോകത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന വ്യക്തമായ സന്ദേശം അമേരിക്ക നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഒരു ജൂറിക്കു മുമ്പില്‍ ഹാജരാക്കപ്പെട്ടാല്‍ 30 മിനിറ്റു കൊണ്ട് കിരീടാവകാശി രാജകുമാരന്‍ കേസില്‍ കുറ്റക്കരനായി വിധിക്കപ്പെടുമെന്ന് ടെന്നസിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബ് കോര്‍ക്കര്‍ പ്രതികരിച്ചു. അമേരിക്കയില്‍ താമസിച്ചു വന്നിരുന്ന ഒരാളുടെ വധത്തില്‍ സൗദി ഭരണാധികാരികള്‍ക്കു പങ്കുണ്ടെന്ന് സര്‍ക്കാരിന് അറിയാമെങ്കില്‍ പൊതുജനങ്ങളെ അക്കാര്യം എന്തു കൊണ്ടാണ് അറിയിക്കാത്തതെന്ന് മറ്റൊരു സെനറ്ററായ ക്രിസ് മര്‍ഫി ചോദിച്ചു. എല്ലാ കാര്യങ്ങളിലും രഹസ്യ സ്വഭാവം വേണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖഷോഗി വധത്തിന് ഉത്തരവ് നല്‍കിയത് കിരീടാവകാശി രാജകുമാനായിരിക്കാം എന്നാണ് സി.ഐ.എ യുടെ നിഗമനം. ഖഷോഗിയെ വധിക്കാന്‍ പോയ സംഘത്തിന്റെ തലവന്‍ ഖതാനിയുമായി കിരീടാവകാശി രാജകുമാരന്‍ കൈമാറിയ സന്ദേശങ്ങള്‍ സി.ഐ.എ യുടെ പക്കലുണ്ട്. ഖഷോഗി വധത്തില്‍ രാജകുമാരന് അറിവുണ്ടാകാനും, മറിച്ചും സാധ്യതയുണ്ടെന്നും ഇതൊന്നും സൗദിയുമായുള്ള അമേരിക്കയുടെ ബന്ധത്തെ ബാധിക്കാന്‍ പാടില്ലെന്നുമുള്ള നിലപാടാണ് ട്രമ്പ് പുലര്‍ത്തുന്നത്.

Other News

  • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
  • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
  • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
  • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
  • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
  • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
  • മാഗിന് നവ സാരഥികള്‍
  • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
  • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
  • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
  • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
  • Write A Comment

     
    Reload Image
    Add code here