ഇന്ത്യയിലെ ധനികരായ സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ഒന്നാമത്; മമ്മൂട്ടിക്കും നയന്‍താരയ്ക്കും പട്ടികയില്‍ സ്ഥാനം

Wed,Dec 05,2018


മുംബൈ : ഇന്ത്യയിലെ ഏറ്റവും ധനികരായ 100 സെലിബ്രിറ്റികളുടെ പട്ടിക ഫോര്‍ബ്‌സ് ഇന്ത്യ പുറത്തുവിട്ടു.
253.25 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സല്‍മാന്‍ഖാനാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഉണ്ടാക്കിയ വരുമാനം പരിഗണിച്ചാണ് ധനികരായ സെലിബ്രിറ്റികളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടത്. മലയാളികളായ മമ്മൂട്ടി, നയന്‍താര എന്നിവരും പട്ടികയിലുണ്ട്.
തുടര്‍ച്ചയായാ മൂന്നാം തവണയാണ് സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗര്‍ സിന്ദാ ഹൈ, റേസ്-3 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പുറമെ ടെലിവിഷന്‍ അവതാരകന്‍, വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍ എന്നീ ഘടകങ്ങളാണ് 52കാരനായ സല്‍മാനെ മുന്നിലെത്തിച്ചത്. 253.25 കോടി രൂപയാണ് ഇക്കാലയളവില്‍ സല്‍മാന്റെ വരുമാനം. പട്ടികയില്‍ ഇടംനേടിയ 100 സെലിബ്രിറ്റികളുടെ വരുമാനത്തിന്റെ 8.06 ശതമാനമാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 116.53 കോടി രൂപ വര്‍ദ്ധിച്ചതോടെയാണ് വിരാട് കോഹ്ലി പട്ടികയില്‍ രണ്ടാമെത്തിയത്. 228.09 കോടി രൂപയാണ് ഇക്കാലയളവില്‍ കോഹ്ലിയുടെ വരുമാനം. 185 കോടി രൂപ വരുമാനമുണ്ടാക്കിയ ബോളിവുഡ് താരം അക്ഷയ് കുമാറാണ് മൂന്നാമത്.
കഴിഞ്ഞ വര്‍ഷം ഒരു സിനിമ പോലും പുറത്തിറങ്ങാതിരുന്ന ഷാരൂഖ് ഖാന്‍ ആദ്യ പത്തില്‍നിന്ന് പുറത്തായതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. 2017ല്‍ രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്. അദ്ദേഹത്തിന്റെ വരുമാനത്തില്‍ 33 ശതമാനം ഇടിവുണ്ടായതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 56 കോടി രൂപ മാത്രം വരുമാനമുള്ള ഷാരൂഖ് 17-ാം സ്ഥാനത്താണ്.
112.8 കോടി വരുമാനമുള്ള ദീപിക പദുകോണ്‍ നാലാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രത്യേകത. ഫോര്‍ബ്‌സ് സെലിബ്രിറ്റി പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംനേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവര്‍ കൈവരിച്ചു. പത്മാവതിന്റെ വിജയമാണ് ഈ നേട്ടത്തിന് അവരെ സഹായിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍നിന്ന് കൂടുതല്‍ പേര്‍ ഇടം പിടിച്ചതാണ് മറ്റൊരു പ്രത്യേകത. 17 പേരാണ് ദക്ഷിണേന്ത്യയില്‍നിന്ന് ഇടംനേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 13 ആയിരുന്നു. മമ്മൂട്ടി 49-ാം സ്ഥാനത്തും നയന്‍താര 69-ാം സ്ഥാനത്തുമാണ്. മമ്മൂട്ടിയുടെ വരുമാനം 18 കോടിയും നയന്‍താരയുടേത് 15.17 കോടി രൂപയുമാണ്. അതേസമയം ബോളിവുഡ് താരങ്ങളുടെ എണ്ണം 33ല്‍നിന്ന് 31 ആയി കുറയുകയും ചെയ്തു.
ഇത്തവണത്തെ പട്ടികയില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ്. 28.46 കോടി വരുമാനമുണ്ടാക്കിയ പാണ്ഡ്യ ഏറ്റവുമധികം നേട്ടമുണ്ടാക്കിയവരുടെ ശതമാനകണക്കില്‍ ഒന്നാമതാണ്. പാണ്ഡ്യയുടെ വരുമാനവര്‍ദ്ധനവ് 836.19 ശതമാനമാണ്. ഇക്കാര്യത്തില്‍ വലിയ തിരിച്ചടി നേരിട്ടത് പ്രിയങ്ക ചോപ്രയ്ക്കാണ്. പ്രിയങ്കയുടെ വരുമാനത്തില്‍ 73.53 ശതമാനം ഇടിവുണ്ടായി.

Other News

  • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
  • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
  • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
  • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
  • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
  • മത്തായി ലൂക്കോസ് ചെമ്മാച്ചേല്‍ നൂറാം വയസില്‍ നിര്യാതനായി
  • എച്ച്1ബി വിസക്കാര്‍ക്ക് പൗരത്വവാഗ്ദാനവുമായി ട്രമ്പ്
  • കോഹനെ കോണ്‍ഗ്രസ് പരസ്യ വിചാരണ ചെയ്യും
  • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
  • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
  • ട്രമ്പിന്റെ റഷ്യന്‍ ബന്ധം: മ്യുള്ളറുടെ റിപ്പോര്‍ട്ട് തയ്യാറാകുന്നു
  • Write A Comment

     
    Reload Image
    Add code here