ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു

Tue,May 14,2019


ന്യൂഡല്‍ഹി: സമീപകാലത്തൊന്നും പുനരുദ്ധാരണ സാധ്യത ഇല്ലെന്ന സൂചന നല്‍കിക്കൊണ്ട് ജറ്റ് എയര്‍വേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ഡെപ്യൂട്ടി സി.ഇ.ഒ ആന്‍ഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍, ചീഫ് പീപ്പിള്‍സ് ഓഫീസര്‍ രാഹുല്‍ തനേജ, കമ്പനി സെക്രട്ടറി കുല്‍ദീപ് ശര്‍മ എന്നിവര്‍ രാജിവച്ചു. കമ്പനിയില്‍ നിക്ഷേപം നടത്താനുള്ള എത്തിഹാദിന്റെ താല്‍പര്യം കൊണ്ടു മാത്രം കമ്പനി വീണ്ടും പ്രവര്‍ത്തനക്ഷമമാകില്ലെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് കമ്പനിയുടെ ഉന്നതര്‍ രാജിവച്ചൊഴിയുന്നതെന്ന് കരുതപ്പെടുന്നു.
ജറ്റ് എയര്‍വേസില്‍ 24 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയില്ലെന്നും, 1700 കോടി രൂപ മുടക്കാനാവില്ലെന്നും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് വ്യക്തമാക്കിയിരുന്നു. ജറ്റ് എയര്‍വേസില്‍ ഒമ്പതിനായിരം കോടിയിലധികം രൂപ വായ്പാ കുടിശികയുള്ള വായ്പാദാതാക്കള്‍ തന്നെ കൂടുതല്‍ ഓഹരി ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള ഒരു പങ്കാളിയെ കണ്ടെത്തണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു.
സ്ഥാപക ചെയര്‍മാന്‍ നരേഷ ഗോയല്‍ നേരത്തെ തന്നെ ജറ്റ് എയര്‍വേസിനെ കൈയൊഴിഞ്ഞിരുന്നു. കമ്പനിയുടെ ഉയര്‍ന്ന മേധാവികള്‍ കൂടി കളം വിടുന്നതോടെ ആയിരിക്കണക്കിനു ജീവനക്കാരുടെ ഭാവിയില്‍ വീണ്ടും ഇരുളടയുകയാണ്. ഏപ്രില്‍ 17 ന് എല്ലാ ഓപ്പറേഷനുകളും നിറുത്തി വച്ചതിനു ശേഷം ജറ്റ് എയര്‍വൈസിന്റെ പുനരുദ്ധരാണ ശ്രമങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നത് വിനയ് ദുബെയും, തനേജയുമായിരുന്നു.

Write A Comment

 
Reload Image
Add code here