യുഎസിനെ ധിക്കരിക്കുന്ന രണ്ട് ഏകാധിപതികള്‍; ചൈനയും റഷ്യയും സംരക്ഷകര്‍

Sat,Mar 10,2018


സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനു സമീപം ഖോസ്റ്റയില്‍ ഗവണ്മെന്റ് സൈന്യം ക്ലോറിന്‍ വാതക ആക്രമണം നടത്തിയതിനു പിന്നാലെ, രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ സിറിയക്ക് ഉത്തര കൊറിയ നല്‍കുന്നതായി യുഎന്‍ രക്ഷാസമിതിയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഏകാധിപതികളായ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും തമ്മില്‍ ഇത്രമാത്രം അടുപ്പം എന്തുകൊണ്ടാണ്? ലോകത്തിന്റെ രണ്ടു കോണുകളില്‍ വളരെ വലിയ വ്യത്യാസങ്ങളുള്ള രണ്ടു രാജ്യങ്ങളിലാണ് അവര്‍ ഭരിക്കുന്നതെങ്കിലും അവരുടെ ഭരണങ്ങള്‍ തമ്മില്‍ വളരെ പ്രകടമായ ചില സമാനതകളുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ക്കും അധികാരം പിതാക്കന്മാരില്‍നിന്നും പൈതൃകമായി ലഭിച്ചതാണ്. ഹാഫിസ് അല്‍ അസ്സദില്‍നിന്നും ബാഷര്‍ അല്‍ അസദും കിം ജോങ് ഇല്ലില്‍നിന്നും കിം ജോങ് ഉന്നും അധികാരമേറ്റു. ഏറെക്കുറെ ഒരേ വലുപ്പവും ജനസംഖ്യയുമുള്ള രണ്ടു രാജ്യങ്ങളിലും കുടുംബവാഴ്ചയാണ് ദശകങ്ങളായി തുടരുന്നത്. വിമതരെ നിഷ്ഠൂരമായി അമര്‍ച്ചചെയ്യുന്ന പോലീസ് ഭരണകൂടങ്ങളാണവ. 1970ലാണ് സൈനിക നേതാക്കള്‍ നടത്തിയ രക്തരഹിത വിപ്ലവത്തില്‍ ഹാഫിസ് അല്‍ സയിദ് സിറിയയില്‍ അധികാരം പിടിച്ചത്. തുടര്‍ന്നുള്ള 29 വര്‍ഷം സിറിയന്‍ സമൂഹജീവിതത്തെയും രാഷ്ട്രീയത്തെയും അദ്ദേഹം അടക്കിവാണു. മൂത്തമകന്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ മകന്‍ ബാഷര്‍ അല്‍ആസാദിനെ പിന്തുടര്‍ച്ചക്കാരനായി വളര്‍ത്തിക്കൊണ്ടുവരുകയായിരുന്നു. ഹാഫിസിന്റെ മരണത്തെത്തുടര്‍ന്നു 2000ത്തിലാണ് ബാഷര്‍ അധികാരമേറ്റത്. ഉത്തര കൊറിയയിലെ കുടുംബ ഏകാധിപത്യവാഴ്ചക്ക് സിറിയയിലേതിനേക്കാള്‍ പഴക്കമുണ്ട്. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കിം ഇല്‍ സുങ് അധികാരം പിടിച്ചു. കിം ജോങ് ഉന്നിന്റെ മുത്തച്ഛനായ അദ്ദേഹം 'അനശ്വരനായ പ്രസിഡന്റ്' എന്നാണറിയപ്പെടുന്നത്. കൊറിയന്‍ ജനാധിപത്യ ജനകിയ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായാണ് 1948ല്‍ അധികാരത്തിന് തുടക്കമിട്ടത്. 1994ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കിം ഇല്‍ സുങ് അന്തരിച്ചതോടെ മകന്‍ കിം ജോങ് ഇല്‍ പരമോന്നത നേതാവായി അധികാരമേറ്റു. കിം ജോങ് ഇലിന്റെ ഇളയ മകനാണ് ഇപ്പോഴത്തെ ഏകാധിപതിയായ കിം ജോങ് ഉന്‍.
ബാഹ്യലോകത്തുനിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉത്തരകൊറിയയില്‍ ഭരണംനടത്തുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വ്യക്തിപൂജയാണ് നിറഞ്ഞുനില്‍ക്കുന്നത്. രഹസ്യത്തിന്റെ മൂടുപടമിട്ട ഈ രാജ്യത്തുടനീളം കിം കുടുംബവാഴ്ചയുടെ ലക്ഷക്കണക്കിന് പ്രതിമകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. കൊറിയന്‍ യുദ്ധത്തിന് ശേഷം 'സമൂഹ ഭ്രഷ്ട്' കല്‍പ്പിക്കപ്പെട്ടിരുന്ന ഉത്തരകൊറിയയില്‍നിന്നും ഭിന്നമായി സിറിയന്‍ ഗവണ്മെന്റിന് പാശ്ചാത്യ രാഷ്ട്രങ്ങളുമായി നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. 6 വര്‍ഷം മുമ്പ് സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആ ബന്ധങ്ങളില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ ഉത്തര കൊറിയയുമായുള്ള സിറിയയുടെ ബന്ധങ്ങള്‍ ദശകങ്ങളായി സൗഹൃദപരമായിത്തന്നെ തുടരുന്നു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറുക പതിവാണ്. 1970 കളിലാണ് ഉത്തര കൊറിയന്‍ ഭരണത്തിന്റെ സ്ഥാപകനായ കിം ഇല്‍ സുങ്ങുമായി ബാഷര്‍ അല്‍ അസ്സദിന്റെ പിതാവായ ഹാഫിസ് കൂടിക്കാഴ്ച നടത്തിയത്. സോവിയറ്റ് യൂണിയന്റെ ആശ്രിത രാജ്യങ്ങളായിരുന്ന ഇരു രാഷ്ട്രങ്ങളും സൈനിക ബന്ധങ്ങളും സ്ഥാപിച്ചു. സിറിയയില്‍ ബാത് പാര്‍ട്ടി അധികാരം പിടിച്ച 1970 മുതല്‍തന്നെ പ്യോങ്യാങില്‍ സിറിയന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. ചില യുദ്ധവിമാനങ്ങളും മിസൈലുകളും വികസിപ്പിക്കുന്നതില്‍ സിറിയയെ ഉത്തര കൊറിയ സഹായിക്കുകയും ചെയ്തു. നിരവധി വര്‍ഷങ്ങളായി അത്യാധുനിക സ്‌കഡ് മിസൈലുകളും അവ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും സിറിയക്ക് ഉത്തര കൊറിയ നല്‍കിക്കൊണ്ടിരിക്കുന്നു. ഉത്തര കൊറിയന്‍ സഹായത്തോടെ സിറിയയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കപ്പെട്ട ആണവ കേന്ദ്രത്തിനു നേര്‍ക്ക് 2007ല്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
സ്വന്തം പൗരന്മാര്‍ക്കെതിരെ സിറിയ നടത്തിയതായി സംശയിക്കപ്പെടുന്ന രാസായുധ ആക്രമണത്തെ അഭിനന്ദിച്ച് സിറിയന്‍ ഭരണകക്ഷി സ്ഥാപിതമായതിന്റെ വാര്‍ഷികദിനത്തില്‍ ഉത്തര കൊറിയ സന്ദേശം ഈ മാസമാദ്യം അയക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും സംരക്ഷിക്കുന്നതിനായി സിറിയന്‍ ഗവണ്മെന്റും ജനതയും ഉറച്ചു നേരിടുകയാണെന്നും ശത്രു ശക്തികളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിനും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും അസദിന്റെ ശരിയായ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നുമായിരുന്നു അതില്‍ പറഞ്ഞത്. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങളെ കഴിഞ്ഞ മാസം സിറിയ അപലപിക്കുകയും ജനാധിപത്യ കൊറിയയുടെ ജനങ്ങള്‍ക്കും അതിന്റെ ധീരമായ നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ദമാസ്‌കസില്‍ കിം ഇല്‍ സുങ്ങിന്റെ പേരില്‍ ഒരു പാര്‍ക്ക് സിറിയന്‍ ഗവണ്മെന്റ് തുടങ്ങുകയുണ്ടായി. 'രാജ്യത്തെ വിമോചിപ്പിക്കാനും പുനര്‍നിര്‍മ്മിക്കാനും നേതൃത്വം നല്‍കിയ ചരിത്രപ്രധാനിയായ നേതാവും ഭരണാധികാരിയു'മെന്നാണ് സിറിയന്‍ ഗവണ്മെന്റ് കിം ഇല്‍ സുങ്ങിനെ വിശേഷിപ്പിച്ചത്. പരസ്പരമുള്ള പിന്തുണയിലൂടെ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കു പുറമെ വലിയ സഖ്യശക്തികളുടെ സംരക്ഷണം സിറിയക്കും ഉത്തരകൊറിയക്കുമുണ്ട്. സിറിയക്ക് ആയുധങ്ങള്‍ റഷ്യയില്‍നിന്നും നേരിട്ട് ലഭിക്കുമ്പോള്‍ ഉത്തര കൊറിയയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ 80%വും ചൈനയുമായാണ്. യുഎസുമായുമുളള ഏറ്റുമുട്ടലിന്റെ നയമാണ് ഇരു രാജ്യങ്ങളെയും കൂടുതല്‍ യോജിപ്പിക്കുന്ന ഘടകം. സിറിയയുടെയും ഉത്തര കൊറിയയുടെയും 'പൊതുശത്രു' ആയിട്ടാണ് സിറിയന്‍ ഔദ്യോഗിക ഏജന്‍സി യുഎസിനെ വിശേഷിപ്പിക്കുന്നത്. ഇരു ഭരണകൂടങ്ങളും അനുഭവിക്കുന്ന 'ഭ്രഷ്ട്' അവരെ കൂടുതല്‍ അടുപ്പിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒറ്റപ്പെട്ടുകഴിയുന്ന അവര്‍ക്ക് പരസ്പരം സഹായിക്കാന്‍ കഴിയും. ഉത്തര കൊറിയക്ക് ഹാര്‍ഡ് കറന്‍സി ആവശ്യമാണെങ്കില്‍ സിറിയക്ക് ആയുധങ്ങളാണ് ആവശ്യം.
ഇരു രാജ്യങ്ങള്‍ക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ്. സിറിയയുടെ രാസായുധ പ്രയോഗവും ഉത്തര കൊറിയയുടെ ആണവായുധ പരിപാടിയും അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ അവരെ കയ്യൊഴിയുന്നതിനായി റഷ്യയെയും ചൈനയെയും പ്രേരിപ്പിക്കുകയാണ് ട്രമ്പ്. അതോടൊപ്പംതന്നെ അന്താരാഷ്ട്ര ഉപരോധങ്ങളിലൂടെ ഇരു ഭരണകൂടങ്ങളെയും ഒറ്റപ്പെടുത്തുന്നതിനും ശ്രമിക്കുന്നു. സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. അടുത്തകാലത്ത് സിറിയയിലും അഫ്ഗാനിസ്ഥാനിലും ട്രമ്പ് സ്വീകരിച്ച സൈനിക നടപടികള്‍ ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്ന് സിയോളില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ട്രമ്പിന്റെ ക്ഷമയെയും യുഎസ് സൈന്യത്തിന്റെ ശേഷിയെയും പരീക്ഷിക്കരുതെന്ന് ഉത്തര കൊറിയക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പ്യോങ്യാങും ദമാസ്‌കസും ധിക്കാരഭാവം തുടരുകയാണ്. യുഎന്‍ രക്ഷാസമിതിയുടെ വിലക്കുകളെ ലംഘിച്ച് മിസൈല്‍ പരീക്ഷണങ്ങളും ആണവായുധ വികസനവും തുടരുകയാണ് ഉത്തര കൊറിയ. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ 400,000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും രാജ്യത്തെ പകുതിയോളം ജനങ്ങള്‍ രാജ്യംവിട്ട് ഓടിപ്പോകുകയും ചെയ്തു. എന്നാല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായുമുള്ള ആരോപണങ്ങളെയെല്ലാം നിഷേധിച്ച് ബാഷര്‍ അല്‍ അസദ് ഇപ്പോഴും അധികാരത്തില്‍ തുടരുന്നു.

Write A Comment

 
Reload Image
Add code here