ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് - പ്രതിച്ഛായ ഉയര്‍ത്താന്‍ മോദി തന്ത്രം

Sat,Mar 10,2018


ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരും ഡെപ്യൂട്ടി മുഖ്യമന്ത്രിമാരും കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. അതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച ബിജെപി നേതാക്കള്‍ പറഞ്ഞത് 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെക്കുറിച്ച് കൂടുതല്‍ പൊതു സംവാദം വേണമെന്നാണ്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചു ഇതാദ്യമല്ല നരേന്ദ്ര മോദി സംസാരിക്കുന്നത്. ഇത് നടപ്പാക്കുന്നതിനു വേണ്ട ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായത്ര അംഗബലം ബിജെപി പാര്‍ലമെന്റില്‍ ഇല്ലാത്ത സാഹചര്യത്തിലും പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഈ വിഷയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 282സീറ്റുകള്‍ സ്വന്തനിലയില്‍ നേടിയ ബിജെപിക്ക് സഭയിലെ പകുതിയേക്കാള്‍ 10 അംഗങ്ങള്‍ കൂടുതലുണ്ട്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍ ഡി എ) ഘടകപാര്‍ട്ടികളെക്കൂടി കൂട്ടുകയാണെങ്കില്‍ 336 സീറ്റുകളുണ്ട്. 543 അംഗ ലോക്‌സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനു 362 സീറ്റുകള്‍ ആവശ്യമാണ്. ഭരണഘടന ഭേദഗതി വോട്ടിനിടുന്ന ദിവസം സഭയിലെ 543 അംഗങ്ങളും ഹാജരായാലാണ് ഇത്രയും വേണ്ടിവരുക. എന്നാല്‍ 100% പേരും ഹാജരാകുന്നത് അപൂര്‍വമാണ്. സഭയുടെ പകുതി അംഗങ്ങളെങ്കിലും ഹാജരാകുകയും വോട്ടിങ്ങില്‍ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് 'പ്രത്യേക ഭൂരിപക്ഷം' കണക്കാക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭരണഘടനാഭേദഗതി പാസാക്കുന്നതിന് സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതിനു പുറമെ, പ്രതിപക്ഷത്തിന്റെ പിന്തുണകൂടി മോദി ഗവണ്മെന്റിന് തേടേണ്ടതായിവരും. രാജ്യസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് പകുതി അംഗസംഖ്യയായ 122 പേരുടെ പിന്തുണയില്ല. മാര്‍ച്ച് 23ന് രാജ്യസഭയിലെ 58 സീറ്റുകളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും സ്വന്തനിലയില്‍ മുന്നോട്ടു പോകാന്‍ മോഡി ഗവണ്മെന്റിനു കഴിയില്ല. അതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായം സൃഷ്ടിക്കാതെ ഇന്നത്തെ രീതിയില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് കഴിയില്ലെന്നത് വ്യക്തമാണ്. 2020 ഓടുകൂടി രാജ്യസഭയില്‍ അതിനുള്ള അംഗബലം നേടിയാലും അടുത്ത തെരെഞ്ഞെടുപ്പിനുശേഷം ലോക്‌സഭയില്‍ അതിനുള്ള അംഗബലം ലഭിക്കേണ്ടതുണ്ട്. എല്ലാ സഖ്യകക്ഷികളെയും ബോധ്യപ്പെടുത്താന്‍ കഴിയില്ലേ? പിന്നെന്തുകൊണ്ടാണ് ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന് അനന്തമായി പ്രധാനമന്ത്രി ഉരുവിട്ടുകൊണ്ടിരിക്കുന്നത്? പ്രസിഡന്റ് ആയിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജിയും ഒരിക്കല്‍ ഈ ആശയത്തെ പിന്തുണച്ചിരുന്നു. ഗവണ്മെന്റിനു പണവും ശ്രമങ്ങളും ലാഭിക്കാന്‍ കഴിയും എന്നതിനാല്‍ അതില്‍ നേട്ടങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാല്‍ അതിനു ശേഷം മുഖര്‍ജിയുടെയും മനസുമാറി എന്നാണ് കാണുന്നത്. അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ അത് അപ്രായോഗികമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആശയം നല്ലതാണെങ്കിലും അപ്രായോഗികമാണ് എന്ന കാര്യത്തില്‍ മിക്ക വിദഗ്ധരും യോജിക്കുന്നു. 1967വരെ ഒരേസമയം തന്നെയാണ് പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തെരെഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഒരു പാര്‍ട്ടിക്ക് മാത്രമായുണ്ടായിരുന്ന ആധിപത്യം അവസാനിക്കുകയും ജനവിധി വ്യത്യസ്തങ്ങളാകുകയും ചെയ്തതോടെ ഒരേസമയം തെരെഞ്ഞെടുപ്പ് നടത്തുക എന്നത് അപ്രായോഗികമായി.
ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുകയും ചില പ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതുമായ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനാണ് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്തുക എന്ന ആശയം സാന്ദര്‍ഭികമായി പരാമര്‍ശിച്ചു എന്നല്ലാതെ അതിനു വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എങ്കിലും സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി ഭരണകക്ഷി തെരെഞ്ഞെടുപ്പു സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ശ്രമിക്കുന്നു എന്നതിനേക്കാള്‍, മാധ്യമശ്രദ്ധ ഇതിനാണ് ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയും മറ്റുള്ളവരും ഉദ്ദേശിച്ചതും അതാണ്. ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്താനാവശ്യമായ തീരുമാനം എടുക്കുന്നതിനു ആവശ്യമായ അംഗബലം പാര്‍ലമെന്റില്‍ ഇല്ലെന്നും അപ്രായോഗികമായ ആശയമാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പരീക്ഷണാര്‍ത്ഥം അന്തരീക്ഷത്തിലേക്ക് പറത്തിവിടുന്ന ബലൂണ്‍പോലെ പ്രധാനമന്ത്രി അക്കാര്യം പരാമര്‍ശിച്ചത്. മറ്റു രാഷ്ട്രീയ നേതാക്കളില്‍നിന്നും ഭിന്നമായി, തന്റെയോ പാര്‍ട്ടിയുടേയോ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി, എല്ലായ്‌പ്പോഴും ദേശീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന അഴിമതിരഹിതനും നിസ്വാര്‍ത്ഥനുമായ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതിലൂടെ പൊതുജനങ്ങളുടെ കയ്യടി നേടുകയാണ് മോദിയുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

Other News

 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; അമ്പരപ്പ് വിട്ടൊഴിയുന്നില്ല
 • സംശയത്തിന്റെ കനലുകള്‍ ബാക്കിയാക്കി ചാരക്കേസ്
 • റാംദേവിന് ചാഞ്ചാട്ടം എന്തുകൊണ്ട്?
 • നിയമം നിയമത്തിന്റെ വഴിക്ക്
 • വ്യാപാര യുദ്ധം ചൈനയിലെ അമേരിക്കന്‍ കമ്പനികളെ ബാധിച്ചുതുടങ്ങി
 • പലസ്തീന്‍കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ട്രമ്പ്
 • സില്‍ക്ക് റോഡ് പദ്ധതിക്കെതിരെ പാക് മന്ത്രിയുടെ പ്രസ്താവന ആശങ്ക പരത്തുന്നു
 • തീവ്ര വലതുപക്ഷം മുന്നേറി: സ്വീഡനില്‍ രാഷ്ട്രീയ അനിശ്ചിതത്വം
 • ട്രമ്പ് പ്രതിസന്ധിയില്‍; പെന്‍സ് കാത്തിരിക്കുന്നു?
 • ഇന്ത്യന്‍ നയതന്ത്രത്തിന്റെ മുഖ്യധാരയിലേക്ക് യൂറോപ്പ് വീണ്ടും
 • കുരിശിന്റെ വഴിയിലെ ജ്ഞാന വൃദ്ധന്‍
 • Write A Comment

   
  Reload Image
  Add code here