ഒരു ഡോക്ടറുടെ കഥ; ജിഹാദി പ്രസ്ഥാനത്തിന്റെയും

Sat,Mar 10,2018


ഇറാക്കിലും സിറിയയിലുമായി ഇസ്‌ലാമിക സ്റ്റേറ്റ് സ്ഥാപിച്ച ഖലിഫേറ്റില്‍ ആരോഗ്യ മന്ത്രിയായി പ്രവര്‍ത്തിച്ച ആളാണ്, സന്ധിപേശിരോഗ വിദഗ്ധനായ (റ്യുമറ്റോളജിസ്റ്റ്) കേഫാഹ് ബഷീര്‍ ഹുസൈന്‍. യുദ്ധമുന്നണിയില്‍ പോരാടിയിട്ടില്ലെങ്കിലും ബുദ്ധിജീവിയെന്ന നിലയില്‍ ഐഎസിന്റെ നട്ടെല്ലായിരുന്നു. ഇറാക്കില്‍ ഒളിവില്‍ പ്രവര്‍ത്തിച്ച അല്‍ഖായിദയെ പിന്നീട് ഐഎസായി രൂപാന്തരപ്പെടുത്തിയതില്‍ വലിയ പങ്കാണ് ഹുസൈന്‍ വഹിച്ചത്. കഴിഞ്ഞമാസം ഹുസൈന്‍ ടര്‍ക്കിയില്‍ സുരക്ഷാസേനയുടെ പിടിയിലായി. 6 മാസങ്ങള്‍ക്കുമുമ്പുതന്നെ താന്‍ ഐഎസ് ബന്ധം ഉപേക്ഷിച്ചതായി പറയുന്ന ഹുസൈന്‍ വിചാരണ കാത്ത് തടവില്‍ കഴിയുകയാണിപ്പോള്‍. കുറ്റപത്രം തയ്യാറാക്കുന്നതേയുള്ളു. ഐഎസിലും അതിന്റെ പൂര്‍വ രൂപമായ ഭീകരസംഘടനകളിലുമായി ഒന്നര ദശകത്തിലേറെയായി പ്രവര്‍ത്തിച്ച ചരിത്രമാണ് 39 കാരനായ ഹുസൈനുള്ളത്. ഹുസൈന്റെ ജീവിത കഥ ആ മേഖലയിലെ ജിഹാദി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും കൂടി കഥയാണ്. ഇറാക്കില്‍ ടര്‍ക്കിഷ് വംശജര്‍ക്ക് മേധാവിത്വമുള്ള തല്‍ അഫാര്‍ നഗരത്തിലാണ് ഹുസൈന്‍ വളര്‍ന്നത്. മൊസൂളിനും ഇറാഖ്‌സിറിയന്‍ അതിര്‍ത്തിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ 'സമര്‍ത്ഥനും, ഉന്നത വിജയങ്ങള്‍ നേടുന്നവനും, വലിയ ലക്ഷ്യങ്ങള്‍ നേടണമെന്ന് ആഗ്രഹിച്ചവനു'മായ ആളായിട്ടാണ് സഹപാഠികള്‍ ഹുസൈനെ ഓര്‍ക്കുന്നത്. വലിയ ലക്ഷ്യങ്ങള്‍ കൊതിക്കുന്ന മറ്റേതൊരു കൗമാര പ്രായക്കാരനെയുംപോലെ ഹുസൈനും ബിരുദം നേടിയശേഷം മൊസൂളിലേക്കു പോയി. 2003ല്‍ യുഎസ് ഇറാക്ക് ആക്രമണം തുടങ്ങുമ്പോള്‍ മൊസൂളില്‍ ഡോക്ടറായി പരിശീലനം നേടുകയായിരുന്നു ഹുസൈന്‍. ഒരു വിദേശ രാഷ്ട്രം സ്വന്തം രാജ്യത്തെ വെട്ടിപ്പിടിച്ചത് അയാളില്‍ രോഷത്തിന്റെ കനലുകള്‍ ജ്വലിപ്പിച്ചു. 1970കളില്‍ ഷിയാ വിശ്വാസം വെടിഞ്ഞ് സുന്നി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത കടുത്ത വിശ്വാസികളായിരുന്നു ഹുസ്സയിന്റെ കുടുംബം. സംശുദ്ധമായ സുന്നി ഇസ്‌ലാമിക രീതികളെന്നു പറയപ്പെടുന്ന സലാഫിസം അടിയുറച്ചു പിന്തുടര്‍ന്ന കുടുംബത്തിന് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളും സദ്ദാം ഹുസ്സയിന്റെ പതനവുമെല്ലാം വലിയ രോഷമാണ് ഉണ്ടാക്കിയത്.
തല്‍ അഫാറിലെത്തിയ അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആദ്യം ചെറുത്തുനിന്ന സംഘത്തില്‍ ഹുസൈനും ഉള്‍പ്പെട്ടു. അമേരിക്കക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേന്ദ്രമായി അയാളുടെ വീട് മാറി. 2004ല്‍ അബു മുസാബ് അല്‍സര്‍ക്കാവി നയിച്ച തൗഹീദ് വാല്‍ജിഹാദ് എന്ന ഭീകര സംഘടനയില്‍ ഹുസൈന്‍ അംഗമാകുകയും സര്‍ക്കാവിയുടെ ആശയങ്ങളെ സ്വാംശീകരിക്കുകയും ചെയ്തു. ഇറാക്കില്‍ അല്‍ഖായിദയുടെ മുന്‍ഗാമിയായിരുന്നു സര്‍ക്കവിയുടെ സംഘടന. ജിഹാദി സംഘടനയില്‍ ആരോഗ്യ സേവന രംഗത്താണ് ഹുസൈന്‍ പ്രവര്‍ത്തിച്ചത്. സിറിയയിലും ഇറാഖിലുമായി ഒരു വലിയ ഭൂപ്രദേശത്ത് ഇസ്ലാമിക സ്‌റ്റേറ്റ് നിയന്ത്രണം സ്ഥാപിക്കുന്നതുവരെയുള്ള ഒരു ദശകക്കാലം അതായിരുന്നു സ്ഥിതി. 2007-2008ല്‍ ഇറാക്കിലെ സുന്നി ഗോത്ര സമുദായക്കാര്‍ അല്‍ഖായിദക്കെതിരെ കലാപം കൂട്ടിയപ്പോള്‍ ഹുസൈന്‍ അധികൃതരുടെ പിടിയിലായി. അല്‍ഖായിദക്കാരനെന്ന കുറ്റം ചുമത്തി കുറേക്കാലം തടവിലായി. പിന്നീട് പേരും മേല്‍വിലാസവും മാറ്റി മൊസൂളിലെ ഒരു ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. മറ്റുള്ളവരില്‍നിന്നും 'അകന്നുനില്‍ക്കുകയും' 'വിചിത്രമായ പെരുമാറ്റരീതികള്‍ പുലര്‍ത്തുന്നവനും' എന്നാണ് ഒപ്പം പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ പറഞ്ഞത്. 2014ല്‍ മൊസൂളില്‍ ഐഎസ് ആക്രമണം തുടങ്ങിയപ്പോഴാണ് ഹുസൈന്‍ മൂടുപടം മാറ്റി രംഗത്തുവന്നത്. മൊസൂളില്‍ ഐഎസ് നിയന്ത്രണം സ്ഥാപിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ച് ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ വധിക്കുമെന്ന് മറ്റു ഡോക്ടര്‍മാരെ ഹുസൈന്‍ ഭീഷണിപ്പെടുത്തി. ഏറ്റവും പൈശാചികമായ ചില കൃത്യങ്ങളുടെ ചുമതലക്കാരനായിരുന്നു ഐഎസില്‍ ഹുസൈനുണ്ടായിരുന്നത്. ഇസ്‌ലാമിക സ്‌റ്റേറ്റ് വധിക്കാന്‍ ഉദ്ദേശിച്ച വ്യക്തികളുടെ രക്തമെല്ലാം വധിക്കുന്നതിനു മുമ്പായി ഊറ്റിയെടുത്ത് രക്തബാങ്കില്‍ സൂക്ഷിക്കുകയും ചിലരുടെ കിഡ്‌നികള്‍ എടുക്കുകയും ചെയ്തു. രക്തം ഐഎസ് പോരാളികളുടെ ആവശ്യത്തിന് വേണ്ടിയായിരുന്നുവെങ്കില്‍ കിഡ്‌നികള്‍ വില്‍പ്പനയ്ക്കായിരുന്നു.
മൊസൂളിന്റെ നിയന്ത്രണം ഐഎസ് പിടിച്ചടക്കി രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹുസൈന്റെ ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് മക്കളെയും കൂട്ടി താരതമ്യേന സുരക്ഷിതമായ ബാഗ്ദാദിലേക്കു പോയി. ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ നിരന്തരം ശ്രമിച്ചെങ്കിലും നടന്നില്ല. തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണികളും ഫലിച്ചില്ല. പിന്നീട് ഐഎസ് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ അംഗീകാരമുണ്ടായിരുന്ന പ്രമുഖയായ ഒരു ലേഡി ഡോക്ടറുടെ മകളെ രണ്ടാം ഭാര്യയാക്കി. 2015ല്‍ ഐ എസ് തലവന്‍ അബുബേക്കര്‍ അല്‍ ബാഗ്ദാദിക്ക് പരുക്കേറ്റപ്പോള്‍ ചികില്‍സിച്ച സംഘത്തിലെ അംഗമായിരുന്നു ആ ലേഡി ഡോക്ടര്‍. അല്‍ബാഗ്ദാദിയുമായി ഹുസൈന് നേരിട്ട് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ഭാര്യക്ക് ഉണ്ടായിരുന്നു. എങ്കിലും പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഹുസൈന് അറിയാമായിരുന്നു. 2016ല്‍ ഐഎസ് ശക്തികേന്ദ്രമായിരുന്ന സിറിയയിലെ റാക്കക്കു സമീപം ഒരു ഗ്രാമത്തില്‍ ആശുപത്രി സ്ഥാപിക്കുന്ന സമിതിയുടെ തലവനായി ഹുസൈനെയാണ് അല്‍ ബാഗ്ദാദി നിയമിച്ചത്. മൊസൂളില്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ ആരോഗ്യ മന്ത്രിയായിരുന്ന ആള്‍ കൊല്ലപ്പെട്ടപ്പോള്‍ ഹുസൈനാണ് പകരം നിയമിതനായത്. മൊസൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ മറ്റു പല ഐഎസ് ഉന്നതരെയുംപോലെ ഹുസൈനും പ്രവര്‍ത്തനകേന്ദ്രം സിറിയയിലേക്ക് മാറ്റി. പോരാട്ടം കനത്തപ്പോള്‍ സിറിയയിലേക്ക് കടക്കുകയും ഒരു മാസത്തോളം അവിടെ കഴിയുകയും ചെയ്തു. ഒരു സിറിയന്‍ അഭയാര്‍ത്ഥിയുടെ വ്യാജ ഐഡി സംഘടിപ്പിച്ച് ഇസ്താംബൂളിലേക്കു കടക്കാനുള്ള ശ്രമത്തിനിടയിലാണ് ചെക്ക്‌പോയിന്റില്‍ പിടിയിലായത്. ഐഎസുകാരനായ ഒരു ഇറാക്കുകാരനും ഒപ്പമുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറണ്ടുകള്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പടെ നൂറുകണക്കിന് ഐഎസുകാരെ ടര്‍ക്കി അറസ്റ്റ് ചെയ്ത ദിവസംതന്നെയാണ് ഹുസൈനും പിടിയിലായത്. ഇസ്‌ലാമിക നിയമം അഥവാ ശരിയത്തിന്റെ കിരാത രൂപമായ സര്‍ക്കാവി തത്വസംഹിതയില്‍ ഉറച്ചുവിശ്വസിക്കുന്ന ഹുസൈന്‍ ഐഎസ് 'ശരിയായ പാതയില്‍നിന്നും' വ്യതിചലിക്കുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് അവരുമായുള്ള ബന്ധം ഉപേക്ഷിച്ചതത്രെ. ഐഎസിനു ഇത്രവേഗം ഖലിഫേറ്റ് നഷ്ടമാകുമെന്ന് ഹുസൈന്‍ കരുതിയില്ല. ഐഎസ് തുടര്‍ന്നും നിലനില്‍ക്കണമോ എന്ന ചോദ്യത്തിന് ഹുസൈന് വ്യക്തമായൊരു മറുപടിയില്ല. ഐഎസിനെ സൈനികമായി പരാജയപ്പെടുത്തിയെന്നതും ഐഎസിന്റെ പതാകകളോ കെട്ടിടങ്ങളോ കാണാനില്ലെന്നതും ശരിയാണെങ്കിലും ഇറാക്കിലും സിറിയയിലും ഐഎസ് എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഇറാക്കിലും സിറിയയിലും വ്യാപിച്ചു കിടക്കുന്ന ഒരു ഖലിഫേറ്റ് അല്ല ജിഹാദികളുടെ ലക്ഷ്യം, മധ്യേഷ്യ, ലിബിയ, ഫിലിപ്പൈന്‍സ്, ആഫ്രിക്കയിലെ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഖൊറസാന്‍ ആണ്.
ഇടത്തട്ടു നിലവാരത്തിലുള്ള നേതൃത്വത്തെ തകര്‍ത്താല്‍ ഒരു സംഘടനയെ ഇല്ലാതെയാക്കാം എന്നാണ് യുഎസ് സൈന്യം കരുതുന്നത്. എന്നാല്‍ ഐഎസിന്റെ കാര്യത്തില്‍ അതിന്റെ പ്രധാന പ്രവര്‍ത്തകരില്‍ 30%ത്തോളം പേരെ മാത്രമേ അറിവായിട്ടുള്ളു. സദാ അപകട ഭീഷണി മുഴക്കിക്കൊണ്ട് മറ്റുള്ളവര്‍ സജീവമാണ്. ഐഎസ് വീണ്ടും പുനരവതരിക്കുമ്പോള്‍ ഹുസൈന് അതിലൊരു പങ്കുണ്ടാകാനിടയില്ല. എന്നാല്‍ തീവ്രവാദ പ്രത്യയശാസ്ത്രം പേറിനടക്കുന്ന മറ്റു ഹുസൈന്‍മാര്‍ ഉയര്‍ന്നുവരും.

Write A Comment

 
Reload Image
Add code here