സമുദ്ര സഞ്ചാര ടൂറിസത്തില്‍ കൊച്ചി തുറമുഖം വലിയ മുന്നേറ്റമുണ്ടാക്കുന്നു

Sun,Mar 11,2018


സമുദ്ര സഞ്ചാര ടൂറിസത്തില്‍ ഒരു വലിയ കുതിപ്പിന് ഒരുങ്ങുകയാണ് കൊച്ചി തുറമുഖം. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിനോദ സഞ്ചാരികളുമായി 40 ലേറെ ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ തിരക്കേറിയ ഒരു സീസണുള്ള തയ്യാറെടുപ്പിലാണ് കൊച്ചി തുറമുഖം. സ്ഥിരമായി കൊച്ചി തുറമുഖത്തെത്തുന്ന വിനോദ സഞ്ചാര കപ്പലുകളുടെ കൂട്ടത്തില്‍ ക്യൂനാര്‍ഡ് ലൈന്‍സ്, റോയല്‍ കരീബിയന്‍ ലൈന്‍സ്, ഐഡ ക്രൂയ്‌സസ്, കോസ്റ്റ ക്രൂയ്‌സസ് എന്നിവ ഉള്‍പ്പെടുന്നു. ഏകജാലക സംവിധാനത്തിലൂടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന 'സാമുദ്രിക' എന്ന അത്യാധുനിക കേന്ദ്രം തുറമുഖത്തിന്റേതായുണ്ട്.
തുറമുഖത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന കേന്ദ്രം ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതു കാരണം കപ്പലുകളില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായാണ് കാണപ്പെടുന്നത്. 2005-06ല്‍ തുറമുഖത്തെത്തിയ വിനോദസഞ്ചാര കപ്പലുകളുടെ എണ്ണം 26ല്‍നിന്നും 2016-17 ല്‍ 44 ആയി ഉയര്‍ന്നു. എണ്ണത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ പ്രവണത സ്ഥായിയായ ഒന്നായിട്ടാണ് കാണപ്പെടുന്നത്. ഇതിനു പുറമെ, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വിദേശ കപ്പലുകള്‍ക്ക് ഗതാഗതം നടത്തുന്നതില്‍ കേന്ദ്ര ഗവണ്മെന്റ് ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. ഒരു തുറമുഖത്തുനിന്നും മറ്റൊന്നിലേക്കു ഇന്ത്യന്‍ സഞ്ചാരികളെയും കയറ്റിപോകുന്നതിനുള്ള ഇളവാണ് അനുവദിച്ചിട്ടുള്ളത്.
ഇ-വിസയുള്ളവരെ 2020 ഡിസംബര്‍ 31 വരെയുള്ള മൂന്നു വര്‍ഷം ബയോമെട്രിക് എന്റോള്‍മെന്റില്‍നിന്നും ഒഴിവാക്കിയതും ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ കപ്പല്‍ ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തേജനമായിട്ടുണ്ട്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. കപ്പല്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിച്ച് രാജ്യത്ത് ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യമാണ് അതിനുപിന്നില്‍. ഇ-വിസയുള്ളവര്‍ക്ക് ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് വേഗതയില്‍ ലഭിക്കുന്നു. അത് കരയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് അവര്‍ക്കു സഹായകമാകും. ബയോമെട്രിക് എന്റോള്‍മെന്റ് ഒഴിവാക്കുന്നത് കപ്പലുകളുടെ യാത്രാപരിപാടിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളെയും ലക്ഷ്യങ്ങളായി ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കും. യാത്രക്കാര്‍ക്ക് തടസ്സങ്ങളൊന്നുമില്ലാതെ വന്നിറങ്ങുന്നതിനും ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ ലളിതമാക്കുന്നതിനും സൗകര്യമൊരുക്കി കസ്റ്റമര്‍ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി കൊച്ചി തുറമുഖ അധികൃതര്‍ പറയുന്നു. 2017-18 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെത്തുന്ന മിക്ക വിനോദ സഞ്ചാര കപ്പലുകളും 2000 മുതല്‍ 4000 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ കപ്പലുകളായിരിക്കും. മുംബൈ. മര്‍മഗോവ, ന്യൂമാഗ്ലൂരെ, കൊച്ചി, ചെന്നൈ തുറമുഖങ്ങളില്‍ ഇ-വിസാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം യാത്രികരും ഇ-വിസയിലായിരിക്കും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
തുറമുഖത്ത് ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള ആദ്യ നടപടിയാണ് ബയോമെട്രിക് എന്റോള്‍മെന്റ്. അഞ്ചു പ്രധാന തുറമുഖങ്ങളിലും ഇപ്പോഴുള്ള സൗകര്യങ്ങള്‍ പ്രകാരം ഇമ്മിഗ്രേഷന്‍ നടപടികള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് പരമാവധി 90 മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ എല്ലാ യാത്രക്കാര്‍ക്കും ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതിന് കഴിയും. വിനോദ സഞ്ചാര കപ്പലുകളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ പ്രധാന തുറമുഖങ്ങളും കഴിഞ്ഞ നവംബര്‍ മുതല്‍ മൂന്നു വര്‍ഷക്കാലത്തേക്ക് താരിഫ് നിരക്കുകളില്‍ 42% മുതല്‍ 67% വരെ കുറവ് വരുത്തിയിട്ടുണ്ട്. ഗ്രോസ് രജിസ്റ്റര്‍ ടണ്ണേജിന് (ജിആര്‍ടി) 0.35 ഡോളര്‍ എന്ന ഏകീകൃത നിരക്കാണ് പ്രധാന തുറമുഖങ്ങള്‍ ഇപ്പോള്‍ ഈടാക്കുന്നത്.

Write A Comment

 
Reload Image
Add code here