അടിമത്വത്തില്‍നിന്നും അധികാരത്തിന്റെ ഇടനാഴിയിലേക്ക്

Mon,Mar 12,2018


പാക്കിസ്ഥാന്റെ സെനറ്റില്‍ ഉടന്‍തന്നെ ഒരു ഹിന്ദു ദളിത് യുവതി അംഗമായെത്താം - സിന്ധ് പ്രവിശ്യയുടെ തെക്കുള്ള താര്‍പാര്‍ക്കാര്‍ മണലാരണ്യത്തിനു സമീപമുള്ള ഉമ്മര്‍കോട് ജില്ലക്കാരി, കൊഹ്‌ലി സമുദായക്കാരിയായ കൃഷ്ണകുമാരി. 10 വയസ്സുള്ളപ്പോള്‍ത്തന്നെ ഒരു ഭൂവുടമയുടെ അടിമയായി മാറിയ ആ യുവതിയുടെ കഥ അവളുടെ സമുദായത്തിലെ മറ്റു നിരവധി യുവതികളുടെയുകുടി കഥയാണ്. 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 16 കാരിയായ അവള്‍ വിവാഹിതയായി. എന്നാല്‍ വിദ്യാഭ്യാസം തുടരുന്നതിന് ഭര്‍ത്താവ് അവളെ പ്രോത്സാഹിപ്പിച്ചു. സിന്ധ് യൂണിവേഴ്‌സിറ്റിയില്‍നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. താര്‍പാര്‍ക്കാര്‍ മണലാരണ്യത്തിനു സമീപമുള്ള ജില്ലകളിലെ അധഃസ്ഥിതരും വിദ്യാഭ്യാസമില്ലാത്തവരുമായ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലൂടെ കൃഷ്ണകുമാരി അവിടമാകെ സുപരിചിതയായി.
മാര്‍ച്ചില്‍ നടന്ന സെനറ്റ് തെരെഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നാമനിര്‍ദ്ദേശം ചെയ്ത ഒരു ഡസന്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്നു കൃഷ്ണകുമാരി. അവിശ്വസനീയമായ തലങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കൃഷ്ണകുമാരി. കൃഷ്ണയുടെ സഹോദരന്‍ വീര്‍ജി കോഹ്‌ലിയും അടിമ തൊഴിലാളിയായിരുന്നു. പിന്നീട് പലരെയും അടിമപ്പണിയില്‍നിന്നും മോചിപ്പിക്കാന്‍ സഹായിച്ച വീര്‍ജി താര്‍പാര്‍ക്കാറിലേ ബെറാണി യൂണിയന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി. 2010ല്‍ കൂട്ടബലാല്‍സംഗത്തിനിരയായ കസ്തുരി കൊഹ്‌ലി എന്ന യുവതിയെ രക്ഷിക്കാനായി അദ്ദേഹം മുന്നിട്ടിറങ്ങി. കഴിഞ്ഞവര്‍ഷം അദ്ദേഹം ഒരു കൊലക്കേസിലെ പ്രതിയായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയില്‍നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചുമത്തിയ ഒരു കള്ളക്കേസാണ് അതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അദ്ദേഹത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തവരില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ സിനിമ സംവിധായകന്‍ ഷര്‍മെന്‍ ഉബൈദ് ചിനോയിയും, പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിബ്രാന്‍ നാസിറിയും ഉള്‍പ്പെടുന്നു. ദരിദ്രരായ ആള്‍ക്കാരെ കരുത്തരായ ഫ്യുഡല്‍ പ്രഭുക്കന്മാരുടെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചതിന്റെ പ്രതികാരമെന്നോണം കെട്ടിച്ചമച്ച കേസാണതെന്നാണ് അവര്‍ പറഞ്ഞത്. വീര്‍ജി ഇപ്പോഴും തടവറയിലാണ്. കൃഷ്ണ നേരിടുന്ന വെല്ലുവിളികളെയാണ് അത് തുറന്നുകാട്ടുന്നത്. അവരുടെ സമുദായത്തിലെ സ്ത്രീകള്‍ എത്രത്തോളം ദുര്‍ബ്ബലരാണെന്നും തന്നെപ്പോലെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ അട്ടിമറിക്കപ്പെടുമെന്നുമാണ് അത് കാണിക്കുന്നത്. ചിന്തിക്കാന്‍പോലും കഴിയാത്ത പ്രതിബന്ധങ്ങള്‍ക്കെതിരെ ആയിരുന്നു കൃഷ്ണയുടെ പോരാട്ടം. ആ പോരാട്ടം അവളുടെ സമുദായത്തേയും ആ പ്രദേശത്തെയാകെയും വനിതകളുടെ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു.
2017ല്‍ സിന്ധ് അസംബ്ലിയുടെ മേഖലയില്‍നിന്നും 900 ത്തോളം കുട്ടികളെ കാണാതായി. 650 പേരെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. വാനി എന്നൊരു സാമൂഹ്യ ആചാരത്തിന്റെ കേന്ദ്രമാണ് സിന്ധ്. ബന്ധുക്കളായ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയെന്നോണം അനൗപചാരിക (നിയമവിരുദ്ധ) കോടതികള്‍ യുവതികളെ നിര്‍ബ്ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നു. ദുരഭിമാന കൊലകള്‍, സ്ത്രീകളുടെ സാമൂഹ്യ അവകാശങ്ങള്‍ ഇല്ലാതെയാക്കല്‍ (ഖുര്‍ആന്‍ വിവാഹം എന്നറിയപ്പെടുന്നു) നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങള്‍, അടിമപ്പണി, ലൈംഗിക അക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരായ മറ്റു അക്രമങ്ങള്‍ എന്നിവയെല്ലാം സിന്ധ് പ്രവിശ്യയില്‍ വളരെ കൂടുതലാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കും ശൈശവ വിവാഹങ്ങള്‍ക്കും കൂടുതലും ഇരയാകുന്നത് ഹിന്ദു പെണ്‍കുട്ടികളാണ്. കഴിഞ്ഞ ജൂണില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഒരു കേസ് കൃഷ്ണയുടെ സ്വന്തം ജില്ലയിലുണ്ടായി. രവിത മേഘാവര്‍ എന്ന 16 കാരിയെ ചിലര്‍ തട്ടിക്കൊണ്ടുപോകുകയും മത പരിവര്‍ത്തനം നടത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തില്‍ വളരെ പ്രായം ചെന്ന ഒരാള്‍ വിവാഹം കഴിച്ചു. പരാതി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, താന്‍ പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയതാണെന്നും ഭര്‍ത്താവിനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അവള്‍ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിരയായാണോ അതോ സാഹചര്യങ്ങളുമായി ഇണങ്ങുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെയാണോ അവളിത് പറഞ്ഞതെന്ന് വ്യക്തമല്ല. കൃഷ്ണയുടെ സ്ഥലത്തിനടുത്ത് നൂറുകണക്കിന് യുവതികളെ മതപരിവര്‍ത്തനം ചെയ്യുന്ന ഒരു കേന്ദ്രമുണ്ട്. അവരില്‍ ഭൂരിപക്ഷവും കൊഹ്‌ലി, മേഘവര്‍, ഭീല്‍ എന്നീ ദളിത് സമുദായങ്ങളില്‍ പെട്ടവരാണ്. ഇങ്ങനെയുള്ളൊരു സ്ഥലത്തുനിന്നുമാണ് കൃഷ്ണ സെനറ്റിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതെന്നത് പ്രാധാന്യം അര്‍ഹിക്കുന്നു.
സിന്ധ് പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കുമായിരിക്കും താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് കൃഷ്ണ പറയുന്നു. ബേനസീര്‍ ഭുട്ടോയെ ആരാധിക്കുന്ന കൃഷ്ണ, തന്നെ സെനറ്റിലേക്കു നാമനിര്‍ദ്ദേശം ചെയ്തതിലൂടെ അധഃസ്ഥിതരായ സ്ത്രീകളുടെ ശബ്ദം ദേശീയ വേദിയില്‍ ഉയര്‍ത്താന്‍ അവസരം നല്‍കിയ ബിലാവല്‍ ഭുട്ടോയെ ഏറെ പ്രശംസിക്കുകയും ചെയ്യുന്നു. സെനറ്റിലേക്കുള്ള കൃഷ്ണയുടെ നാമനിര്‍ദ്ദേശം ശക്തമായ ഒരു സൂചനയാണ്. പാകിസ്ഥാന്റെ ചരിത്രത്തില്‍ നിയമ നിര്‍മ്മാണ സഭയില്‍ അംഗമാകുന്ന രണ്ടാമത്തെ ഹിന്ദു യുവതിയാണ് കൃഷ്ണ. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും ഉറച്ച ഒരു സമീപനമാണ് പിപിപി സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം ലോകത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രി പിപിപിക്കാരിയായിരുന്നു. യുഎസിലെ ആദ്യ വനിതാ അംബാസിഡറെ നിയമിച്ചതും, ദേശീയ അസ്സംബ്ലിയില്‍ ആദ്യമായി ഒരു വനിതയെ സ്പീക്കര്‍ ആക്കിയതും സിന്ധ് പ്രവിശ്യാ അസ്സംബ്ലിയില്‍ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തതും പാകിസ്ഥാന് ആദ്യമായി ഒരു വനിതാ വിദേശ മന്ത്രിയെ സമ്മാനിച്ചതും ആ പാര്‍ട്ടിയാണ്. പിപിപി മൂന്നാമത് അധികാരത്തിലെത്തിയപ്പോഴാണ് പാക് ദേശീയ അസ്സംബ്ലിയില്‍ വനിതകളുടെ സംവരണ സീറ്റുകള്‍ 70 ആക്കി ഉയര്‍ത്തിയത്. എക്കാലത്തെയും ഉയര്‍ന്ന വനിതാ സംവരണമായിരുന്നു അത്.

Write A Comment

 
Reload Image
Add code here