അനാഥരില്ലാത്ത ലോകം ജ്യോതിയുടെ സ്വപ്നം

Fri,Apr 13,2018


'ലോകം അറിയുന്ന ഫുട്ബോള്‍ കളിക്കാരനാകാനല്ലേ നിന്റെ ആഗ്രഹം?'' എന്ന് ചോദിക്കുന്ന മജീദിനോട് കളിക്കിടയില്‍ പരിക്കുപറ്റി നിരാശനായി കിടക്കുന്ന സുഡാനി പറയുന്ന ഒരു മറുപടിയുണ്ട്.
''ലോകം അറിയുന്ന നല്ല കളിക്കാരനാകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്; നല്ല ഒരു ലോകം വരുവാനാണ്. കുറച്ചു കൂടി സുന്ദരമായ ഒരു ലോകം..''
ഈയിടെ ചര്‍ച്ചയായ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലേതാണ് ഈ രംഗം.
നല്ല ഒരു ലോകം ഉണ്ടാവുക എന്നത് ഒരു പക്ഷെ എല്ലാവരുടേയും സ്വപ്നം ആകാം.
പക്ഷെ അതിനായി ഓരോരുത്തരും എന്തു ചെയ്തു എന്ന് സ്വയം പരിശോധിച്ചാല്‍ കൂടുതല്‍പേരും നിരാശരാകേണ്ടിവരും..
ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ. പക്ഷെ നല്ല ലോകത്തെ സ്വപ്നം കാണുക മാത്രമല്ല അതിനുവേണ്ടി കഴിയാവുന്നതെല്ലാം ചെയ്യുന്ന ഒത്തിരിപേരുണ്ട്.
അതിലൊരാളാണ് അരൂരിലെ ജ്യോതി ലക്ഷ്മി. അച്ഛനമ്മമാര്‍ ഉണ്ടായിട്ടും അവരുടെ സ്നേഹമോ സംരക്ഷണമോ ലഭിക്കാതെ ഒരു പക്ഷെ അവര്‍ ആരെന്നുപോലുമറിയാതെ ജീവിച്ച മൂന്നു കുട്ടികളുടെ അമ്മയാണിന്നവര്‍.
അനാഥരില്ലാത്ത ലോകത്തെ സ്വപ്നം കണ്ട ടീച്ചര്‍ക്ക് ലോകത്തെ മാറ്റിമറിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും അനിശ്ചിത്വത്തിന്റെ ഇരുള്‍ നിറഞ്ഞ മൂന്നു കുഞ്ഞു ജീവിതങ്ങളുടെ ഉള്ളില്‍ സ്നേഹത്തിന്റെ വെളിച്ചമായി തിളങ്ങുകയാണ് ആലപ്പുഴ സെന്റ് ജോസഫ്സ് കോളെജിലെ മലയാളം അധ്യാപിക കൂടിയായ ഈ നന്മ വിളക്ക്.
പ്രസവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നു പൊന്നോമനകളെ പോറ്റിവളര്‍ത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ നിര്‍വൃതി അനുഭവിക്കുകയാണവര്‍.
സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്റെ പോറ്റിവളര്‍ത്തല്‍ പദ്ധതി പ്രകാരം ഒരുവര്‍ഷം മുമ്പാണ് ടീച്ചറും ഭര്‍ത്താവ് സണ്ണിയും ചേര്‍ന്ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്ന് സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഏറ്റെടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അച്ഛനമ്മമാര്‍ ആരെന്നോ നാട് എവിടെയെന്നോ ഭാഷ ഏതെന്നോ അറിയാത്ത കുട്ടികളെ പോലീസ് തിരുവനന്തപുരത്തെ വനിത ശിശുവികസന സമിതിയില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വിവാഹിതരായിട്ടും കുട്ടികള്‍ ഇല്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയപ്പോളാണ് സര്‍ക്കാര്‍ പദ്ധതി പ്രകാരം ഏതെങ്കിലും ശിശുപരിപാലന കേന്ദ്രത്തില്‍ നിന്ന് നിയമപ്രകാരം കുട്ടികളെ ദത്തെടുത്താലോ എന്ന് ദമ്പതികള്‍ ആലോചിച്ചത്.
രണ്ടുപേരും ജോലിക്കാരായതിനാല്‍ ഒരു കുട്ടിയെ മാത്രം ദത്തെടുത്താല്‍ സൗകര്യങ്ങള്‍ ലഭിക്കുമെങ്കിലും ശിശുകേന്ദ്രത്തില്‍ അനുഭവിക്കുന്നതിനെക്കാള്‍ ഒറ്റപ്പെടല്‍ കുട്ടി അനുഭവിച്ചേക്കുമെന്ന ആശങ്ക മൂലമാണ് രണ്ട് കുട്ടികളെ ഒരുമിച്ച് മക്കളായി സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.
ഒരമ്മ പ്രസവിച്ച കുട്ടികളെ തന്നെ മക്കളായി കിട്ടിയത് ഭാഗ്യമായെന്ന് നിറചിരിയോടെ ടീച്ചര്‍ പറയുന്നു. കുട്ടികളില്ലാത്തതിന്റെ വിഷമങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും രണ്ടുമക്കളെ ഒരുമിച്ച് കിട്ടിയതോടെ അവരെ പിരിയാനാവാത്ത വിധം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് ഈ മാതാപിതാക്കള്‍. അപരിചിതത്വത്തിന്റെ പകപ്പില്‍ കുട്ടികള്‍ ആന്റിയെന്നും അങ്കിളെന്നുമാണ് ആദ്യം വിളിച്ചത്. പിന്നീടെപ്പോളോ അവര്‍ അമ്മയെന്നും അച്ഛനെന്നും വിളിക്കാന്‍ തുടങ്ങി.
അതോടെ വീട്ടില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം നിറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണെങ്കിലും കുട്ടികള്‍ രണ്ടുപേരും നന്നായി മലയാളം സംസാരിക്കും. ഇപ്പോള്‍ ഗവണ്മെന്റ് സ്‌കൂളില്‍ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമായി പഠിക്കുകയാണ് ഇരുവരും.
നല്ല ഭക്ഷണവും ഉടുപ്പും സ്‌കൂളുമൊക്കെ കിട്ടിയിട്ടും ഇളയ ആണ്‍കുട്ടിയില്‍ കണ്ട വിഷാദം ജ്യോതി ടീച്ചറിനെ വിഷമിപ്പിച്ചു. അതിന്റെ കാരണം തിരക്കിയപ്പോളാണ് ശിശുഭവനില്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന സമപ്രായക്കാരനായ കൂട്ടുകാരനെക്കുറിച്ച് കുട്ടി പറഞ്ഞത്.
അരക്ഷിതാവസ്ഥയിലും സ്‌നേഹത്തിന്റെ അദൃശ്യമായ കരങ്ങളാല്‍ പരസ്പരം ചേര്‍ത്തുപിടിച്ചവനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്ന തോന്നലാണ് മകനെ വിഷാദത്തിലാക്കിയതെന്ന് അമ്മ തിരിച്ചറിഞ്ഞു. മക്കള്‍ക്കു സന്തോഷം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റെന്തു നല്‍കിയിട്ട് എന്തുകാര്യം എന്നറിയാവുന്ന ടീച്ചറും ഭര്‍ത്താവും കഴിഞ്ഞയാഴ്ച ശിശുവികസന സമിതിയില്‍ എത്തി മകന്റെ ഉറ്റകൂട്ടുകാരനെയും സ്വന്തം മകനായി പോറ്റിവളര്‍ത്തല്‍ നിയമപ്രകാരം തന്നെ ഏറ്റെടുത്തു.
ഇതോടെ മക്കളുടെ കളിചിരികളുടെ പൂര്‍ണതയുള്ള വീട്ടില്‍ ആനന്ദ നിറവിലാണ് ടീച്ചറും ഭര്‍ത്താവും.
കുട്ടിക്കാലത്തു തന്നെ അനാഥരില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കുകയും അത്തരമൊരു ലോകത്തിന്റെ പിറവിക്കായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു ജ്യോതി ലക്ഷ്മി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പരിസ്ഥിതി സംഘടനകളുടെയും പ്രവര്‍ത്തക കൂടിയായ ജ്യോതി പഠനകാലത്ത് തന്നെ പ്രകൃതിയേയും ജീവജാലങ്ങളെയും ഇതര മനുഷ്യരേയും കൂടെപ്പിറപ്പുകളായാണ് കണ്ടിരുന്നത്.
മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഉറുബിന്റെ സ്ത്രീത്വ ദര്‍ശനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടിയ ജ്യോതിയുടെ തിസീസ് സാഹിത്യ അക്കാദമി പുസ്തകമാക്കിയിട്ടുണ്ട്. പരിസ്ഥിതിയും സാംസ്‌കാരിക സ്വത്വവും കേരളത്തിലെ നാടോടി സംസ്‌കാരത്തില്‍, സ്‌ത്രൈണ സര്‍ഗാത്മകത എഴുത്തും എഴുത്തുകാരികളും എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. പ്രസാധകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സണ്ണിയെ പ്രണയ യുദ്ധത്തിലൂടെയാണ് യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ ജ്യോതിലക്ഷ്മി സ്വന്തമാക്കിയത്. യാത്രകളും കോളേജ് അധ്യാപനവും എഴുത്തും, ഭാഷാ ഗവേഷണവും, പ്രകൃതി പരിപാലനവും നിറഞ്ഞ ജീവിതത്തിലേക്ക് മൂന്നു കുട്ടികളും കൂടി കടന്നുവന്നതോടെ ഉത്തരവാദിത്ത ബോധവും കൂടിയെന്ന് ടീച്ചറമ്മ പറയുന്നു.
എവിടെയൊക്കെയോ വളരേണ്ട മൂന്നു കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം സന്തോഷ പൂര്‍വം ഏറ്റെടുത്ത ജ്യോതി ടീച്ചറെ അദ്ഭുതാദരങ്ങളോടെയാണ് നാട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും നോക്കിക്കാണുന്നത്. ചിലര്‍ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉപദേശിക്കാനും മടിച്ചില്ല.
പക്ഷെ ഭാവിയില്‍ എന്തുപ്രശ്‌നം ഉണ്ടായാലും മക്കള്‍ അംഗീകരിക്കുന്ന കാലത്തോളം അവരുടെ അമ്മയും അച്ഛനുമായിരിക്കുന്നതു തന്നെയാണ് സ്ന്തോഷമെന്ന്് ഇരുവരും പറയുന്നു.
അച്ഛനമ്മമാര്‍ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും അവര്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടാകുമെന്ന് ടീച്ചര്‍ക്കറിയാം. അവര്‍ എന്നെങ്കിലും മക്കളെ അവകാശപ്പെട്ടു വന്നാല്‍ നിയമം അനുസരിച്ച് വിട്ടുകൊടുക്കണം. തല്‍ക്കാലം ഒരുവര്‍ഷത്തേക്കു മാത്രമാണ് കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷം വരെ ഈ രീതി തുടരും. അതിനുശേഷം വേണമെങ്കില്‍ ദത്തിലേക്കു നീങ്ങാം.
പോറ്റി വളര്‍ത്തല്‍ പദ്ധതി യാഥാര്‍ത്ഥത്തില്‍ കുട്ടികള്‍ കുട്ടികള്‍ ഉള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. ആരോരുമില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിനു കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും താങ്ങും തണലുമാകാന്‍ കഴിയുമെങ്കില്‍ അതില്‍പരം പുണ്യം വേറെയെന്താണുള്ളത്.
ഓരോ ദിവസവും മനുഷ്യര്‍ എത്രയോ ഭക്ഷണം പാഴാക്കി കളയുന്നു! ആയിരക്കണക്കനു കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുന്ന ലോകത്താണ് ഇത് സംഭവിക്കുന്നത്. ഒരു കുഞ്ഞുവയറിനെയെങ്കിലും ഊട്ടാന്‍ അവസരമുണ്ടായാല്‍ അതാകും നമ്മുടെ ജീവിതത്തിന്റെ സാഫല്യം. അതൊരു സാമൂഹിക ഉത്തരവാദിത്വമാണ്.
ആരും അറിഞ്ഞുകൊണ്ടല്ല അനാഥരാകുന്നത്. അങ്ങിനെ സംഭവിച്ചുപോകുന്നതാണ്. പഴയ കാലത്തേക്കുറിച്ചൊന്നും മക്കള്‍ സംസാരിക്കാറില്ല. മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും നല്‍കി അവരെ നല്ല രീതിയില്‍ വളര്‍ത്തണം.
പറ്റുന്ന രീതിയില്‍ ഇനിയും കുട്ടികളെ ഏറ്റെടുക്കുമെന്നും ടീച്ചര്‍ ആഗ്രഹിക്കുന്നു. ഇവര്‍ ഇനിമേല്‍ അനാഥരല്ല; എല്ലാവരും പരസ്പരം ചേര്‍ത്തു പിടിച്ചാല്‍ ആരും ഈ ലോകത്തില്‍ അനാഥരാകില്ല; കുറച്ചുകൂടി സുന്ദരമായ ലോകത്തെ സ്വപ്നം കാണുന്ന ടീച്ചര്‍ ആ പ്രതീക്ഷ പങ്കുവെയ്ക്കുന്നു.
-by രമേശ് അരൂര്‍.

Other News

 • റെക്കോഡ് ഫണ്ട് നേട്ടവുമായി ബെറ്റോ ഒ റൂര്‍ക്കേ
 • ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വെളുപ്പ് വാദക്കാര്‍ ഇന്റര്‍നെറ്റില്‍ നിരത്തുന്നു
 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • Write A Comment

   
  Reload Image
  Add code here