മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ കഥ; കേരളത്തില്‍ കയാക്കിങ്ങിന്റെയും

Fri,Aug 03,2018


ഇറ്റലിയിലെ വെറോണയില്‍ മുന്തിരിത്തോട്ടമുള്ള 42കാരനായ ജാകോപോ നോര്‍ഡറായും ബംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ 40 കാരനായ മണിക് തനേജയും ആദ്യമായി കോഴിക്കോട് ജില്ലയിലെ ചെറിയ പട്ടണമായ കോടഞ്ചേരിയിലെത്തിയത് 2012ലാണ്. ബംഗളുരുവില്‍നിന്നും മറ്റു മൂന്നു സുഹൃത്തുക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും ലക്ഷ്യം ഒന്നായിരുന്നു: ചാലിപ്പുഴ നദിയില്‍ കയാക്കിങ് നടത്തുക. ചെറിയ തോണികളുമായി അവര്‍ പുഴയിലേക്ക് കടക്കുമ്പോള്‍ കരയില്‍നിന്നും ആളുകള്‍ വിളിച്ചുകൂവിപ്പറയുന്നുണ്ടായിരുന്നു. 'പോകരുത്. അപകടമാണ്. വലിയ പാറക്കെട്ടുകളൊക്കെയുണ്ട്. ഒരുപാട് പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്'. അല്‍പ്പനേരം ശങ്കിച്ചുനിന്ന ശേഷം അവര്‍ തീരുമാനിച്ചു: ഇതിനായിത്തന്നെയായിരുന്നല്ലോ നമ്മള്‍ ഇവിടംവരെ വന്നത്.
സാഹസിക വിനോദമായ കായാക്കിങ്ങിന്റെ കേന്ദ്രമായി കേരളത്തിലെ ഒരു ചെറിയ പട്ടണം മാറിയതിന്റെ തുടക്കം അങ്ങനെയായിരുന്നു; മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ തുടങ്ങിയതിന്റെയും. പുറമെനിന്നും എത്തുന്നവര്‍ വളരെ വൈദഗ്ധ്യമുള്ളവരാണെന്നു മനസ്സിലാക്കാന്‍ പ്രദേശവാസികള്‍ക്കു അധികസമയമൊന്നും വേണ്ടിവന്നില്ല. വെള്ളച്ചാട്ടങ്ങളിലൂടെ വളരെ വിദഗ്ധമായി അവര്‍ തുഴഞ്ഞുപോകുന്നത് അവര്‍ കണ്ടു. കരയില്‍ കണ്ടുനിന്നവര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവത്തിനുശേഷം ഓരോ വര്‍ഷവും കയാക്കിങ് നടത്തുന്നതിനായി വലിയ സംഘങ്ങളാണ് അവിടേക്കെത്തുന്നത്. ചാലിപ്പുഴക്ക് സമീപത്തായി ഒരു ''ചേച്ചി'' തട്ടുകട നടത്തുന്നുണ്ട്. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലെ മണ്‍സൂണ്‍ കാലത്ത് പുഴ കവിഞ്ഞൊഴുകുമ്പോള്‍ കയാക്കിങ് നടത്താനെത്തുന്നവരെക്കൊണ്ട് ചേച്ചിയുടെ ചായക്കട നിറയും. പുഴയുടെ സമീപം നല്ല ഭക്ഷണം കിട്ടുന്ന ഏക സ്ഥലമാണത്. 2011ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം 4589 കുടുംബങ്ങളിലായി 18,000ത്തോളം പേരാണ് കോടഞ്ചേരി ഗ്രാമത്തില്‍ താമസിക്കുന്നത്. കായാക്കിങ്ങിനായി എത്തുന്ന വിദേശികളെ അവര്‍ കൗതുകത്തോടെ വീക്ഷിക്കുന്നു. ആദ്യമായി എത്തിയ നോര്‍ഡറായും തനേജയും എന്തിനാണ് വന്നതെന്ന് തദ്ദേശവാസികള്‍ക്കു മനസ്സിലായിരുന്നില്ല. ചാകാന്‍ വന്നവരെന്നാണ് അവര്‍ കരുതിയത്. മലയാള മനോരമയുടെ പ്രാദേശിക ലേഖകനായ ബെനിറ്റോ ചാക്കോയുടെ ഒരു റിപ്പോര്‍ട്ടാണ് സ്ഥിതി മാറ്റിയത്. തോണി തുഴയാനായി ബംഗളുരുവില്‍ നിന്നുമെത്തിയവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമായി. തുടര്‍ന്നുള്ള ഒരാഴ്ചയോളം പ്രാദേശിക പത്രങ്ങളില്‍ അവരുടെ ചിത്രങ്ങളും വാര്‍ത്തകളും നിറഞ്ഞു. ബിനീറ്റോ കായാക്കിങ്ങിനെത്തിയ വിദേശിയെയും അന്യസംസ്ഥാനക്കാരെയും ജില്ലാ കളക്ടര്‍ക്കും പരിചയപ്പെടുത്തി. ഈ സാഹസിക വിനോദം ടൂറിസത്തിനു വലിയ സാധ്യതകള്‍ തുറന്നുതരുന്നതായി കലക്ടര്‍ മനസ്സിലാക്കി. 2012 ഒക്ടോബറില്‍ രണ്ടാമതും കോടഞ്ചേരിയിലെത്തിയ നോര്‍ഡെറയെയും തനേജയെയും കളക്ടര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടുത്തി.
2013ലെ മണ്‍സൂണ്‍ കാലത്ത് നോര്‍ഡറായും തനേജയും ദൗത്യം തുടങ്ങി. അവര്‍ കമ്പനികള്‍ സ്ഥാപിച്ചു. ഗുഡ് വേവ് അഡ്‌വെഞ്ചേഴ്‌സ് അതിലൊന്നാണ്. കായാക്കിങ്ങില്‍ പരിശീലനം നല്‍കുകയും പുഴകളില്‍ കയാക്കിങ് നടത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയുമായിരുന്നു കമ്പനിയുടെ പരിപാടി. കോടഞ്ചേരിയില്‍ ഒരു വീട് വാടകക്കെടുത്തു രണ്ടുമാസം താമസിച്ച അവര്‍ ഒരു റിവര്‍ ഫെസ്റ്റിവല്‍ നടത്തുന്നതിനുള്ള കടലാസ് ജോലികളെല്ലാം പൂര്‍ത്തിയാക്കി. റിവര്‍ ഫെസ്റ്റിവല്‍ എന്ന ആശയം അവരുടെ തലയിലേക്ക് കടത്തിവിട്ടത് ബെനിറ്റോ ആയിരുന്നു. എന്തെങ്കിലും പരിപാടി സംഘടിപ്പിച്ചാല്‍ ടൂറിസം വകുപ്പിന്റെ സഹായം ലഭിക്കുമെന്നാണ് പറഞ്ഞത്. അതേ വര്‍ഷം ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഗംഗാ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആദ്യമായി കയാക്കിങ് മത്സരം നടത്തി. അതില്‍ പങ്കെടുത്തു തിരിച്ചെത്തിയ ശേഷമാണ് കേരളത്തിലും സമാനമായ റിവര്‍ ഫെസ്റ്റിവല്‍ എന്ന സംരംഭവുമായി മുന്നോട്ടു പോയത്. 2012ലെ ഒരു വാരാന്ത്യത്തില്‍ ഏതാനും കയാക്കിങ് പ്രേമികള്‍ കോടഞ്ചേരിയിലേക്കു നടത്തിയ യാത്ര അതോടെ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആയി പരിണമിച്ചു. 17 രാജ്യങ്ങളില്‍നിന്നും തുഴച്ചില്‍ക്കാര്‍ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ റിവര്‍ ഫെസ്റ്റിവലാണ് ഇപ്പോള്‍ അത്. ഇപ്പോള്‍ ആറാം വര്‍ഷത്തിലേക്കു കടന്നിട്ടുള്ള കയാക്കിങ് മത്സരത്തിന് ലോകത്തുതന്നെ ഏറ്റവും വലിയൊരു സമ്മാനത്തുകയാണ് സ്‌പോണ്‍സര്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് - 20,000 ഡോളര്‍. കയാക്കിങ് ഇനത്തിലെ ലോകത്തിലെ വമ്പന്മാരെല്ലാം ഇക്കുറി കോടഞ്ചേരിയിലെത്തി. ഡച്ചുകാരനായ യൂറോപ്യന്‍ ഫ്രീ സ്‌റ്റൈല്‍ ചാമ്പ്യന്‍ മാര്‍ട്ടീന വെഗ്മാന്‍, ന്യൂസിലണ്ടിലെ മൈക്ക് ടൗസന്‍, അമേരിക്കയിലെ കയക് നിര്‍മ്മാതാക്കളുടെ കുടുംബത്തിലെ അംഗമായ ജാക്‌സണ്‍ കയക് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. അവരില്‍ പലരും ചേച്ചിയുടെ ചായക്കടയിലിരുന്ന് പൊറോട്ടയും ഓംലെറ്റും കഴിക്കുന്നത് കൗതുകത്തോടെയാണ് നാട്ടുകാര്‍ വീക്ഷിക്കുന്നത്. കേരള ടൂറിസവുമായി സഹകരിച്ച് ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടി പുഴ എന്നീ നദികളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവരെ പ്രദേശത്തെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഉള്ളവര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യവും കണക്കാക്കി. പ്രൊഫഷനലുകളല്ലാത്ത തുഴച്ചില്‍ക്കാര്‍ക്കുവേണ്ടി ഒരു 'ഇടത്തരം' വിഭാഗവും ഉള്‍പ്പെടുത്തി. ജൂലൈ 18-22 തീയതികളിലായി മത്സരങ്ങള്‍ നടന്നു.
നാട്ടുകാര്‍ക്ക് പരിശീലനം താല്‍പ്പര്യമുള്ള നാട്ടുകാര്‍ക്ക് കയാക്കിങ് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി 2016ല്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് നീന്തല്‍ അറിയണമെന്നത് മാത്രമായിരുന്നു വ്യവസ്ഥ. 9 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തത്. 20 വയസ്സുള്ള രശ്മിയായിരുന്നു ആ പെണ്‍കുട്ടി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ രശ്മിയോട് മത്സരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയുണ്ട്. 45 കാരിയായ മാതാവ് ലീനയെയും ഒപ്പം കൂട്ടി പ്രശ്‌നം പരിഹരിച്ചു. 2016ല്‍ പരിശീലനത്തിന് ചേര്‍ന്ന മൂന്നു ആണ്‍കുട്ടികള്‍ കയാക്കിങ് സമൂഹത്തിന്റെ അംബാസ്സിഡര്‍മാരായി മാറിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച പ്രദേശവാസികളായ പലരും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇന്ത്യക്കു പുറത്തുള്ള കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പലരും. കായാക്കിങ്ങിന്റെ ഓരോ പാഠവും ജീവിതത്തില്‍ പ്രയാസം നിറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍ സഹായകമാകുന്നുവെന്നാണ് പരിശീലനം നേടിയ മെക്കാനിക്കല്‍ എഞ്ചിനീയറായ നിഥിന്‍ ദാസ് പറയുന്നത്. ഇന്ത്യയില്‍ കയാക്കിങ് നടത്തുന്നവരായി 600 പേരില്‍ കൂടുതലുണ്ടാകില്ലെന്നാണ് നോര്‍ഡെറ പറയുന്നത്. മറ്റേതൊരു ചെറിയ സമൂഹത്തെയുംപോലെ അവര്‍ക്ക് വലിയ ഒത്തിണക്കമുണ്ട്. നദികളില്‍ അവര്‍ ഒത്തുചേരുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ലോകത്തെല്ലാം അങ്ങനെയാണ്. വടക്കേ ഇന്ത്യയില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും തുഴച്ചില്‍കാരെ ഇന്ത്യയിലെ മനോഹരങ്ങളായ നദികള്‍ കാണുന്നതിനായി ക്ഷണിച്ചുകൊണ്ടുവരാന്‍ നോര്‍ഡെറ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ കയാക്കിങ് താരങ്ങളുടെ പ്രകടനം വളരെ മെച്ചപ്പെടുന്നതായാണ് 2018ലെ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ 'റാപിഡ് രാജ' എന്ന കിരീടം നേടിയ മൈക്ക് ടൗസന്‍ പറയുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട നിലവാരത്തില്‍നിന്നും വളരെ ഉയര്‍ന്നു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മത്സര ദിവസങ്ങള്‍ കോടഞ്ചേരി ഗ്രാമത്തിനു ഉത്സവകാലം പോലെയാണ്. ഓരോ ദിവസത്തെയും മത്സരങ്ങള്‍ക്കുശേഷം പലരും പരുക്കുകളോടെയും തോല്‍വിയുടെ ക്ഷീണത്തോടെയാകും മടങ്ങുക. ചേച്ചിയുടെ ചായക്കടയില്‍നിന്നും തുടങ്ങുന്ന പാര്‍ട്ടി അവസാനിക്കുക കോടഞ്ചേരിയിലെ ഏക ഹോട്ടലായ തുഷാര ഇന്റര്‍നാഷണലില്‍ ആയിരിക്കും. അവിടുത്തെ കല്യാണ മണ്ഡപത്തില്‍ വെച്ചിട്ടുള്ള വലിയൊരു സ്‌ക്രീനില്‍ ലോകത്തിലെ പ്രൊഫഷണല്‍ കയാക്കിങ് താരങ്ങളുടെ അത്ഭുതകരങ്ങളായ പ്രകടനങ്ങളുമുണ്ടാകും. ഈ വര്‍ഷം ഒരു ദിവസം മെക്‌സിക്കോയിലെ 60 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടത്തില്‍ ഡാനി ജാക്‌സണ്‍ നടത്തിയ സാഹസികമായ പ്രകടനമായിരുന്നു പ്രദര്‍ശിപ്പിച്ചത്. അതു കാണാന്‍ ജാക്‌സണും ഹാളിലുണ്ടായിരുന്നു - അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമ അദ്ദേഹത്തിനൊപ്പം ഇരുന്നുകാണുന്ന പ്രതീതിയാണ് അത് സമ്മാനിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. മത്സരം കഴിഞ്ഞ് എല്ലാവരും വിടപറയുമ്പോള്‍ ഗ്രാമം ഉറങ്ങിയ പ്രതീതിയാണ്. കയാക്കിങ് ആ ഗ്രാമത്തിന്റെ സ്വഭാവംതന്നെ മാറ്റിയിരിക്കുന്നു. ചായക്കട നടത്തുന്ന ചേച്ചിതന്നെയാണ് അതിനുദാഹരണം. ചേച്ചിയുടെ കടയില്‍ ഉണ്ടാക്കുന്ന സുഗിയന്‍, പഴംപൊരി, ഇലയട തുടങ്ങിയ പലഹാരങ്ങള്‍ക്കെല്ലാം വലിയ പ്രിയമാണ്. അവിടെ വരുന്ന കയാക്കിങ് താരങ്ങളും മറ്റുള്ളവരുമെല്ലാം അടുക്കളയില്‍ കയറി അവര്‍ക്കിഷ്ടമുള്ളത് എടുത്തു കഴിക്കുന്നു. സ്വന്തം വീടുപോലെതന്നെ. എല്ലാം കഴിയുമ്പോള്‍ ഓരോരുത്തരും കണക്കുകള്‍ തീര്‍ക്കും. കൊടുക്കുന്ന തുകയുടെ ബാക്കിവാങ്ങാന്‍പോലും കൂട്ടാക്കില്ല. ചേച്ചി ഇനി കുറച്ചു വിശ്രമിക്കെന്നു പറഞ്ഞ് അവര്‍ പോകും. കുറെ വര്‍ഷങ്ങളായി കയാക്കിങ് താരങ്ങള്‍ ചേച്ചിയുടെ വലിയൊരു വരുമാനമാര്‍ഗമാണ്. കയാക്കിങ് താരങ്ങളെല്ലാം തിരിച്ചുപോകുമ്പോള്‍ അവരെ ന്യായീകരിക്കേണ്ട ചുമതലകൂടി ചേച്ചി ഏറ്റെടുക്കും. ഷോര്‍ട്‌സ് ധരിച്ചു നടക്കുന്ന പെണ്‍കുട്ടികളും ചേച്ചിയെ കെട്ടിപ്പുണരുന്ന പുരുഷന്മാരായ കയാക്കിങ് താരങ്ങളുമെല്ലാം യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന ആ ഗ്രാമത്തിനു അത്ര രസിക്കുന്ന കാര്യങ്ങളല്ല. പെണ്‍കുട്ടികളോട് ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ പറയണമെന്ന് ചിലര്‍ ചേച്ചിയോട് ആവശ്യപ്പെടും. കയാക്കിങ് താരങ്ങളെല്ലാം പോയ്ക്കഴിയുമ്പോള്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും 'ചേച്ചി ഇനി ആരെ കെട്ടിപ്പിടിക്കു'മെന്ന്. ഇങ്ങനെയൊക്കെ പറയുന്നവരോടെല്ലാം 'പോയി പണിനോക്കെടോ' എന്നാണ് ചേച്ചി പ്രതികരിക്കാറുള്ളത്.

Write A Comment

 
Reload Image
Add code here