'ആട് അമ്മയാണ്; ആട്ടിറച്ചിയും ഭക്ഷിക്കരുത്': ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ യുദ്ധം

Sun,Aug 05,2018


ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ കൂട്ടമായി ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ബിജെപി നേതാക്കള്‍ക്കുപോലും സഹിക്കാവുന്നതിന് അപ്പുറമായിരിക്കുന്നു. അതിന്റെ പ്രതിഫലനമായിരുന്നു, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതും അവസാനിപ്പിക്കണമെന്ന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റ് ചന്ദ്ര കുമാര്‍ ബോസ് പരിഹാസ രൂപത്തില്‍ ട്വീറ്റ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ബോസും ത്രിപുരയിലെ ഗവര്‍ണ്ണര്‍ തഥാഗത റോയിയും തമ്മില്‍ ട്വിറ്ററില്‍ ഒരു യുദ്ധംതന്നെ നടന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജ്യേഷ്ഠ സഹോദരനായിരുന്ന ശരത് ചന്ദ്ര ബോസിന്റെ ചെറുമകനാണ് 57 കാരനായ ചന്ദ്രകുമാര്‍ ബോസ്. 2016ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അതേ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഭവാനിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയോട് മത്സരിക്കുകയും ചെയ്തു. സാമ്പത്തികശാസ്ത്ര ബിരുദം നടത്തിയ ശേഷം ടാറ്റ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ബോസ് 2000ത്തില്‍ ജോലി ഉപേക്ഷിക്കുകയും സ്വന്തം ബിസിനസ് തുടങ്ങുകയും ചെയ്തു. രാജ്യത്തുടനീളം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോസംരക്ഷകര്‍ ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പരിഹാസ രൂപത്തില്‍ ചന്ദ്രകുമാര്‍ ബോസ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: 'എന്റെ മുത്തച്ഛനായ ശരത് ചന്ദ്ര ബോസിന്റെ കൊല്‍ക്കത്തയിലെ വുഡ്ബുണ്‍ പാര്‍ക്കിലെ ഒന്നാം നമ്പര്‍ വസതിയില്‍ ഗാന്ധിജി താമസിക്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹം ആട്ടിന്‍പാലാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യത്തിനായി വീട്ടില്‍ രണ്ട് ആടുകളെ വാങ്ങി വളര്‍ത്തിയിരുന്നു. ഹിന്ദുക്കളുടെ സംരക്ഷകനായിരുന്ന ഗാന്ധിജി ആടിനെ അമ്മയായി കണ്ടാണ് ആട്ടിന്‍പാല്‍ കുടിച്ചത്. ഹിന്ദുക്കള്‍ ആട്ടിറച്ചി ഭക്ഷിക്കുന്നത് അവസാനിപ്പിക്കണം.'
മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അതിന് ത്രിപുര ഗവര്‍ണ്ണര്‍ തഥാഗത റോയിയില്‍നിന്നും മറുപടിയുണ്ടായി: 'ഗാന്ധിജിയോ താങ്കളുടെ മുത്തച്ഛനോ ആട് അമ്മയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അത് നിങ്ങളുടെ നിഗമനം മാത്രമാണ്. ഗാന്ധിജിയോ (മറ്റാരെങ്കിലുമോ) അദ്ദേഹം ഹിന്ദുക്കളുടെ സംരക്ഷകനാണെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങള്‍ ഹിന്ദുക്കള്‍ പശുവിനെയാണ് ദൈവമായി പരിഗണിക്കുന്നത്, ആടിനെയല്ല. ഇത്തരം അസംബന്ധങ്ങള്‍ വിളമ്പാന്‍ ശ്രമിക്കരുത്'. സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന 72 കാരനായ തഥാഗത റോയ് വലതുപക്ഷ സാമൂഹ്യ, രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സൈദ്ധാന്തികനുമെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അതേ സമയം ബോസിന്റെ ട്വീറ്റിലുള്ള പരിഹാസം അംഗീകരിച്ചുകൊണ്ടുതന്നെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പശു കേന്ദ്രീകൃതമായ രാഷ്ട്രീയവും, ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും വെറുപ്പുളവാക്കുന്നതാണെന്നു പറയുകയും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. റോയിക്കു മറുപടിയുമായി ബോസ് എത്തി: 'ഞങ്ങളുടെ പൂര്‍വിക ഭവനത്തില്‍ താമസിക്കുമ്പോള്‍ ആട്ടിന്‍ പാല്‍തന്നെ വേണമെന്ന് ഗാന്ധിജി നിര്‍ബ്ബന്ധിച്ചിരുന്നു. അതിന്റെയര്‍ത്ഥം അദ്ദേഹം ആടിനെ മാതാവായി കണക്കാക്കിയിരുന്നു എന്നാണ്. ഇതില്‍ തര്‍ക്കമൊന്നും വേണ്ടാ. വാദപ്രതിവാദത്തിന്റെ കാര്യവുമില്ല.' റോയിയും വിട്ടില്ല: 'ആടിനെ മാതാവാക്കിയതുകൊണ്ട് എന്തു കാര്യം? ഗാന്ധിജിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ജവാഹര്‍ലാല്‍ നെഹ്രുവും (അദ്ദേഹത്തിന്റെ സമുദായമായ) കാശ്മീരി പണ്ഡിറ്റുമാരും എല്ലാം മാംസഭുക്കുകളായിരുന്നു'.
ബോസിന്റെ മറുപടി: 'ഞങ്ങള്‍ അടിയുറച്ച ഹിന്ദുക്കളാണ്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ മതത്തിന് ഒരു കാര്യവുമുണ്ടെന്നു ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ മതഭ്രാന്തിനെ വെറുക്കുന്നു. ഇത്തരം പഴഞ്ചന്‍ വീക്ഷണങ്ങളുള്ളവര്‍ക്ക് ഭാരതത്തില്‍ സ്ഥാനമില്ല.' അതിനോട് റോയ് പ്രതികരിചിതങ്ങനെയായിരുന്നു: 'എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്നതുകൊണ്ട് ഞാന്‍ ഒരൊറ്റ വ്യക്തിയെയാണ് ഉദ്ദേശിക്കുന്നത്. 'ഞങ്ങള്‍' ആരാണ്? എന്താണ് പഴഞ്ചന്‍ വീക്ഷണങ്ങള്‍? പശു നമ്മുടെ മാതാവാണെന്നതാണോ? അതോ പശു നമ്മുടെ മാതാവാണെന്നു വിശ്വസിക്കുന്നവര്‍ക്ക് ഭാരതം എന്ന സങ്കല്‍പ്പത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് കരുതുന്ന ആള്‍ക്കാരാണോ? വ്യക്തമായൊരു മറുപടി തന്നാല്‍ താങ്കളോട് നന്ദിയുണ്ടായിരിക്കും.' ബോസ് തുടര്‍ന്നതിങ്ങനെ: 'ഞങ്ങള്‍' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റുള്ളവരുടെ വീക്ഷണങ്ങളെയും വിലമതിക്കുന്ന പുതിയ ഇന്ത്യയിലെ പുരോഗമന വാദികള്‍. എന്നാല്‍ പശുവിനെ മാതാവായി അംഗീകരിക്കാത്തവരുമാണ്. ഞങ്ങള്‍ ജന്തു സ്‌നേഹികളാണ്. അവയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍ മൃഗങ്ങളെ ഞങ്ങള്‍ ഒരിക്കലും മനുഷ്യന് ഉപരിയായി കാണുന്നില്ല. ഭാരതത്തെ ഐക്യത്തോടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ ഭാരതീയരുടെയും നിലപാട് അതായിരിക്കണം'. 'പുതിയ ഇന്ത്യയിലെ പുരോഗമനവാദികളായ ആള്‍ക്കാര്‍...! ഭാരതത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍...!! ഹമ്മോ... അത്തരം പുരോഗമനവാദികളായ എല്ലാ ആള്‍ക്കാരുടെയും വീക്ഷണങ്ങള്‍ നിങ്ങളങ്ങു തീരുമാനിക്കുകയാണെന്നു തോന്നുന്നു. താങ്കള്‍ പശ്ചിമ ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ താങ്കളുടെ വീക്ഷണങ്ങള്‍ താങ്കളുടെ പാര്‍ട്ടിയും പങ്കിടുമെന്നു ഞാന്‍ കരുതുന്നു...!' ഇങ്ങനെയൊരു പരിഹാസ വെടി ഉതിര്‍ത്താണ് ത്രിപുര ഗവര്‍ണ്ണര്‍ പിന്‍വാങ്ങിയത്.

Write A Comment

 
Reload Image
Add code here