ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യ വന്‍ശക്തിയോ, വെറും ക്ലൈന്റോ?

Sun,Aug 05,2018


മാനവ സംസ്‌കാരത്തിന്റെ പുരോഗതിയില്‍ തീയും വൈദ്യുതിയും വഹിച്ചിട്ടുള്ള പങ്കുമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഗൂഗിളിന്റെ സിഇഒ താരതമ്യപ്പെടുത്തുന്നത്. മാനവരാശിയുടെ അന്ത്യം കുറിച്ചേക്കാവുന്ന ഒന്നായി സ്റ്റീഫന്‍ ഹോക്കിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഭയപ്പെട്ടിരുന്നു. മനുഷ്യനും മൃഗങ്ങളും ചെയ്തിരുന്ന കായികാദ്ധ്വാനം യന്ത്രങ്ങളിലേക്കു മാറ്റുകയാണ് വ്യവസായ വിപ്ലവം ചെയ്തത്. ഇന്റലിജന്‍സിന് ഒരു പ്രത്യേക ഘടനയൊന്നും വേണ്ട എന്നതായതോടെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (എഐ) നമ്മുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും സൈനികവുമായ ഘടനയെത്തന്നെ പരിവര്‍ത്തനം ചെയ്യും എന്നായിരിക്കുന്നു. നിയന്ത്രണം കേന്ദ്രീകരിക്കുകയും കുത്തകയാക്കുകയും ചെയ്യുക എന്നതാണ് ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതായ സമ്പദ്ഘടനയില്‍ വരുമാനവും സ്വത്തുമെല്ലാം വളരെ തീവ്രമായ വിധം ചുരുക്കം ചിലരിലേക്കു കേന്ദ്രീകരിക്കപ്പെടും എന്നത് മനസ്സിലാക്കി എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കണമെന്ന് ആഗോള ഡിജിറ്റല്‍ വ്യവസായത്തിന്റെ പല നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇവയുള്ളത് യുഎസിലും ചൈനയിലുമാണ്.
എഐ മേഖലയിലെ മത്സരരംഗത്ത് ഇന്ത്യ എവിടെയാണുള്ളത്? എവിടെയുമില്ല. ഐടി ശേഷിയിലുള്ള വലിയ മുന്നേറ്റവും ഡേറ്റ ശേഖരണത്തിനാവശ്യമായ വലിയ ആഭ്യന്തര വിപണിയും അതിവേഗതയില്‍ ഇന്ത്യക്ക് പാഴായി പോകുകയാണ്. കാരണം മറ്റു പല വ്യാവസായിക സാങ്കേതിക വിദ്യകളെയുംപോലെ ആദ്യം ലാബുകളില്‍ വികസിപ്പിക്കുകയും പിന്നീടത് വ്യവസായത്തില്‍ പ്രായോഗികമാക്കുകയുമല്ല എഐ ചെയ്യുന്നത്. മറിച്ച്, ബിസിനസ് പ്രക്രിയയിലൂടെയാണ് അത് വികസിപ്പിക്കുന്നത്. ഡിജിറ്റല്‍ വേദികളില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഡേറ്റ പിന്നീട് ഇന്റലിജന്‍സ് ആക്കി മാറ്റുകയും അതുപയോഗിച്ചു കൂടുതല്‍ ഡേറ്റയും ഇന്റലിജന്‍സും ഉല്‍പ്പാദിപ്പിക്കുകയും, അതങ്ങനെ അന്തമില്ലാതെ തുടരുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും എഐ, ആ രാജ്യത്തുള്ള ആഭ്യന്തര ഉടമസ്ഥതയിലുള്ള വലിയ വാണിജ്യ ഡിജിറ്റല്‍/ഡേറ്റാ സമ്പ്രദായങ്ങളില്‍ കുടികൊള്ളുന്നു. യുഎസില്‍ അത് ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയിലാണ്; ചൈനയില്‍ അത് ബൈഡു, ആലിബാബ, ടെന്‍സെന്റ് എന്നിവയിലും. ഇന്ത്യയില്‍ ആഭ്യന്തര ഉടമസ്ഥതയിലുള്ള അത്ര വലിയ വാണിജ്യ ഡേറ്റാ സമ്പ്രദായങ്ങള്‍ ഒന്നുമില്ല. അത് വികസിക്കുന്നതിനുള്ള എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഫ്‌ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട് ഏറ്റെടുത്തതുപോലുള്ള സംഭവങ്ങള്‍ അനുവദിച്ചതോടെ ഇല്ലാതായി. ഉടന്‍തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ പെരുമാറ്റ രീതികളുടെയും മറ്റു സാമ്പത്തിക ഡേറ്റകളുടെയും ഗണ്യമായ ഭാഗം വാള്‍മാര്‍ട്ടിനും ആമസോണിനുമിടയില്‍ വീതംവയ്ക്കപ്പെടുകയും, അതില്‍നിന്നും അവര്‍ വിവിധ തരം എഐ വികസിപ്പിക്കുകയും ചെയ്യും. അത് കാലക്രമേണ ഉപഭോഗ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലയെ അപ്പാടെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യും. സാമ്പത്തിക ആധിപത്യത്തിനു പുറമെ എഐ സാംസ്‌കാരികവും രാഷ്ട്രീയവും സൈനികവുമായ കരുത്തിനെക്കൂടി വിളംബരം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്നവര്‍ ലോകം ഭരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. എഐ ശേഷി നേടിയ ഒരു സൈന്യത്തിനെതിനെതിരെ എഐ ശേഷിയില്ലാത്ത ഒരു സൈന്യം, സുസജ്ജമായ ആയുധങ്ങളോടുകൂടി മുന്നേറുന്ന ഒരു സൈനിക ഡിവിഷന്റെ മുന്നില്‍ അകപ്പെട്ട നിസ്സഹായമായ കാലാള്‍പ്പടയുടെ യുണിറ്റിനെപ്പോലെ ആയിരിക്കും. സൈന്യത്തിന് എഐ ലഭിക്കുന്നത് എവിടെനിന്നുമാണ്? എഐ പ്രയോഗിക്കുന്നതില്‍ ഗൂഗിളും ആപ്പിളും യുഎസ് സൈന്യവുമായി സഹകരിക്കുന്നുണ്ട്. ചൈനയിലെ കമ്പനികളും സൈന്യവുമായി അടുത്ത് സഹകരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിനും സുരക്ഷാപരവും തന്ത്രപ്രധാനവുമായ കാര്യങ്ങള്‍ക്കും ആവശ്യമായ എഐ വികസിപ്പിക്കുന്നതിന് ആരാണ് സഹായിക്കുക?
എഐ രംഗത്ത് ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന തെറ്റായ സന്ദേശമാണ് ഇന്ത്യയിലെ പല ഐടി വ്യവസായ നേതാക്കളും നല്‍കുന്നത്. ഓരോ മേഖലയിലും എഐക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള മൂല്യ ശൃംഖലകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമ്പോള്‍ ഐടി/ഡിജിറ്റല്‍ ബിസിനസില്‍ സ്വന്തം പങ്ക് തരപ്പെടുത്തുന്നതിനായി അവര്‍ തിരക്കുകൂട്ടൂന്നു എന്നതാണ് പ്രശ്‌നം. ആഗോള ഡിജിറ്റല്‍ കോര്‍പ്പറേഷനുകളെ കേന്ദ്രീകരിച്ച് വിവിധ സ്റ്റാര്‍ട്ടപ്പുകളും പ്രത്യേകമായ ഡിജിറ്റല്‍/എഐ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്ന വലിയൊരു ചുറ്റുപാടിലാണ് ഡിജിറ്റല്‍/എഐ വ്യവസായം വളരുന്നത്. അത്തരം വലിയ ആഗോള ചുറ്റുപാടില്‍ ഒരു ഇടം കണ്ടെത്തുന്നതിനായി ശ്രമിക്കുന്ന ഇന്ത്യയിലുള്‍പ്പടെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ യുഎസിലോ ചൈനയിലോ ആണ് തുടങ്ങുന്നത്. അവയെല്ലാം പൊതുവില്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റേതായാലും ആരോഗ്യ സംരക്ഷണത്തിനുള്ള ഔഷധങ്ങളുടേതായാലും അത്യാധുനികമായ പഠനരീതികളുടേതായിരുന്നാലും, നമ്മള്‍ ഇന്ന് വായിച്ചറിയുന്നതും നീതി ആയോഗ് അതിന്റെ എഐ വികസന തന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ അത്ഭുതപ്പെടുത്തുംവിധമുള്ള എഐ ആപ്ലിക്കേഷനുകളെല്ലാംതന്നെ ആഗോള ഡിജിറ്റല്‍/എഐ കോര്‍പ്പറേഷനുകളുടെ ഉല്‍പ്പന്നങ്ങളാണെന്നതാണ് വസ്തുത. അവിശ്വസനീയമായ വിധമുള്ള ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ 'സൗജന്യമായി' നല്‍കി നമ്മളെ ആകര്‍ഷിക്കുകയാണവര്‍. ഈ എഐ ആപ്‌ളിക്കേഷനുകള്‍ അവിടെയുമിവിടെയും ചില നേട്ടങ്ങള്‍ നമുക്ക് നല്‍കുമെങ്കിലും ഓരോന്നിലും നിന്നും പുതിയ ഡേറ്റകള്‍ ശേഖരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൂഗിളിന്റെയോ ആപ്പിളിന്റെയോ ഉടമസ്ഥതയിലുള്ള എഐ എഞ്ചിനുകള്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും കൂടുതല്‍ ഇന്റലിജന്റ് ആയി മാറുന്നു. ഇങ്ങനെ ശക്തിപ്രാപിക്കുന്ന എഐ എഞ്ചിനുകളിലൂടെ അവര്‍ വലിയ നേട്ടമുണ്ടാക്കുന്നു.
വിവിധ മേഖലകളില്‍ എഐ ആപ്ലിക്കേഷനുകള്‍ ഉടനടി ഉപയോഗപ്പെടുത്തുന്നതിന്റെതായാലും, അല്ലെങ്കില്‍ ആഗോള ഡിജിറ്റല്‍/എഐ കോര്‍പ്പറേഷനുകളുടെ പുറംജോലി കരാറുകള്‍ നേടുന്ന ഗവേഷണവികസന സ്റ്റാര്‍ട്ടപ്പുകളിലൂടെ ലഭിക്കുന്നവയായാലും അതിവേഗതയില്‍ എഐ രംഗത്ത് ഉപഭോക്തൃ രാഷ്ട്രമായി മാറുന്നതുകൊണ്ട് തൃപ്തിപ്പെടാന്‍ ഇന്ത്യയെപ്പോലുള്ള വലിയൊരു രാജ്യത്തിന് കഴിയില്ല. ഇന്ത്യക്കു വലിയ എഐ കേന്ദ്രങ്ങളുണ്ടോ, അവക്ക് വലിയ വാണിജ്യ ഡേറ്റകളുടെ നിയന്ത്രണമുണ്ടോ എന്നതാണ് പ്രശ്‌നം. സാങ്കേതികവിദ്യകള്‍ ലോകമൊട്ടാകെ സ്വതന്ത്രമായി പ്രവഹിക്കണം. അതുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ വികസനത്തെ സഹായിക്കുന്നതിനായി ആഗോള ടെക്‌നോളജി കമ്പനികളെ സ്വാഗതം ചെയ്യണം. സാങ്കേതികവിദ്യ ആഗോളമാണെങ്കിലും ഡേറ്റ തദ്ദേശീയമാണ്. അങ്ങോട്ടുമിങ്ങോട്ടും കവിഞ്ഞുകിടക്കുന്ന സ്വഭാവമൊക്കെയുണ്ടെങ്കിലും ടെക്‌നോളജി ബിസിനസും ഡേറ്റ അടിസ്ഥാനമാക്കിയുള്ള ബിസിനസും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ട്. ഇ-കോമേഴ്‌സ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രത്യേകമായ ഡേറ്റാ വേദികള്‍ വലിയ അളവില്‍ തദ്ദേശീയമായിരിക്കും. പ്രത്യേകിച്ചും നമ്മുടെ ധാതു വിഭവങ്ങളെയെന്നതുപോലെ സാമൂഹ്യവും സാമ്പത്തികവുമായ ഡേറ്റകളുടെ സമാഹാരം തന്ത്രപ്രധാനമായ ദേശീയ താല്‍പ്പര്യമായി ഇന്ത്യ കൈകാര്യം ചെയ്യുന്നപക്ഷം അതിന്റെ സംരക്ഷണത്തിനായുള്ള നയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു നയംകൊണ്ടു മാത്രമേ ഓരോ മേഖലയിലും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള എഐ വികസിപ്പിക്കുന്നതിനും അവ ഇന്ത്യയുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി പ്രാവര്‍ത്തികമാക്കുന്നതിനും ഡേറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുകയുള്ളു. തദ്ദേശീയമായി എഐ കാര്യക്ഷമതയും കരുത്തും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള രംഗത്തേക്ക് കടക്കുന്നതിനു കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്‍ശക്തിയായി മാറുന്നതിനു അതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐടി മേഖലയിലും വ്യവസായ/മാനേജ്‌മെന്റ് മേഖലകളിലും വലിയ കാര്യക്ഷമതയും വലിയൊരു ആഭ്യന്തര വിപണിയുമുള്ള ഇന്ത്യ അതിനു കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ്. എന്നാല്‍ സമയം വളരെവേഗം കടന്നുപോകുകയാണ്.

Write A Comment

 
Reload Image
Add code here