അന്ധ വിശ്വാസികളുടെ സ്വന്തം നാട്

Fri,Aug 10,2018


മതങ്ങളും ജാതികളും മനുഷ്യരെ തമ്മില്‍ തീണ്ടാപ്പാടകലെ നിര്‍ത്തി ഉറഞ്ഞുതുള്ളിയ പഴയൊരു കാലത്താണ് മനം മടുത്ത സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്. അവിടെനിന്ന് നാടിന് വെളിച്ചത്തിലേക്കു വരാന്‍ അരനൂറ്റാണ്ടോളം നീണ്ട പോരാട്ടങ്ങള്‍ വേണ്ടിവന്നു. നവോത്ഥാന പ്രസ്ഥാനങ്ങളും ജനനായകരുമാണ് ഇരുണ്ട കേരളത്തെ പുരോഗമന കേരളമാക്കി മാറ്റിയത്. വിദ്യകൊണ്ടും യുക്തികൊണ്ടും മനുഷ്യരെ പ്രബുദ്ധരാക്കി ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, വി ടി ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, കെ കേളപ്പന്‍, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരെപ്പോലുള്ള സാമൂഹിക പരിഷകര്‍ത്താക്കള്‍ നവ കേരളത്തെ സൃഷ്ടിച്ചു. യുക്തിയും ശാസ്ത്രീയതയും മുറുകെപിടിച്ചും അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയും കേരളത്തില്‍ വേരോടിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, യുക്തിവാദ പ്രസ്ഥാനങ്ങളും, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും ചേര്‍ന്നാണ് കേരളത്തെ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചിന്തിക്കുന്ന സമൂഹമാക്കി മാറ്റിയെടുത്തത്.
എന്നാലിന്ന് അതേ കേരളം ആള്‍ദൈവങ്ങളുടേയും ദുര്‍മന്ത്രവാദികളുടേയും ആഭിചാരകരുടേയും, ചാത്തന്‍,സാത്താന്‍ സേവക്കാരുടെയും പിന്നാലെ പായുന്ന ദയനീയ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആവശ്യത്തില്‍ അധികം വിദ്യാഭ്യാസവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉള്ളവര്‍ പോലും അന്ധവിശ്വാസങ്ങളുടെ അടിമകളായി മാറുകയും ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ പ്രശ്‌നത്തിനും പരിഹാരം തേടി ആഭിചാരകരുടേയും ആള്‍ദൈവങ്ങളുടേയും ദുര്‍മന്ത്രവാദികളുടേയും രോഗശാന്തി ശുശ്രൂഷകരുടെയും പിന്നാലെ പായുകയാണ്. പ്രബുദ്ധരും വിദ്യാസമ്പന്നരുമെന്ന് അഹങ്കരിക്കുന്ന മലയാളികളെ ലോകത്തിനുമുന്നില്‍ അപഹാസ്യരാക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തെ മന്ത്രിവാദി കൃഷ്ണന്‍ അടക്കമുള്ള നാലംഗ കുടുംബത്തിന്റെ ക്രൂരമായ കൊലപാതകം. കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊന്നു കുഴിച്ചുമൂടിയ സംഭവം ശ്രദ്ധാകേന്ദ്രമാക്കുന്നത് ഇടുക്കിയില്‍ വ്യാപിക്കുന്ന ദുര്‍മന്ത്രവാദ സംഘങ്ങളുടെ ആധിക്യമാണ്. തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈവരുന്ന റൈസ് പുള്ളര്‍ ഇടപാടിലും കൃഷ്ണന്‍ പങ്കാളിയായിരുന്നുവത്രേ. കൃഷ്ണന്‍ പലയിടങ്ങളിലും പോയി മന്ത്രവാദവും നിധി കണ്ടെടുക്കല്‍ പൂജയും നടത്തിയിരുന്നതായും ഇതിന്റെ പേരില്‍ ചിലരുമായി ശത്രുതയുണ്ടായിരുന്നതായും വിവരം ലഭിച്ചിരുന്നു. കൃഷ്‌നെയും കുടുംബത്തെയും വകവരുത്തിയത് മന്ത്രവാദ പൂജകളിലെ സഹായി അനിലും കൂട്ടുകാരന്‍ ലിബിഷും ചേര്‍ന്നാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മന്ത്രവാദത്തിലും ആഭിചാര പൂജകളിലും വിശ്വസിച്ച് കാര്യലാഭത്തിനും ശത്രുക്കളെ നശിപ്പിക്കാനും, ഭൂമിക്കടിയിലെ നിധി കണ്ടെത്തുന്നതിനും വേണ്ടി ദിവസവും നിരവധി പേരാണ് കൃഷ്ണനെ തേടി വന്നിരുന്നത്. ഇതിനായി പണം എത്ര വേണേലും ചെലവാക്കാനും വേണ്ടിവന്നാല്‍ നരബലി പോലും നടത്താനും ആവശ്യക്കാര്‍ തയ്യാറായിരുന്നത്രേ. കൊല്ലപ്പെട്ട മന്ത്രവാദിയായ കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തി വിശ്വാസികളില്‍നിന്ന് ലക്ഷങ്ങളുടെ സമ്പാദ്യമാണ് നേടിയത്. ഭൂസ്വത്തിനു പുറമേ വന്‍ സ്വര്‍ണാഭരണശേഖരവും മന്ത്രവാദത്തിലൂടെ ഇയാള്‍ സ്വന്തമാക്കിയിരുന്നു. മുന്നൂറോളം ദേവതകളുടെ ശക്തി ഇയാള്‍ക്കുണ്ടായിരുന്നതായാണ് കൊലയാളികളടക്കം വിശ്വസിച്ചിരുന്നത്. മന്ത്രതന്ത്രങ്ങളുടെ വന്‍ താളിയോല ശേഖരവും ദുര്‍ദേവതകളുടെ സഹായവും ഉപയോഗിച്ചാണത്രേ ഇയാള്‍ പൂജകള്‍ നടത്തി ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയത്. ഇത്തരം ഉറച്ച അന്ധവിശ്വാസങ്ങളും സമ്പത്തു വാരിക്കൂട്ടുന്നതിനുള്ള ആര്‍ത്തിയുമാണ് കൂട്ടക്കൊലപാതകത്തിലേക്ക് പ്രതികളെ എത്തിച്ചത് എന്നു വ്യക്തമാണ്. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് ഏതാനും വര്‍ഷങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും ഇരകളായി കുട്ടികള്‍ അടക്കം നിരവധി ജീവനുകളും നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് ഏതാനും മാസം മുമ്പാണ് ശരീരത്തില്‍ നിന്ന് ആത്മാക്കളെ വേര്‍പെടുത്തി നേരിട്ട് സ്വര്‍ഗത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മാതാപിതാക്കളെയും സഹോദരിയെയും ഉന്നത ബിരുദധാരിയായ യുവാവ് ആരുമറിയാതെ വിട്ടില്‍ കൊലപ്പെടുത്തിയത്. കോളജ് പ്രൊഫസര്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ കുടുംബാംഗങ്ങള്‍ സാത്താന്‍ സേവയിലും അതുസംബന്ധമായ ക്രിയകളിലും വിശ്വസിച്ചിരുന്നു എന്നാണ് കൊലയാളിയായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനു ലഭിച്ചവിവരം. ഇയാളിപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. പനി ബാധിച്ച നാല് വയസുകാരനെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോയതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം കഴിഞ്ഞ ഫെബ്രുവരി 12ന് തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം കുനിശ്ശേരിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിനയരാജന്‍, ഗീത എന്നിവരുടെ മകനായ നാല് വയസുകാരന്‍ ജിനു രാജ് ആണ് വള്ളിയോട് ധ്യാനകേന്ദ്രത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. നാല് ദിവസമായി പനിയും ഛര്‍ദ്ദിലുമായിരുന്ന ജിനു രാജ് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
രോഗബാധിതര്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് പകരം യാതൊരു ശാസ്ത്രീയതയുമില്ലാതെ നടത്തുന്ന രോഗശാന്തി ശുശ്രൂഷാ പരിപാടികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചില ക്രിസ്തീയ സഭകളുടെ രോഗശാന്തി ശുശ്രൂഷയില്‍ മരിച്ചുപോയവരെ ഉയര്‍പ്പിച്ചതായി പോലും അവകാശവാദം ഉയര്‍ന്നിട്ടുണ്ട്. വിശ്വാസികളുടെ അജ്ഞത മുതലെടുത്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ചികിത്സ തക്കസമയത്ത് നല്‍കിയിരുന്നെങ്കില്‍ ജിനു രാജിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മാരക രോഗങ്ങള്‍ വന്നാലോ ശസ്ത്രക്രിയ ആവശ്യമായ കേസുകളില്‍ രക്തം സ്വീകരിക്കാനോ പോലും വിശ്വാസം അനുവദിക്കാത്ത സാഹചര്യത്തില്‍ മരണമല്ലാതെ മറ്റൊരു വഴിയും ഇരകള്‍ക്ക് മുന്നില്‍ ഇല്ല എന്നതാണ് വസ്തുത. മതപുരോഹിതരുടെ നേതൃത്വത്തില്‍ നടത്തുന്ന മന്ത്രവാദ ചികിത്സാ തട്ടിപ്പും വ്യാപകമാണ്. കിഡ്‌നി രോഗങ്ങള്‍, കാന്‍സര്‍, ഹൃദ്രോഗം, മാനസിക രോഗങ്ങള്‍ എന്നിവ പോലും മന്ത്രവാദം നടത്തിയും പ്രാര്‍ഥിച്ച വെള്ളം തളിച്ചും കുടിപ്പിച്ചും ചരടും ഏലസും ഓതിക്കെട്ടിയും ഭേദമാക്കാം എന്നവകാശപ്പെട്ട് വ്യാജ സിദ്ധന്മാരും മന്ത്രവാദികളും മാദ്ധ്യമങ്ങളില്‍ പരസ്യങ്ങള്‍ പോലും കൊടുക്കുന്ന കാലമാണിത്. വലിയ പുരോഗമനം പറയുന്നവരും വിദ്യാസമ്പന്നര്‍പോലും ഇത്തരം കേന്ദ്രങ്ങള്‍ക്കു മുന്നില്‍ പ്രശ്‌നപരിഹാരം തേടി ക്യൂ നില്‍ക്കുകയാണ്. ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ രാമക്കല്‍മേട്ടില്‍ നിധിയെടുക്കുന്നതിനുവേണ്ടി 23 വര്‍ഷം മുന്‍പ് അതിക്രൂരമായ നരബലി നടന്നതു കേരളത്തെ നടുക്കിയ സംഭവമായിരുന്നു. പിതാവും രണ്ടാനമ്മയും ചേര്‍ന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തത്. രാമക്കല്‍മേട്ടിലെ മറ്റൊരു വീട്ടിലും വര്‍ഷങ്ങള്‍ക്കു മുന്‍പു നരബലി ശ്രമമുണ്ടായി. വീട്ടിലെ പാമ്പുശല്യം ഒഴിവാക്കാന്‍ തമിഴ്‌നാട്ടിലെ ചിന്നമന്നൂരില്‍നിന്നെത്തിയ രണ്ടു മന്ത്രവാദികള്‍ നിധിയെടുക്കാന്‍ നരബലി നടത്തണമെന്നാവശ്യപ്പെട്ടു. അപ്പോഴാണ് അയല്‍വീട്ടുകാര്‍ പശുവിനു പാലു കിട്ടുന്നില്ലെന്നു പറഞ്ഞ് മന്ത്രവാദികളെ സമീപിച്ചത്. അവിടെയും മന്ത്രവാദികള്‍ക്കു നിധിദര്‍ശനം ഉണ്ടായി. രണ്ടാമത്തെ വീട്ടുകാരന്‍ ഇരുവീട്ടുകാര്‍ക്കുംവേണ്ടി 10,000 രൂപ നല്‍കി.
അകന്ന ബന്ധത്തിലുള്ള പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നഴ്‌സിങ് പഠനത്തിന് അയയ്ക്കാനെന്നു പറഞ്ഞ്, രണ്ടാമത്തെ വീട്ടുകാരന്‍ വരുത്തി. ആദ്യത്തെ വീട്ടുകാരന്‍ തന്റെ രണ്ടു മക്കളെയും ബലിക്കായി ഒരുക്കി. ഒരു രാത്രി, രണ്ടു വീട്ടിലും നരബലിക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. എന്നാല്‍, ആ സമയത്ത് ഇതുവഴി വന്ന കുറെ ചെറുപ്പക്കാര്‍ ഒരുക്കങ്ങള്‍ കണ്ടു ബഹളമുണ്ടാക്കിയതിനാല്‍ നരബലി നടന്നില്ല. 1981 ഡിസംബറില്‍ അടിമാലിയില്‍നിന്നു പനംകുട്ടിയില്‍ സോഫിയയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇടുക്കി മറന്നിട്ടില്ല. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണു കൊല നടത്തിയതെന്നാണു പൊലീസ് കേസ്. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടത്തുനിന്നു ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെത്തിച്ച യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഇവര്‍ മരിച്ചു. സംഭവത്തെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ കേസ് അവസാനിച്ചു മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ തിരുവനന്തപുരത്തുള്ള വീട്ടുവളപ്പില്‍ നിന്ന് കൂടോത്രം ലഭിച്ചത് ഈയിടെയാണ്. തന്റെ വീട്ടുവളപ്പില്‍ തുടര്‍ച്ചയായി പത്തിലേറെ തവണ കൂടോത്രം വച്ചിരുന്നതായും സുധീരന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. കൂടോത്രം ഫലിച്ചോ ഇല്ലയോ എന്നത് വ്യക്തമല്ല. എന്നാല്‍ സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് പുറത്തുപോകേണ്ടിവന്നു. അത് കൂടോത്രത്തിന്റെ വിജയയോ കൊണ്‍ഗ്രസുകാരുടെ കുതന്ത്രങ്ങളോ? കൂടോത്രത്തന്റെ വിജയമായി വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വിദ്യാസമ്പന്നരും പുരോഗമനവാദികളും ജീവിക്കുന്ന കേരളത്തില്‍ വര്‍ധിച്ചുവരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. നവോത്ഥാന കാലത്ത് ശക്തിയാര്‍ജ്ജിച്ച നവീകരണ പ്രസ്ഥാനങ്ങളുടെയും യുക്തിവാദ പ്രസ്ഥാനങ്ങളുടേയും ഇന്നത്തെ അവസ്ഥയെന്താണ് എന്ന പരിശോധിക്കുമ്പോള്‍ അതിന് ഉത്തരം കിട്ടും. അന്ധവിശ്വാസങ്ങളില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ പതിറ്റാണ്ടുകളോളം പോരാടിയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയവും സാമുദായികവുമായി നേട്ടങ്ങള്‍ക്കായി മത വര്‍ഗീയ ശക്തികളെയും അവര്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളെയും വാരിപ്പുണരുന്ന പരിഹാസ്യമായ കാഴ്ചയാണ് എവിടെയും. ജാതി മതരഹിത സമൂഹം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലും രാമായണ മാസാചരണത്തിന്റെയും, ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെയുമൊക്കെ ഭാഗമാകുന്നു. ഒരു കാലത്ത് അതിശക്തമായി പ്രവര്‍ത്തിച്ചിരുന്ന യുക്തിവാദ സംഘടനകള്‍ ആകെ തളര്‍ച്ചയിലാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന് ഇന്ന് ശാസ്ത്രമില്ല, സാഹിത്യം മാത്രമേയുള്ളു. അതിന്റെയൊക്കെ ഫലമാകട്ടെ യുവ തലമുറയ്ക്ക് യുക്തിചിന്ത നഷ്ടമാകുകയും അവര്‍ മതസംഘടനകളുടെയും സാമുദായിക സംഘടനകളുടേയും പ്രവര്‍ത്തകരും സംഘാടകരുമായി മാറുകയും ചെയ്യുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ശാസ്ത്ര ഏജന്‍സികളായ ഐ.എസ്.ആര്‍.ഒ പോലും ബഹിരാകാശ ദൗത്യം ആരംഭിക്കുന്നതിനുമുമ്പ് പ്രാര്‍ഥനയും പൂജയും നടത്തുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പോലും ആരംഭിക്കുന്ന പദ്ധതികള്‍ക്ക് നല്ലനേരം നോക്കി ഭൂമി പൂജയും ഹോമവും നടത്തുന്നു. മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദികളാകട്ടെ നിലവിളക്കിന്റെ പ്രഭയില്‍ പ്രാര്‍ത്ഥനാഭരിതമാകുന്നു.
വാസ്തു നോക്കാതെ ഇപ്പോള്‍ ആരും വീടു വയ്ക്കാറില്ല. ഒന്നിലധികം 'വാസ്തു വിദഗ്ധ'രെ കണ്‍സള്‍ട്ട് ചെയ്ത് പരസ്പരവിരുദ്ധമായ അഭിപ്രായംകേട്ട് അന്തംവിടുന്നവരുമുണ്ട്. കതകിന്റെയും ജനലിന്റെയും അടുക്കളയുടെയും വാട്ടര്‍ടാങ്കിന്റെയും സ്ഥാനം തെറ്റിയാല്‍ മരണം ഉണ്ടാകുമെന്ന് തട്ടിവിടുന്ന വാസ്തുവിദഗ്ധരെ ധിക്കരിക്കാന്‍ ജനത്തിന് ധൈര്യമില്ല. ആരെങ്കിലും ധിക്കരിക്കാന്‍ ധൈര്യപ്പെട്ടാല്‍ അയാളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നാല്‍ക്കൂടെ അത് വാസ്തുദോഷമായി വ്യാഖ്യാനിക്കപ്പെടും. ലക്ഷ്യബോധമില്ലാതെ ഇങ്ങനെ കേരളം നീങ്ങുന്നത് കണ്ണുകാണാത്ത ഇരുട്ടിലേക്കാണെന്ന് വ്യക്തമാക്കുന്നതാണ് ദിനവും കേള്‍ക്കുന്ന വാര്‍ത്തകള്‍. സാക്ഷര കേരളം വീണ്ടുമൊരിക്കല്‍ കൂടി അന്ധവിശ്വാസികളുടെയും ഭ്രാന്തന്മാരുടേയും നാടായി മാറുകയാണ്. വെളിച്ചത്തിലേക്ക് വഴികാട്ടിയ രക്ഷകര്‍തന്നെ അറിഞ്ഞോ അറിയാതെയോ ഇന്നതിന് കാര്‍മ്മികത്വം വഹിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.

Other News

 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • Write A Comment

   
  Reload Image
  Add code here